ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമന്‍ പാണ്ട ആന്‍ ആന്‍ ഓര്‍മയായി. 35 വയസുവരെ ആരോഗ്യത്തോടെ ജീവിച്ചു. പങ്കാളി 2016ല്‍ മരിച്ചതില്‍ പിന്നെ ആന്‍ ആന്റെ ആരോഗ്യം കുറഞ്ഞ് തുടങ്ങിയിരുന്നു. ആന്‍ ആന്‍ മരിക്കുമ്പോള്‍ പ്രായം 35. മനുഷ്യായുസ്സുമായി താരതമ്യപ്പെടുത്തിയാല്‍, 105 ാം വയസുവരെ ആര്‍മാദിച്ചാണ് ആന്‍ ആന്‍ ഒാര്‍മയാവുന്നത്.
ഹോങ്കോങ്ങിലെ തീം പാര്‍ക്കിലേക്ക് ചൈനീസ് സര്‍ക്കാരിന്റെ സംഭാവനയായിരുന്നു ആന്‍ ആന്‍ എന്ന ആണ്‍ പാണ്ടയും ജിയ ജിയ എന്ന പെണ്‍പാണ്ടയും. ഒാഷ്യന്‍ പാര്‍ക്കിലെത്തുന്നത് 1999ല്‍. സന്ദര്‍ശകരുടെ മനം നിറയ്ക്കാന്‍ ആനും ജിയയും വെറുതെ കുലുങ്ങിച്ചിരിച്ചാല്‍ പോലും മതിയായിരുന്നു. അത്രക്ക് ക്യൂട്ട് ആയിരുന്നു. പലയിനം ഡോള്‍ഫിനുകളും പെങ്ക്വിനുകളും തീം പാര്‍ക്കിലുണ്ടെങ്കിലും ആനും ജിയയുമായിരുന്നു ഷോ സ്റ്റോപ്പേഴ്സ്.
2016ല്‍ ജിയ പോയതോടെ ആന്‍ നിരാശയിലായി. കഴിഞ്ഞ രണ്ടാഴ്ചയായി ആരോഗ്യനില പരിതാപകരമായിക്കൊണ്ടിരുന്നു. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞ് പിന്നെ തീരെ കഴിക്കാതായി. അങ്ങനെ 23 കൊല്ലം കഴിഞ്ഞ ആ കൂട്ടില്‍ക്കിടന്ന് ആന്‍ അന്ത്യശ്വാസം വലിച്ചു. പൂക്കളും പ്രാര്‍തഥനകളുമായി നിരവധിപേര്‍ ആനിന് യാത്രാമൊഴിയേകാനെത്തി. ആനിനും ജിയക്കും പകരമാവില്ല എങ്കിലും അവരെപ്പോലെ കാഴ്ചക്കാരുടെ മനം നിറയ്ക്കാന്‍ ഇപ്പോള്‍ ഒാഷ്യന്‍ പാര്‍ക്കില്‍ ഒരു പ്രണയജോഡിയുണ്ട് യിങ് യിങ് ലീ ലീ.