Mohammad-Zahoor

TAGS

റഷ്യയുമായിട്ടുള്ള യുദ്ധത്തിൽ യുക്രൈൻ സൈന്യത്തിന് യുദ്ധ വിമാനങ്ങൾ സൗജന്യമായി നൽകി വാർത്തയിൽ ഇടംപിടിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ ശതകോടീശ്വരൻ മുഹമ്മദ് സഹൂർ. യുക്രൈൻ സൈന്യത്തിന് വേണ്ടി രണ്ട് യുദ്ധ വിമാനങ്ങൾ ഇദ്ദേഹം നൽകിയെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല യുക്രൈൻ പത്രമായ കീവ് പോസ്റ്റിന്റെ മുൻ ഉടമ കൂടിയാണ് മുഹമ്മദ് സഹൂർ. 

സഹൂറിന്റെ ഭാര്യയും ‌യുക്രേനിയൻ ​ഗായികയുമായ കമാലിയ സഹൂറാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. റഷ്യക്കെതിരായ പോരാട്ടത്തിൽ തന്റെ ഭർത്താവും മറ്റ് സമ്പന്നരായ സുഹൃത്തുക്കളും യുക്രൈനെ നിശബ്ദമായി സഹായിക്കുകയാണ്, യുദ്ധ വിമാനങ്ങൾ നൽകിയ കാര്യം പുറത്തുപറയാൻ ഭർത്താവ് ഇപ്പോഴാണ് സമ്മതിച്ചതെന്നും ഇതുവരെ ഈ വിവരം മറച്ചുവെക്കുകയായിരുന്നെന്നും കമാലിയ പറയുന്നു.  

യുദ്ധത്തിന്റെ അടിയന്തിര ആവശ്യത്തിനായി പണം സ്വരൂപിക്കാനും അഭയാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാനും മുഹമ്മദ് സഹൂർ കഠിനമായി ശ്രമിച്ചിക്കുകയും യുക്രൈനിൽ ഉള്ളവർക്ക്  സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അദ്ദേഹം നിരവധി രാഷ്ട്രത്തലവൻമാരുമായും മറ്റ് സ്വാധീനമുള്ള ആളുകളുമായും കൂടിക്കാഴ്ച നടത്തിയിരുന്നെന്നും കമാലിയ കൂട്ടിച്ചേർക്കുകയും ചെയ്തു. 

മാർച്ചിൽ അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ റഷ്യൻ ആക്രമണത്തിനെതിരെ യുക്രൈനെ പിന്തുണയ്ക്കാനും ഒപ്പം നിൽക്കാനും സഹൂർ ലോക ജനതയോട് ആഹ്വാനം ചെയ്തിരുന്നു. ഏറെ നാൾ യുക്രൈനിൽ താമസിച്ച വ്യക്തി കൂടിയാണ് പാക്കിസ്ഥാൻ വംശജനായ ബ്രിട്ടീഷ് വ്യവസായി മുഹമ്മദ് സഹൂർ.