snake-bite16-4

TAGS

യുഎസിലെ മേരിലാൻഡിൽ ചാൾസ് കൗണ്ടിയിലെ വീട്ടിൽ പാമ്പു കടിയേറ്റ് ഡേവിഡ് റിസ്റ്റൺ എന്നയാൾ മരിച്ചത് ഞെട്ടലുണ്ടാക്കുന്നു. വീടിനകത്ത് വിവിധയിനത്തിൽപ്പെട്ട 124 പാമ്പുകളെയാണ് കണ്ടെത്തിയത്. പൊലീസ് പരിശോധനയിലാണ് മൃതദേഹം കിടന്ന വീട്ടിൽ പാമ്പുകളെ കണ്ടെത്തിയത്. ഇതോടെ സംഭവം വൻവാർത്താപ്രാധാന്യം നേടി. പോസ്റ്റ്മോർട്ടത്തിൽ പാമ്പ് കടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. വിനോദത്തിനായാണ് ഇയാൾ നൂറുകണക്കിനു പാമ്പുകളെ വളർത്തിയതെന്നും അധികൃതർ പറയുന്നു. ഒറ്റയ്ക്കു താമസിക്കുകയായിരുന്നു റിസ്റ്റൺ. വിഷപ്പാമ്പുകളും വിഷമില്ലാത്തവയും റിസ്റ്റൺ വളർത്തിയ കൂട്ടത്തിലുണ്ട്.

 

മേരിലാൻഡിലെ നിയമപ്രകാരം വിഷപ്പാമ്പുകളെ വളർത്തുന്നത് കുറ്റകരമാണ്. തങ്ങളുമായി നല്ല ബന്ധം പുലർത്തിയിരുന്നെങ്കിലും റിസ്റ്റണിന്റെ ഈ അപൂർവ വിനോദത്തെക്കുറിച്ച് തങ്ങൾക്കറിയില്ലായിരുന്നെന്ന് അയൽക്കാർ പറയുന്നു. അയാളുടെ വീട്ടിൽ പാമ്പുകൾ വസിച്ചിരുന്നെന്ന് അയൽക്കാർ അറിയുന്നതുപോലും ഇയാളുടെ മരണശേഷമായിരുന്നു. തികച്ചും പ്രഫഷനലായ രീതിയിൽ ഇരുമ്പുകൂടുകൾക്കുള്ളിലാക്കിയാണ് പാമ്പുകളെ വളർത്തിയിരുന്നത്.

 

10 അടി വരെ വിഷം തുപ്പിത്തെറിപ്പിക്കാൻ കഴിവുള്ള സ്പിറ്റിങ് കോബ്ര, റാറ്റിൽ സ്നേക്ക്, ബ്ലാക്ക് മാംബ തുടങ്ങിയ വിഷപ്പാമ്പുകൾ,16 അടി വരെ നീളം വയ്ക്കുന്ന വമ്പൻ പെരുമ്പാമ്പായ ബർമീസ് പൈത്തൺ ഉൾപ്പെടെയുള്ള പാമ്പുകളെ റിസ്റ്റണിന്റെ വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു.