അധികാരത്തിൽനിന്നു പുറത്തായതിനു പിന്നാലെ പാക്കിസ്ഥാന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വിഷയങ്ങളിൽ വിചാരണ നേരിടേണ്ടി വന്നേക്കുമെന്നു സൂചനകൾ. രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇമ്രാൻ ഖാന്റെയും കൂട്ടാളികളുടെയും ഭാഗത്തുനിന്നുണ്ടായതെന്നും അതിനാൽ അദ്ദേഹത്തിനുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി ഹർജികളാണ് വിവിധ കോടതികളിലായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

 

സൈന്യവും ഇമ്രാനുമായി ഉടക്കിയതിനാൽ അദ്ദേഹത്തിനെതിരെ ഈ കുറ്റങ്ങൾ ചുമത്തപ്പെടാൻ സാധ്യതയേറെയാണെന്ന് പാക്ക് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഇമ്രാൻ ഖാനെതിരെ പാക്ക് ഭരണഘടനയുടെ ആറാം വകുപ്പ് അനുസരിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന ഒരു ഹര്‍ജി ഇസ്‌ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.

 

എന്നാൽ അതിനു പിന്നാലെ സംഘടനകളും വ്യക്തികളും ഉൾപ്പെടെയുള്ളവർ ഹർജികളുമായി വിവിധ കോടതികളെ സമീപിക്കുകയായിരുന്നു. ബലമുപയോഗിച്ചോ അല്ലാതെയോ ഏതെങ്കിലും വിധത്തിൽ രാജ്യത്തിന്റെ ഭരണഘടനയെ അവമതിക്കാനോ അട്ടിമറിക്കാനോ ശ്രമിക്കുന്നത് ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണ് എന്നാണ് പാക്ക് ഭരണഘടനയുടെ ആറാം വകുപ്പ് പറയുന്നത്.

 

പ്രതിപക്ഷ പാർട്ടികൾ‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിടുന്നത് തടയാന്‍ ഇമ്രാൻ ഖാനും കൂട്ടരും ശ്രമിച്ചെന്നതു തന്നെ രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ നടത്താൻ മതിയായ കാരണമെന്നാണ് വിലയിരുത്തൽ. ഇമ്രാനു പുറമെ പാക്ക് പ്രസിഡന്റ് ആരിഫ് അൽവി, ദേശീയ അസംബ്ലി സ്പീക്കർ ആസാദ് ക്വൈസർ, ഡപ്യൂട്ടി സ്പീക്കർ ഖാസിം ഷാ സൂരി, മന്ത്രിമാരായിരുന്ന ഷാ മുഹമ്മദ് ഖുറേഷി, ഫവാദ് ചൗധരി എന്നിവരാണ് പ്രധാനമായും പ്രതിക്കൂട്ടിൽ.