russian-army-rape

യുക്രെയിനിൽ റഷ്യൻ പട്ടാളത്തിന്റെ ക്രൂരതകളുടെ കഥകളാണ് ഓരോ ദിനവും പുറത്തു വരുന്നത്. യുദ്ധത്തിൽ പാലിക്കേണ്ട മാന്യതകൾ ലംഘിക്കുന്നതായിരുന്നു സേനയുടെ പ്രവർത്തികൾ. സാധാരണക്കാരായ പൗരൻമാരും സ്ത്രീകളും കുട്ടികളും മരിച്ചു വീണത് ലോകരാജ്യങ്ങളെത്തന്നെ ഞെട്ടിച്ചു. രക്ഷപ്പെടാനാവുന്നതിനു നിമിഷങ്ങൾക്കു മുൻപ് റഷ്യൻ പട്ടാളത്തിന്റെ പിടിയിലായ ഒരു യുവതിയുടെ ദാരുണാന്ത്യത്തെ കുറിച്ചുള്ള വാർത്ത ലോകമനസാക്ഷിയെ അസ്വസ്ഥമാക്കുന്നതായിരുന്നു. റഷ്യൻ സൈനികർ തടവിലാക്കിയ യുവതി ദിവസങ്ങളോളം അതിക്രൂരമായ പീഡനത്തിന് ഇരയായതായാണ് റിപ്പോർട്ട്. 

 

രണ്ടു കുട്ടികളുടെ അമ്മയായ ടെറ്റിയാന എന്ന യുവതി കീവിന് സമീപമുള്ള മകരിവിലാണ് താമസിച്ചിരുന്നത്. ഈ പ്രദേശം റഷ്യയുടെ അധീനതയിലായതോടെ അവിടെ നിന്നും രക്ഷപ്പെടാൻ ഒരുങ്ങുകയായിരുന്നു ഇവർ. നാടുവിടാനായി സുഹൃത്തിനെ കാത്തു നിൽക്കുന്നതിനിടെയാണ് ടെറ്റിയാന റഷ്യൻസൈനികരുടെ പിടിയിലായത്. മാർച്ചിൽ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. 

 

മകരിവ് നഗരത്തിൽ തന്നെയുള്ള മറ്റൊരു വീട്ടിലാണ് ടെറ്റിയാനയെ റഷ്യൻ സൈനികർ ബന്ദിയാക്കിയത്. ദിവസങ്ങളോളം അതിക്രൂരമായി പീഡിപ്പിച്ചശേഷം ടെറ്റിയാനയെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ടെറ്റിയാനയെ തടവിൽ പാർപ്പിച്ചിരുന്ന സ്ഥലത്തുനിന്നും  നിന്നും ലഭിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയശേഷം യുവതിയുടെ ശരീരം വീടിനു പിന്നിൽ തന്നെ കുഴിച്ചിടുകയും ചെയ്തു. വീടിനുള്ളിലെ കിടക്കയും വിരികളും എല്ലാം രക്തത്തിൽ കുതിർന്ന നിലയിലാണുള്ളത്. യുവതിയുടെ ദയനീയാവസ്ഥയിൽ സമീപ വാസികൾക്കും സഹായിക്കാനായിരുന്നില്ല. കാരണം അവരെയും റഷ്യൻ സൈന്യം ബന്ദികളാക്കിയിരുന്നു. 

 

വീടുകൾക്കുള്ളിൽ തന്നെ കഴിഞ്ഞ ജനങ്ങൾ ജനലുകൾക്കു സമീപത്തേക്ക് നീങ്ങിയാൽ പോലും അവരെ സൈന്യം വെടിവച്ച് ഭയപ്പെടുത്തുകയായിരുന്നു.  യുക്രെയ്നിന്റെ ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥനായ ആന്റോൺ ഗരാഷ്ചെങ്കോയാണ് ടെറ്റിയാനയുടെ ദാരുണമായ കൊലയെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞവർഷമാണ് ടെറ്റിയാനയുടെ ഭർത്താവ് കോവിഡ് ബാധിച്ചു മരിച്ചത്

 

അതേസമയം ടെറ്റിയാന മരിച്ചതറിയാതെ അവരുടെ വളർത്തുനായ റീനി വീടിന്റെ മുറ്റത്ത് തന്നെ കാത്തിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. റഷ്യൻ സൈന്യം ഏറ്റവുമധികം ആക്രമണം അഴിച്ചുവിട്ട മേഖലകളിലൊന്നാണ് മകരിവ്. 130ന് മുകളിൽ യുക്രെയ്ൻ സ്വദേശികളെ  വെടിവച്ചു കൊന്നശേഷം കൂട്ടമായി അടക്കം ചെയ്ത നിലയിൽ ഇവിടെനിന്നും കണ്ടെത്തിയിരുന്നു. നഗരത്തിലെ കെട്ടിടങ്ങളിൽ പകുതിയിലേറെയും ആക്രമണത്തിൽ പൂർണമായും നശിപ്പിക്കപ്പെടുകയും ചെയ്തു.