putin-file-image-2502

TAGS

യുക്രെയ്നിലെ പ്രത്യേക സേനാ ദൗത്യം പരാജയപ്പെട്ടതിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുണ്ടായ സംവാദത്തിനു ശേഷം, റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിന് ഹൃദയാഘാതം ഉണ്ടായെന്നു യുക്രെയ്ൻ മന്ത്രി ആന്റൻ ഗെരാസ്ചെങ്കോ. റഷ്യൻ മന്ത്രിസഭയിലെ രണ്ടാമൻ എന്നു വിശേഷിക്കപ്പെടുന്ന പ്രതിരോധ മന്ത്രിയെ മാർച്ച് 11നുശേഷം, പൊതുഇടങ്ങളിൽ കാണാത്തതിനുള്ള കാരണം ഇതാണെന്നും യുക്രെയ്ൻ മന്ത്രി ആരോപിക്കുന്നു. പിന്നീടു മാർച്ച് 21നാണ് ഇദ്ദേഹത്തെ ടിവിയിൽ കാണാനായത്. എന്നാൽ ടിവി ദൃശ്യങ്ങളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

 

യുക്രെയ്ന്‍ നഗരങ്ങളായ ഹർകീവും കീവും പിടിച്ചടക്കുന്നതിൽ പരാജയപ്പെട്ടതിനു ക്രെംലിൻ നൽകിയ ശിക്ഷയാണ് മന്ത്രി അപ്രത്യക്ഷനായതിനു പിന്നിൽ എന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്. മാധ്യമ സമ്മേളനത്തിനിടെ ചിലർ ഇക്കാര്യം ക്രെംലിനു മുൻപാകെ ഉന്നയിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ മന്ത്രി തിരക്കിലാണെന്നും മാധ്യമ അനുബന്ധ ജോലികൾക്കു തൽക്കാലം സമയമില്ലെന്നുമാണു ക്രെംലിൻ‌ വക്താവു നൽകിയ വിശദീകരണം. 

 

പിന്നാലെയാണ് മന്ത്രി ഉൾപ്പെടുന്ന ദൃശ്യങ്ങൾ ടിവിയിൽ പ്രത്യക്ഷപ്പെട്ടത്. ‘യുക്രെയ്നിലെ സേനാ നീക്കം സംബന്ധിച്ചു ഷോയിഗു ദേശീയ സുരക്ഷാ സമിതിക്കു റിപ്പോർട്ട് നൽകുന്ന തരത്തിലുള്ള ദൃശ്യങ്ങളാണു പ്രചരിച്ചത്. എന്നാൽ, ദൃശ്യങ്ങളിൽ ഷോയിഗു സംസാരിക്കുന്നതായി കാണാനാകുന്നില്ലെന്നും പുട്ടിനുമായി വിഡിയോ കോളിൽ ഉൾപ്പെട്ട വ്യക്തികൾക്കൊപ്പം അദ്ദേഹത്തിന്റെ ചിത്രം മാത്രമുള്ള സാഹചര്യത്തിൽ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയമുണ്ടെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.