Furry-Green-Snake

TAGS

തായ്‌‌ലന്‍ഡില്‍ രോമങ്ങളോടു കൂടിയ, കാഴ്ചയിൽ പാമ്പിനു സമാനമായ വിചിത്ര ജീവിയെ കണ്ടെത്തി. വടക്കുകിഴക്കൻ തായ്‌‌ലന്‍ഡിലാണ് സംഭവം. പ്രദേശവാസിയായ ഒരാളാണ് ജീവിയെ വഴിയിൽ വച്ച് കണ്ടത്. കൗതുകം തോന്നിയതോടെ അതിനെ ഒരു ജാറിലാക്കി വീട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നു. രണ്ടടിയോളം നീളമുണ്ട് ഇതിന്.

 

അധികൃതരെ വിവരമറിയിക്കുകയും അവർ എത്തുന്നതു വരെ ജീവിയെ ഒരു പാത്രത്തിൽ വെള്ളം നിറച്ച് സൂക്ഷിക്കുകയും ചെയ്തു. ചെറിയ മീനിനെ കഴിക്കാനും നൽകി. ഇതിനിടെ മറ്റൊരാൾ ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഒരുപക്ഷേ ഇത് വെള്ളത്തിൽ ജീവിക്കുന്ന തരം പാമ്പായിരിക്കാമെന്നും ഇതിന്റെ ശരീരത്തിൽ കാണുന്നത് ചെതുമ്പലിൽ പിടിച്ചിരിക്കുന്ന പായലാകാം എന്നുമാണ് വിദഗ്ദരുടെ കണ്ടെത്തല്‍. ചെതുമ്പൽ കൊഴിയുന്നതിനൊപ്പം പാമ്പിന്റെ ശരീരത്തിൽ കാണുന്ന പായലും പോകുമെന്നും അവർ വ്യക്തമാക്കുന്നു. ഇവ സാധാരണയായി കാണപ്പെടുന്നത് തെക്കുകിഴക്കൻ ഏഷ്യയിലാണ്. ചെറിയ മീനുകളും തവളകളുമാണ് ഇവയുടെ ഭക്ഷണം.