india-afgan-wheat

TAGS

താലിബാൻ ഭരണത്തിലേറിയതിന് പിന്നാലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാൻ ജനത നേരിടുന്നത്. കടുത്ത ഭക്ഷ്യക്ഷാമം അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ അഫ്ഗാൻ ജനത്തിന് താങ്ങാകാൻ ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങൾ സഹായം നൽകി രംഗത്തെത്തിയിരുന്നു. ഗോതമ്പ് അടക്കമുള്ള ഭക്ഷ്യസാധനങ്ങൾ ഇന്ത്യ അഫ്ഗാനിലെ സാധാരണക്കാർക്ക് നൽകാൻ എത്തിച്ചുനൽകി. ഇന്ത്യ അയച്ചുനൽകിയ ഗോതമ്പ് മികച്ച നിലാവാരത്തിലുള്ളതാണെന്നും എന്നാൽ പാക്കിസ്ഥാൻ എത്തിച്ച് നൽകിയത് പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത മോശം ഗോതമ്പുമാണെന്ന് താലിബാൻ നേതാക്കൾ തന്നെ വെളിപ്പെടുത്തി. ഇതിന്റെ വിഡിയോ ഇപ്പോൾ വൈറലാണ്. 

 

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ മികച്ച നിലവാരത്തിലുള്ള ഗോതമ്പ് നല്‍കിയ ഇന്ത്യയെ വാഴ്ത്തി അഫ്ഗാനിലെ മാധ്യമപ്രവർത്തകർ അടക്കം രംഗത്തെത്തിയിട്ടുണ്ട്. പിന്നാലെ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വിഡിയോയും വാക്കുകളും വൈറലായി. 50,000 മെട്രിക് ടൺ ഗോതമ്പാണ് മൊത്തത്തിൽ ഇന്ത്യ അഫ്ഗാനിൽ എത്തിച്ച് നൽകുന്നത്. ഒപ്പം ജീവൻരക്ഷാ മരുന്നുകളും എത്തിച്ചുകൊടുക്കുന്നുണ്ട്. രണ്ടാം ഘട്ട ദൗത്യത്തിന്റെ ഭാഗമായി രണ്ടായിരം മെട്രിക് ടൺ ഗോതമ്പുമായി വ്യാഴാഴ്ച പ‍ഞ്ചാബിലെ അമൃത്സറിൽ നിന്ന് വാഹനങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് നൽകി അഫ്ഗാൻ ജനതയ്ക്ക് കൈത്താങ്ങാകുന്നത്.