റഷ്യൻ പ്രഡിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിൽ ഏതെങ്കിലും തരത്തിലുള്ള അധിനിവേശം ഉണ്ടായാൽ റഷ്യ വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. ഒരു മണിക്കൂറിലേറെ നീണ്ട സംഭാഷണത്തിൽ, സംഘർഷാവസ്ഥ ലഘൂകരിക്കണമെന്നും യുക്രെയ‌്നുമായി നയതന്ത്രത്തിൽ ഏർപ്പെടണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.
ആക്രമണ മുന്നറിയിപ്പിനെ തുടർന്ന് യുക്രെയ്നിൽനിന്ന് മിക്ക യുഎസ് എംബസികളെയും ഒഴിപ്പിക്കുകയും ഫ്ലോറിഡ നാഷനൽ ഗാർഡിൽനിന്ന് 140 സൈനികരുടെ ചെറിയ സംഘത്തെ രാജ്യത്തുനിന്ന് പിൻവലിക്കുകയും ചെയ്തു. ഇതിനു മണിക്കൂറുകൾക്കകമാണ് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചത്. ഇതിലൂടെ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിവരം.
ബുധനാഴ്ചയ്ക്കകം റഷ്യ യുക്രെയ്ൻ ആക്രമിച്ചേക്കുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. യുക്രെയ്ൻ അതിർത്തിയിൽ ആഴ്ചകളായി ഒരുലക്ഷത്തിലേറെ റഷ്യൻ സൈനികരാണ് യുദ്ധസജ്ജരായി നിലയുറപ്പിച്ചിട്ടുള്ളത്. യുക്രെയ്നു തെക്ക് ബെലാറൂസ് അതിർത്തിയിൽ കഴിഞ്ഞ 10 ദിവസമായി റഷ്യൻ പട്ടാളം സൈനികാഭ്യാസം നടത്തിവരികയാണ്.
യുക്രെയ്നിൽനിന്ന് റഷ്യ 8 വർഷം മുൻപ് പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപ് തീരത്തു റഷ്യയുടെ 6 യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും അഭ്യാസം തുടങ്ങി. എന്നാൽ, ആക്രമണ പദ്ധതി ഇല്ലെന്നാണു റഷ്യ ആവർത്തിക്കുന്നത്.