കുലയിലെ ഒരു മുന്തിരിക്ക് മാത്രം 20 ഗ്രാം ഭാരം, ഒരെണ്ണം വിറ്റുപോയത് 35000 രൂപക്ക്. അത്ര നിസാരക്കാരനല്ല ഈ പഴം. . ‘റൂബി റോമൻ ഗ്രേപ്സ്’ എന്നാണ് ഈ അപൂർവ മുന്തിരിയുടെ പേര്. തേനൂറുന്ന മധുരവും അസാധ്യ രുചിയും വലുപ്പവും ചുവന്ന നിറവുമൊക്കയാണ് ഈ മുന്തിരിയുടെ പ്രത്യേകതകൾ.
2008 ലാണ് അപൂർവ മുന്തിരി വിപണിയിലെത്തിയത് . ജപ്പാനിലെ ഇഷിക്കാവാ എന്ന സ്ഥലത്താണ് ഇവയെ വിളയിച്ചെടുത്തത്. 2019ൽ നടന്ന ലേലത്തിൽ ഒരു കുല മുന്തിരി വിറ്റുപോയത് 7.55,000 രൂപയ്ക്കാണ്. കുലയിലെ ഒരു മുന്തിരിക്ക് മാത്രം 35000 രൂപയായിരുന്നു വില. കനാസാവായിലുള്ള ഹിയാക്കുരാകുസോ എന്ന കമ്പനിയാണ് മുന്തിരി മുഴുവനായും വാങ്ങിയത്. അന്നു മുതല്‍ റൂബി റോമൻ ഗ്രേപ്സ് വിപണിയിലെ താരമായി മാറി.
സമാനമായൊരു മാമ്പഴത്തിന്റെ വാർത്തയും കഴിഞ്ഞ മാസം സമൂഹമമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. മധ്യപ്രദേശിലെ തോട്ടത്തിൽ വിളഞ്ഞ മിയാസാക്കി മാമ്പഴമാണ് അന്ന് വാർത്തകളിൽ നിറഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങയാണ് ജപ്പാനിലെ മിയാസാക്കി മാങ്ങകൾ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള മാവിൻ തോട്ടത്തിൽ കള്ളന്മാരെ ഭയന്ന് രണ്ട് ചെറിയ മാവുകളിലായി കായ്ചു നിൽക്കുന്ന ഏഴു മാങ്ങകൾ സംരക്ഷിക്കാൻ 4 സുരക്ഷാ ഉദ്യോഗസ്ഥരെയും 6 നായകളെയും ഉടമകൾ ഏർപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് രണ്ടര ലക്ഷത്തിലധികം രൂപ വില ലഭിക്കുന്ന മാങ്ങകളാണിവ. മുൻവർഷങ്ങളിൽ മാങ്ങകൾ മോഷണം പോയിരുന്നു.