അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന് മുന്നേറ്റം. റിപ്പബ്ലിക്കൻ ശക്തി കേന്ദ്രമായ ജോർജിയയിൽ ബൈഡൻ അട്ടിമറി ലീഡ് നേടി. ഫലം വരാനുള്ള നാല് നിർണായക സംസ്ഥാനങ്ങളിൽ മൂന്നിലും ബൈഡനാണ് മുന്നിൽ. ജനവിധി അംഗീകരിക്കില്ലെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ജോര്‍ജിയ സംസ്ഥാനമാണ് ഭരണത്തുടർച്ച എന്ന ഡോണൾഡ് ട്രംപിൻ്റെ പ്രതീക്ഷകൾക്ക് പ്രധാന വെല്ലുവിളിയായത്. 1996 ന് ശേഷം പാർട്ടിയെ കൈവിട്ടിട്ടില്ലാത്ത അരിസോണ നീലയണിയുന്നതും ഞെട്ടലോടെയാണ് ടീം ട്രംപ് നോക്കിക്കാണുന്നത്. നെവാഡയിലും ബൈഡൻ തന്നെ മുന്നിൽ. പെന്‍സില്‍വേനിയയിൽ ട്രംപിൻ്റെ ലീഡ് നില കുറഞ്ഞു വരികയാണ്. രാത്രി രണ്ടു മണിക്ക് ട്വിറ്ററിൽ പ്രസിഡൻ്റ് പറഞ്ഞു. യഥാർഥത്തിൽ ജയിച്ചത് ഞാനാണ്. തിരഞ്ഞെടുപ്പ് അട്ടിമറിയിൽ സുപ്രീം കോടതി ഇടപെടണം
കോവിഡ് ഭീതി മാറാത്ത രാജ്യത്ത് നേരത്തെ വോട്ട് ചെയ്യാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ അണികളെ ആഹ്വാനം ചെയ്തിരുന്ന ഡെമോക്രാറ്റ് ക്യാംപ് കാത്തിരുന്നത് ഈ വോട്ടുകള്‍ക്കായാണ്. എല്ലാ വോട്ടും എണ്ണണം എന്ന ബൈഡന്‍ ആവര്‍ത്തിച്ച് പറയുന്നതും അതുകൊണ്ടു തന്നെ.
തിരഞ്ഞെടുപ്പില്‍ കള്ളത്തരമെന്ന ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും അസംതൃപ്തിയുണ്ട്. അമേരിക്കന്‍ ജനാധിപത്യത്തെ ലോകത്തിന് മുന്നില്‍ പരിഹസിക്കരുതെന്ന് ചില റിപ്പബ്ലിക്കന്‍ നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടു. ഓരോ വോട്ടും എണ്ണണം എന്നാവശ്യപ്പെട്ട് വിവിധ നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പലയിടത്തും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരം ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.
അരിസോണയും നെവാഡയുമോ പെന്‍സില്‍വേനിയ മാത്രമോ ജയിച്ചാലും ജോ ബൈഡന്‍ കമല ഹാരിസ് ടീമിന് വിജയിക്കാം. ജോര്‍ജിയ കൂടി കിട്ടിയാല്‍ വ്യക്തമായ ഭൂരിപക്ഷമാകും. ഫലം വരാനുള്ള നോര്‍ത്ത് കരോളൈനയും അലാസ്കയും ട്രംപിന് അനുകൂലമാവും.