പേരു മാത്രമല്ല അധികാരവുമുണ്ടെന്നു ചൈന വീമ്പിളിക്കുന്ന, ‘സ്വന്തം മണ്ണായി’ കരുതുന്ന ദക്ഷിണ ചൈന കടലിന്റെ നടുക്ക് യുഎസിന്റെ പടപ്പുറപ്പാട്. രാജ്യാന്തരവേദികളിലെ വാക്പ്പോരിലും ആയുധപരീക്ഷണം നടത്തിയും മറ്റും സ്വന്തമെന്നു സ്ഥാപിക്കാന്‍ ചൈന പലപ്പോഴും ലക്ഷ്യമിടുന്ന മേഖലയിലാണ് അമേരിക്കയുടെ പടക്കപ്പലുകൾ ഇരമ്പിയെത്തി കാഹളം മുഴക്കുന്നത്. രണ്ടു വിമാനവാഹിനി കപ്പലും അനേകം യുദ്ധക്കപ്പലുകളും വരുംദിവസങ്ങളിൽ ദക്ഷിണ ചൈനാ കടലിൽ എത്തുമെന്നും സൈനികാഭ്യാസം നടത്തുമെന്നും യുഎസ് നാവിക സേന അറിയിച്ചു. ദക്ഷിണ ചൈനാ കടൽ ആരുടേതാണെന്ന തർക്കം മൂക്കുകയും ചൈന നാവികാഭ്യാസം നടത്തുകയും ചെയ്യുന്ന അതേനേരത്തുതന്നെയാണ് യുഎസിന്റെയും പടനീക്കം.
പസിഫിക് സമുദ്രത്തിലും സാന്നിധ്യമായിരുന്ന യുഎസ്‌എസ് നിമിറ്റ്സ്, യുഎസ്‌എസ് റൊണാൾഡ് റീഗൻ എന്നീ വിമാനവാഹിനി കപ്പലുകളാണു ദക്ഷിണ ചൈന കടലിൽ അണിനിരക്കുക. ഫിലിപ്പീൻസ് കടലിലും ഇവ കർമനിരതമാണ്. ‘മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നു സഖ്യകക്ഷികൾക്കും പങ്കാളികൾക്കും സ്പഷ്ടമായി ബോധ്യപ്പെടുത്തുകയാണ് ഈ സൈനിക പ്രകടനം കൊണ്ടുദ്ദേശിക്കുന്നത്.’– റിയർ അഡ്മിറൽ ജോർജ് എം.വിക്കോഫ് പറഞ്ഞു. ചൈനയുടെ നാവികാഭ്യാസത്തിനുള്ള മറുപടിയല്ല ഇതെന്നും റിയർ അഡ്മിറൽ പറഞ്ഞെങ്കിലും അതാണെന്നു പകൽ പോലെ വ്യക്തം.
അഞ്ചു ദിവസം നീളുന്ന ശക്തിപ്രകടനത്തിന്റെ ഭാഗമായി ബുധനാഴ്ചയാണു കടലിൽ ചൈനയുടെ സൈനികാഭ്യാസം തുടങ്ങിയത്. നാവികസേന കപ്പലുകളും കോസ്റ്റ്ഗാർഡുമാണു പങ്കെടുക്കുന്നത്. ‘ഇവിടെയുള്ള ദ്വീപുകൾ നോട്ടമിട്ടവരെയും കൈവശം വച്ചവരെയും സ്വന്തം ശക്തി എത്ര മാത്രമുണ്ടെന്നു തെളിയിക്കുകയാണ് ഇതുകൊണ്ട് ചൈന ഉദ്ദേശിക്കുന്നത്. ഇവിടേക്കു സർവശക്തരായി വരാനാവുമെന്ന മുന്നറിയിപ്പ് ദ്വീപുകളുടെ അധികാരം കയ്യാളുന്ന തെക്കുകിഴക്കനേഷ്യയിലെ മറ്റു രാജ്യങ്ങൾക്കു നൽകുകയും ലക്ഷ്യമിടുന്നു’– നാവിക വിദഗ്ധനും വാഷിങ്ടൻ കേന്ദ്രമായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെല്ലോയുമായ ബ്രയൻ ക്ലർക് പറഞ്ഞു.
‘ഇന്തോ–പസിഫിക് മേഖലയിൽ അഭിവൃദ്ധിയും സുരക്ഷയും സ്ഥിരതയും കൊണ്ടുവരികയാണു പടക്കപ്പലുകളുടെ സാന്നിധ്യം കൊണ്ട് യുഎസ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയപരമോ ലോകത്തിലെ ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആയ പ്രതികരണമല്ല ഇത്. നമ്മുടെ സേനയ്ക്ക് അത്യാധുനിക പരിശീലന അവസരങ്ങൾ ഒരുക്കുക, യുദ്ധമുന്നണിയിലെ പോരാളികൾക്ക് ഏതവസ്ഥയിലും പൊരുതാനുള്ള വഴക്കം സൃഷ്ടിക്കുക, മേഖലയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക തുടങ്ങിയ കാര്യങ്ങളാണു ഉന്നം വയ്ക്കുന്നത്’– യുഎസ് നാവികസേനയുടെ സെവൻത് ഫ്ലീറ്റ് വക്താവ് ലഫ്. ജോ ജെയ്‌ലി അഭിപ്രായപ്പെട്ടു.
നാവികസേനയുടെ പ്രകടനം ഏറെക്കാലം മുമ്പേ തീരുമാനിച്ചതാണെന്നും ഇതേസമയത്തുതന്നെയാണു ചൈന പാരാസെൽ ദ്വീപിൽ സൈനികാഭ്യാസം നടത്താൻ ഒരുങ്ങിയതെന്നുമാണു യുഎസിന്റെ വിശദീകരണം.
ചൈനയുടെ പ്രകടനത്തോടു യുഎസ് ശക്തമായ രീതിയിലാണു പ്രതികരിച്ചത്. ‘തർക്കപ്രദേശമായ ദക്ഷിണ ചൈന കടലിൽ സൈനിക പരിശീലനം നടത്താനുള്ള പീപ്പിൾ ലിബറേഷൻ ആർമിയുടെ (പിഎൽഎ) തീരുമാനത്തോടു ഞങ്ങളുടെ തെക്കുകിഴക്കനേഷ്യൻ സുഹൃത്തുക്കൾക്കുള്ള എതിർപ്പിനെ യുഎസ് അംഗീകരിക്കുന്നു. അതീവ പ്രകോപനം സൃഷ്ടിക്കുന്നതാണു ചൈനയുടെ നടപടി. ബെയ്ജിങ്ങിന്റെ നിയമവിരുദ്ധമായ അവകാശവാദങ്ങളെ ഞങ്ങൾ എതിർക്കുന്നു.’– സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.
കഴിഞ്ഞു പോയ ആഴ്ചകളിൽ ചൈനയ്ക്കു കനത്ത വെല്ലുവിളി ഉയർത്തി പസഫിക് സമുദ്രത്തിലും യുഎസ് പടയൊരുക്കം നടത്തിയിരുന്നു. മൂന്നു വൻ വിമാനവാഹിനി കപ്പലുകളുമായി അണിനിരന്ന യുഎസിന്റേത് അസാധാരണ സേനാവിന്യാസമായി വിലയിരുത്തപ്പെട്ടു. വർഷങ്ങൾക്കു ശേഷമായിരുന്നു ചൈനയ്ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പൽ യുഎസ് നാവികസേന വിന്യസിച്ചത്. ഇതിന്റെ തുടർച്ചയായാണു ദക്ഷിണ ചൈന കടലിലെ നാവിക പരിശീലനവും. യുഎസ്‌എസ് റൊണാൾഡ് റീഗൻ, യുഎസ്‌എസ് തിയോഡോർ റൂസ്‌വെൽറ്റ് എന്നിവ പടിഞ്ഞാറൻ പസിഫിക്കിലും യുഎസ്‌എസ് നിമിറ്റ്സ് കിഴക്കു ഭാഗത്തുമാണു പട്രോളിങ് നടത്തിയത്.
ഓരോ കപ്പലിലും അറുപതിലേറെ പോർവിമാനങ്ങളാണുള്ളത്. 2017ൽ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികളെ തുടർന്നുള്ള വിന്യാസത്തിനു ശേഷം പസിഫിക് സമുദ്രത്തിൽ ഇത്രയും യുഎസ് സേനാസാന്നിധ്യം ആദ്യമായിട്ടായിരുന്നു. ഇതിൽ ചൈന ഏറെ അസ്വസ്ഥപ്പെടുകയും ചെയ്തു. മേഖലയിലെ ബലതന്ത്രത്തിൽ പിന്തള്ളപ്പെടുമോയെന്ന ഭയത്തിലാണ് അതിവേഗം ചൈനീസ് നാവികപ്പട ദക്ഷിണ ചൈന കടലിൽ അഭ്യാസങ്ങളുമായി പ്രത്യക്ഷപ്പെട്ടത്. നേരത്തെ വ്യാപാരത്തർക്കത്തിൽ രണ്ടു പക്ഷത്തായ യുഎസും ചൈനയും കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെച്ചൊല്ലിയും കടുത്ത വാക്പോരിലാണ്.
മാവോ സെ ദൂങ്ങിന്‍റെ കാലം മുതല്‍ ദക്ഷിണ ചൈന കടൽ ആരുടേതാണെന്ന തർക്കം സജീവമാണ്. ദക്ഷിണ ചൈനാക്കടലിലുള്ള അവകാശത്തിനു രണ്ടായിരം വർഷത്തെ പഴക്കമുണ്ടെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. 1948 ൽ കടലിന്‍റെ ഭൂപടത്തിൽ 9 വരകളിട്ട് ചൈന അടയാളപ്പെടുത്തിയ മേഖലകളെല്ലാം അവരുടേതാണെന്നാണു വാദം. ഫിലിപ്പീൻസ്, വിയറ്റ്‌നാം, മലേഷ്യ, തയ്‌വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളും മേഖലയില്‍ അവകാശവാദമുന്നയിക്കുന്നു. വൻ എണ്ണനിക്ഷേപമുള്ള മേഖലയിൽ സമ്പൂർണാധിപത്യമാണു ചൈനയുടെ ലക്ഷ്യം. ആഗോള ചരക്കുനീക്കത്തിന്റെ വലിയപങ്കും ഈ വഴിയാണ്; പാനമ കനാലിലൂടെയുള്ളതിന്റെ മൂന്നിരട്ടിയും സൂയസ് കനാലിലൂടെയുള്ളതിന്റെ അഞ്ചിരട്ടിയും വരുമിത്.
കൊറോണവൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ വിവരം പുറംലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്നും നടപടിയെടുക്കണമെന്നും നിരന്തരമായി യുഎസും പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെടുന്നതിനിടെയാണ് സൈനിക നീക്കം. തർക്കത്തിലുള്ള ദക്ഷിണ ചൈനാ കടലിലെ സൈനികരെ ഭയപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നു ചൈനയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസും ചൂണ്ടിക്കാട്ടി.
‘വിമാനവാഹിനി കപ്പലുകളുടെ വിന്യാസത്തിലൂടെ യുഎസ് ഒരു കാര്യം തെളിയിക്കാനാണു ശ്രമിക്കുന്നത്; പസിഫിക് മേഖലയിലെയും ലോകത്തിലെ ആകെത്തന്നെയും ഏറ്റവും കരുത്തരായ നാവിക ശക്തിയാണ് അമേരിക്ക എന്നത്. ദക്ഷിണ ചൈന കടലിൽ പ്രവേശിച്ച്, ക്സിഷാ– നാൻഷാ ദ്വീപുകളിലെ (പാരാസെൽ – സ്പ്രാറ്റ്ലി) ചൈനീസ് പട്ടാളക്കാരെ ഭയപ്പെടുത്തുകയാണ്. മാത്രമല്ല, സമീപത്തു കൂടെ സഞ്ചരിക്കുന്ന ജലയാനങ്ങളെയും ഭീഷണിപ്പെടുത്തുന്നു. ആധിപത്യ രാഷ്ട്രീയം പയറ്റുകയാണു യുഎസ് ലക്ഷ്യം’.– ബെയ്ജിങ്ങിലെ നേവൽ വിദഗ്ധൻ ലി ജീയെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് അഭിപ്രായപ്പെട്ടു.
വിമാനവാഹി കപ്പലുകളും യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും പസിഫിക്കിലും യുഎസ് വിന്യസിച്ചിട്ടുണ്ട്. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുമ്പോഴും അടിയന്തര സാഹചര്യം കണക്കിലെടുത്താണു ഗുവാമിൽ പട്രോളിങ് നടത്തുന്നതിനിടെ തിയോഡോർ റൂസ്‌വെൽറ്റ് ഇവിടെ എത്തിയത്. കോവിഡ് ഭീതി മുതലെടുത്തു ദക്ഷിണ ചൈന കടലിൽ കൂടുതൽ പ്രദേശങ്ങൾ ചൈന പിടിച്ചടക്കുന്നുണ്ടെന്ന സൂചനകളെ തുടർന്നായിരുന്നു യുഎസ് നീക്കം. മേയിലും ചൈനയ്ക്കെതിരെ അമേരിക്കയുടെ അപ്രതീക്ഷിത നടപടിയുണ്ടായി. ദക്ഷിണ ചൈനാക്കടലിലെ തർക്ക പ്രദേശത്തിന് സമീപം നാല് ബി-1 ബി ഹെവി ബോംബറുകളെയും നൂറുകണക്കിനു സൈനികരെയുമാണു യുഎസ് വ്യോമസേന വിന്യസിച്ചത്.