usa-15

TAGS

സാമൂഹിക അകലം പാലിക്കൽ 2022 വരെ യുഎസിൽ തുടരണമെന്ന് ഹാർവഡ് സർവകലാശാലയിലെ ഗവേഷകർ. ഒറ്റ ലോക്ഡൗൺ കൊണ്ട് കോവിഡിനെ തുരത്താനാവില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. യുഎസിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

പരിശോധനകൾ വ്യാപകമാക്കണം. ചികിൽസയും വാക്സിനും കണ്ടെത്തിയാൽ മാത്രമേ ലോക്ഡൗണിൽ ഇളവ് നൽകുന്നതിനെ കുറിച്ച് ചിന്തിക്കാവൂവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സ്റ്റീഫൻ കിസ്​ലറുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

യുഎസിൽ കോവിഡ് രോഗികള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ രോഗികളുടെ എണ്ണം വർധിച്ചേക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആശുപത്രികളുടെ ശേഷി വർധിപ്പിക്കുന്നതിൽ അടിയന്തര ശ്രദ്ധ നൽകേണ്ടതുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വന്ന് ഭേദമായവരിൽ ഒരു വർഷം വരെ രോഗപ്രതിരോധ ശേഷി നീണ്ടുനിൽക്കാമെന്നാണ് ഗവേഷകരുടെ അനുമാനം.

ഇതിനിടെ, ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,26,757 ആയി. 20,00, 231 പേരിൽ രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ മാത്രം മരണം 26,064 ആയി. അതേസമയം രോഗബാധിതരുടെ എ ണ്ണം സംബന്ധിച്ച് ബ്രിട്ടൻ പുറത്തുവിട്ട കണക്കുകൾ ശരിയല്ലെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

ആറു ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച അമേരിക്കയിൽ തന്നെയാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്ന ബ്രിട്ടനിൽ 12000 ത്തിൽ അധികം പേർ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ ഇതിലും 15 ശതമാനത്തിലധികം കൂടുതലാണ് യഥാർത്ഥ കണക്കുകൾ എന്ന് ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടനിലെ കെയർ ഹോമുകളിൽ കോവിഡ് ബാധിച്ച ആയിരത്തിലധികം പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. വേണ്ട സമയത്ത് മുന്നൊരുക്ക നടപടികൾ സ്വീകരിക്കാത്ത ഇത് ബോറിസ് ജോൺസന് എതിരെയും പ്രതിഷേധം ശക്തമാവുകയാണ്.

ഇംഗ്ലണ്ടിലും വെയിൽസിലും ആണ് മരണസംഖ്യ ഏറ്റവും കൂടുതൽ. മരണസംഖ്യ 15,000 കടന്ന ഫ്രാൻസ് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാമതായി. കോവിഡ് പടരുന്നതിന് ഇടയിലും ദക്ഷിണകൊറിയയിൽ ദേശീയ തെരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യത്ത് സജ്ജീകരിച്ചിരിക്കുന്ന 14000 ബൂത്തുകളിൽ എത്തുന്നവരെ വോട്ടെടുപ്പിനു മുമ്പ് കർശന പരിശോധനകൾക്ക് വിധേയമാക്കുന്നു. കോവിഡ് ബാധിച്ച വാർഡിൽ കഴിയുന്ന 13,000 പേർക്കും വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്. നൈജീരിയയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ള ലഗോസിൽ കലാപം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. റഷ്യയിൽ രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നു. അതേസമയം ആയിരത്തിലധികം കടകൾ തുറന്ന ഓസ്ട്രേലിയ യൂറോപ്പിൽ കർശന നിയന്ത്രണങ്ങൾ നീക്കുന്ന ആദ്യത്തെ രാജ്യമായി.