ഉറവിടമേതെന്ന് ഇന്നുമറിയാത്ത രോഗം, ലോകത്ത് അഞ്ചു കോടിയിലേറെപ്പേരുടെ ജീവനെടുത്ത രോഗം. നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19 ന് ലോകമൊന്നാകെ സാക്ഷ്യം വഹിക്കുന്ന നാളുകളിൽ പിന്നിട്ട നൂറ്റാണ്ടിനെ പിടിച്ചുകുലുക്കിയ മഹാമാരിയായ സ്പാനിഷ് ഫ്ലൂവിന്റെ ഓർമ പോലും ഭീതി ജനിപ്പിക്കുന്നതാണ്.
സ്വന്തം ദേശത്ത് ഉത്ഭവിച്ചിട്ടല്ല സ്പെയിനിന് ആ നാണക്കേടുണ്ടായത്. ലോകമാകെ നാശം വിതറിയ ‘സ്പാനിഷ് ഫ്ലൂ’ എന്ന മഹാവ്യാധിക്ക് സ്പെയിനിലെ ഏതെങ്കിലും പ്രദേശമായോ ജനതയുമായോ കാര്യമായ ബന്ധമൊന്നുമുണ്ടായിരുന്നില്ല. രോഗവ്യാപനത്തിലും സ്പെയിനിന് പങ്കുണ്ടായിരുന്നില്ല. എന്നാൽ വർഷം 100 പിന്നിട്ടിട്ടും ലോകത്തെ വിറപ്പിച്ച ആ മഹാദുരന്തം ഇന്നും ‘സ്പാനിഷ് ഫ്ലൂ’ എന്ന പേരിൽ അറിയപ്പെടുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങൾക്ക് ഏറെ നിയന്ത്രണമുണ്ടായിരുന്ന കാലം. യുദ്ധത്തിന്റെ തീവ്രതയോ മരണസംഖ്യയോ പ്രസിദ്ധീകരിക്കുന്നതിൽ ഈ രാജ്യങ്ങളിലെ പത്രങ്ങൾക്കൊക്കെ കാര്യമായ വിലക്ക് നിലവിലുണ്ടായിരുന്നു. സ്പെയിൻ ആകട്ടെ ഈ യുദ്ധത്തിൽ കാര്യമായി പങ്കെടുത്തിരുന്നില്ല. അതിനാൽ സ്പെയിനിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെയായിരുന്നു പത്രങ്ങൾ പ്രവർത്തിച്ചുവന്നതും.
പുതിയ ഒരുതരം പനിയുടെ വ്യാപനവും അതുമൂലമുള്ള മരണനിരക്കും സ്പാനിഷ് പത്രങ്ങളിലൂടെയാണ് പ്രധാനമായും ലോകമറിഞ്ഞതും. സ്പെയിനാണ് രോഗവ്യാപനത്തിന്റെ കേന്ദ്രബിന്ദു എന്ന തെറ്റിദ്ധാരണയാണ് ഇതുണ്ടാക്കിയത്. ഫലം അന്നത്തെ മഹാമാരിക്ക് ‘സ്പാനിഷ് ഫ്ലൂ’ എന്ന പേരും. ഏതെങ്കിലും പ്രദേശത്തിന്റെ പേരിൽ മഹാവ്യാധികളോ രോഗങ്ങളോ അറിയപ്പെട്ടാൻ പാടില്ല എന്ന് ആരോഗ്യവിദഗ്ദർ പിന്നീട് തീരുമാനിച്ചതും ചരിത്രം.
ലോകം ഏക്കാലത്തും നേരിട്ട വലിയ മഹാവ്യാധികളിലൊന്നാണ് 1918 ൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ലൂ. ആധുനിക മനുഷ്യചരിത്രത്തിൽ ഏറ്റവുമധികം മരണം വിതച്ച മഹാമാരി. ലോകസമ്പദ് ഘടനയെ തകർത്ത മഹാവിപത്തായിരുന്നു അത്. ‘മഹാമാരികളുടെ മാതാവ്’ എന്നും സ്പാനിഷ് ഫ്ലൂ ലോകചരിത്രത്തിൽ അറിയപ്പെടുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ (1914–18) അലയൊലികൾ അവസാനിക്കാറായപ്പോഴാണ് രോഗത്തിന്റെ ദുരന്തമുഖം ലോകമാകെ തുറന്നത്. 1918 ജനുവരിയിലായിരുന്നു ഈ മഹാവിപത്തിന്റെ വിവരം പുറത്തുവന്നു തുടങ്ങുന്നത്. ലോകജനസംഖ്യയുടെ നാലിലൊന്നിനെയും ബാധിച്ച ഒരു പനിയായി അതു മാറി. ലോകത്ത് ഏതാണ്ട് 50 കോടി ജനത്തിനു രോഗം ബാധിച്ചതായി കണക്കാക്കുന്നു. അഞ്ചു കോടിയിലേറെപ്പേർ രോഗബാധയിൽ മരിച്ചതായാണ് കണക്കുകൾ. എന്നാൽ ലോകമാകമാനം പത്തുകോടി പേരുടെയെങ്കിലും മരണത്തിന് ഇത് ഇടയാക്കിയെന്നാണ് അനൗദ്യോഗിക കണക്കുകൾ.
ഇന്ത്യയിൽ ബോംബൈയിലായിരുന്നു(ഇന്നത്തെ മുംബൈ) രോഗവ്യാപനത്തിന്റെ തുടക്കം. വിദേശത്തു സേവനമനുഷ്ഠിച്ച സൈനികരിൽ, രോഗികളായവരിൽ ചിലർ കൂട്ടത്തോടെ ട്രെയിനിൽ സഞ്ചരിച്ചത് രാജ്യമെമ്പാടും രോഗവ്യാപനത്തിനടയാക്കിയെന്ന് അന്നത്തെ സാനിട്ടറി കമ്മിഷണറുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. കേരളത്തിലും മരണങ്ങളുണ്ടായതായാണ് ചരിത്രരേഖകൾ.
തിരുവിതാംകൂറിലും മലബാറിലുമൊക്കെ ഇക്കാലയളവിൽ ഒരു തരം പനി പടർന്നുപിടിച്ചുണ്ടായ വലിയതോതിലുള്ള മരണം ഇതുതന്നെയാകാമെന്നാണ് സൂചനകൾ. തിരുവിതാംകൂറിൽ 1920–21ൽ 17,377 പേരും 1921–22ൽ 15, 210 പേരും ഇത്തരത്തിൽ മരിച്ചതായി രേഖകളുണ്ട്. മലബാറിലും മരണമുണ്ടായതായി ചരിത്ര രേഖകളിൽ പറയുന്നു. നാട്ടിലേക്ക് മടങ്ങിയെത്തിയ സൈനികരിലൂടെയാവാം മലയാളക്കരയിൽ ഈ രോഗമെത്തിയതെന്നാണ് കരുതുന്നത്.
സ്പാനിഷ് ഫ്ലൂവിന്റെ കൃത്യമായ ഉറവിടം എവിടെയാണെന്ന് ഇന്നും വ്യക്തമായി കണ്ടെത്തിയിട്ടില്ല. ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത ബ്രീട്ടിഷ് സൈനികർ താവളമാക്കിയ ഫ്രാൻസിലെ ഇതാപിൾ ആണ് ഈ മഹാവ്യാധിയുടെ കേന്ദ്രമായി മാറിയതെന്നാണ് പതിറ്റാണ്ടുകൾക്കു ശേഷം നടത്തിയ പഠനങ്ങളിൽ ഏകദേശ വിലയിരുത്തലുണ്ടായത്. 1917 ന്റെ അവസാനകാലത്ത് സൈനികകേന്ദ്രങ്ങളിലെ മരണത്തിന് കാരണമായ മാരകമായ ഒരു പനി പിറവിയെടുത്തതായി ആരോഗ്യപ്രവർത്തകർ സംശയിച്ചിരുന്നതാണ് ഇതിന് പിൻബലമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
ഇവിടുത്തെ സൈനിക ക്യാംപുകളും ആശുപത്രികളും രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായെന്നാണ് സൂചന. യുദ്ധത്തിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് സൈനികർ ഇതേ ക്യാംപുകളിലും ആശുപത്രികളിലും മുറിവിനും മറ്റു രോഗങ്ങൾക്കുമായി ചികിൽസയ്ക്ക് എത്തിയതോടെ അവരിലേക്ക് രോഗം പടർന്നു. പട്ടാള ക്യാംപിൽ പാചകത്തിനെത്തിച്ചിരുന്ന പക്ഷികളിൽനിന്ന് പന്നികളിലേക്കും പിന്നീട് മനുഷ്യരിലേക്കും അണുക്കൾ വ്യാപിച്ചാണ് രോഗമുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു.
എച്ച്1എൻ1 വിഭാഗത്തിൽപെടുന്ന അണുക്കൾ തന്നെയായിരുന്നു ഈ രോഗവും പടർത്തിയത്. എന്നാൽ അമേരിക്കയിലെ കാൻസസിലാണ് രോഗത്തിന്റെ തുടക്കമെന്നു വിശ്വസിക്കുന്നവരുമുണ്ട്. അതല്ല ചൈനയിലാണ് ഈ മാരകമായ ഫ്ലൂവിന്റെ ഉൽപത്തിയെന്നും പറയപ്പെടുന്നു. എന്നാൽ ചൈനയുടെ പ്രദേശങ്ങളിൽ മരണനിരക്ക് ഏറെ കുറവായിരുന്നു. നേരത്തെതന്നെ ഈ പനിയോട് പ്രതിരോധശക്തി തീർക്കാൻ ചൈനക്കാരുടെ ശരീരത്തിന് സാധിച്ചതാവാം മരണം കുറഞ്ഞതിന്റെ കാരണമായി പറയുന്നത്.
ലോകമഹായുദ്ധവേളയിൽ സൈനികരുടെ കൂട്ടത്തോടെയുള്ള യാത്രകളും താമസവുമൊക്കെയാവാം ലോകവ്യാപകമായി രോഗത്തിന്റെ വ്യാപ്തി വർധിച്ചതിന്റെ പ്രധാനകാരണം. യുദ്ധംമൂലമുള്ള ശാരീരിക അവശകളും മാനസികസമ്മർദവും പലരെയും രോഗവാഹകരാക്കി. പോഷകാഹാരക്കുറവും രോഗവ്യാപനത്തിന്റെ മറ്റൊരു കാരണമായി.
ലോകജനസംഖ്യയുടെ നാലിലൊന്നുപേരെയും രോഗം ബാധിച്ചു. കൃത്യമായ മരണസംഖ്യ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. സ്പാനിഷ് ഫ്ലൂ ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ബ്രിട്ടിഷ് ഇന്ത്യയിൽ ഏതാണ്ട് ഒന്നര കോടിയിലേറെ പേരുടെ ജീവൻ പൊലിഞ്ഞു. ഇത് അക്കാലത്തെ ഇന്ത്യൻ ജനസംഖ്യയുടെ ഏതാണ്ട് ആറു ശതമാനം വരും. ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത് മടങ്ങിവന്നവരിലൂടെയാണ് ഇന്ത്യയിൽ ഈ പനി പടർന്നത്.
1920 അവസാനത്തോടെ പനിക്ക് കുറെയൊക്കെ ശമനമുണ്ടായി. രോഗവ്യാപനവും മരണനിരക്കും ഏറെക്കുറെ പൂജ്യത്തിലെത്തി. വൈറസുകളിലെ ജനിതകമാറ്റമാവാം രോഗം ശമിക്കാൻ കാരണമെന്നാണ് ഒരു കണ്ടെത്തൽ. ജപ്പാനിൽ 3.90 ലക്ഷം പേരും ഇറാനിൽ ഒൻപതു മുതൽ 24 ലക്ഷം പേരും ബ്രസീലിൽ മൂന്നു ലക്ഷം പേരും ബ്രിട്ടനിൽ രണ്ടര ലക്ഷം പേരും ഈ രോഗം ബാധിച്ച് മരിച്ചെന്നാണ് വിലയരുത്തൽ. അനേകം പ്രാദേശിക ജനവിഭാഗങ്ങൾക്ക് അമേരിക്കക്കാർക്ക് ജീവൻ നഷ്ടമായി. അലാസ്കപോലുള്ളയിടങ്ങളിൽ ചില പ്രാദേശിക ജനവിഭാഗങ്ങൾതന്നെ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകാനും സ്പാനിഷ് ഫ്ലൂ കാരണമായി.