covid-17

TAGS

കോവിഡ് ഭീതിക്കിടെ ഇന്ത്യൻ വംശജന് നേരെ ഇസ്രയേലിൽ വംശീയ ആക്രമണം. ജറുസലേമിൽ വച്ച് 20 കാരനാണ് രണ്ടു പേരുടെ ആക്രമണത്തിനിരയായത്. മണിപ്പൂരിൽ വേരുകളുള്ള അംശാലോം സിങ്സണെന്ന യുവാവിനെ രണ്ടുപേർ ചൈനാക്കാരൻ എന്ന് വിളിക്കുകയും കൊറോണ എന്ന് പരിഹസിച്ച് മർദ്ദിക്കുകയുമായിരുന്നു. നെഞ്ചിൽ സാരമായ പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിലാണ്.

താൻ ചൈനാക്കരൻ അല്ലെന്നും കോവിഡ് ബാധിതനല്ലെന്നും വിശദീകരിച്ചെങ്കിലും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് സിങ്സൺ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

മൂന്ന് വർഷം മുൻപാണ് സിങ്സണിന്റെ കുടുംബം മണിപ്പൂരിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയത്. കുറ്റക്കാരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനിടെ, കോവിഡ് ബാധിച്ച് ലോകത്താകെ മരണം ഏഴായിരം കടന്നു. 7,171 പേരാണ് ഇതുവരെ മരിച്ചത്. ചൈനയിലെ മരണ സംഖ്യ 3,231 ആയി. ഇറ്റലിയില്‍ 2,158 പേര്‍ മരിച്ചു. ലോകത്താകെ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് ഒരു ലക്ഷത്തി എണ്‍പത്തിരണ്ടായിരത്തി അറന്നൂറ് പേരാണ്.  ഇറ്റലിയില്‍ മാത്രം 28,000 പേരാണ് ചികില്‍സയിലുള്ളത്. ചൈനയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്കുമാത്രമാണ്.  കോവിഡ് 19 പ്രഭവകേന്ദ്രമായ വുഹാനിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ പൂര്‍ണമായി നിയന്ത്രണവിധേയമായെന്ന് ചൈന അവകാശപ്പെട്ടു. എന്നാല്‍ 13 പേര്‍ ഇന്നലെ രോഗംമൂലം മരിച്ചു.