കടലിന്റെ ആഴങ്ങളിലെ ഇൗ മഹാ കാരണവരെ കണ്ടെത്തിയ സന്തോഷത്തിലാണ് ഗവേഷകർ. പുറത്തുവന്ന പഠനങ്ങൾ അനുസരിച്ച് 286 വയസ്സാണ് ഇവയുടെ ആയുസ്സ്.. അതായത് 1914ലെ ഒന്നാം ലോകമഹായുദ്ധവും 1939ലാരംഭിച്ച രണ്ടാം ലോകമഹായുദ്ധവും കണ്ടും കടന്നുമാണ് ഈ തിമിംഗലങ്ങൾ ഇപ്പോഴും കടലിൽ നീന്തിത്തുടിക്കുന്നത്. അതിനും 100 വര്‍ഷം മുൻപുള്ള കടലും കാഴ്ചകളും കണ്ട ബോഹെഡ് തിമിംഗലങ്ങളും ഇപ്പോഴും ആർട്ടിക്കിന്റെ ആഴങ്ങളിൽ നീന്തുന്നുണ്ടാകാമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നത്.

സമുദ്രത്തിലെ പല സസ്തനികൾക്കും ഗവേഷകർ കണക്കാക്കുന്നതിനേക്കാൾ പ്രായക്കൂടുതലുണ്ടാകാം എന്നാണ് നിഗമനം. ആർട്ടിക് പ്രദേശത്താണ് ബോഹെഡ് തിമിംഗലങ്ങളുടെ വാസം.മുൻപ് ബോഹെഡ് തിമിംഗലങ്ങളുടെ ആയുസ്സ് 211 വയസ്സാണെന്നാണ് ഗവേഷകർ കണക്കാക്കിയിരുന്നത്. തിമിംഗലത്തിന്റെ കണ്ണിൽ നിന്നും ശേഖരിച്ച ദ്രവത്തിൽ നിന്നാണ് തിമിംഗലത്തിന്റെ പ്രായം അന്ന് കണക്കാക്കിയിരുന്നത്. ഓസ്ട്രേലിയയിലെ ഒരു കൂട്ടം ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നിൽ പ്രവർത്തിച്ചത്. നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ്  ഗവേഷകർ തിമിംഗലത്തിന്റെ യഥാർഥ ആയുസ്സ്  കണ്ടെത്തുന്നതിൽ വിജയിച്ചത്.

ഇതുവരെ ഈ പ്രായത്തിലുള്ള തിമിംഗലങ്ങളെ കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല. 2007ൽ ചത്തു തീരത്തടിഞ്ഞ ഒരു ബോഹെ‍ഡ് തിമിംഗലത്തിന് 200 വയസ്സോളം പ്രായമുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. മറ്റു പല ജീവികളേയും വംശനാശത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ ഈ കണ്ടെത്തൽ സഹായകരമാകുമെന്നാണ് ഗവേഷകരുടെ നിഗമനം.