പിറന്നാൾ ദിനത്തിൽ അർധരാത്രി ആശംസയർപ്പിച്ച് അമ്പരപ്പിക്കാൻ എത്തിയ യുവാവ് ഭാര്യാപിതാവിന്റെ വെടിയേറ്റ് മരിച്ചു. നോർവെയിൽ നിന്ന് 4500 മൈൽ ദൂരം വിമാനത്തിൽ സഞ്ചരിച്ച് ഫ്ലോറി‍ഡയിലെത്തിയതാണ് ക്രിസ്റ്റഫർ ബെർഗൻ(37).   ഫ്ലോറിഡയിലെ ഗൾഫ് ബ്രീസിലാണ് സംഭവം. 

 

ചൊവ്വാഴ്ച രാത്രി 11.30ന് വീടിന്റെ പിന്നിലെ വാതിലില്‍ തട്ടുന്നതു കേട്ടാണ് അറുപത്തിയൊന്നുകാരനായ റിച്ചഡ് ഉണര്‍ന്നത്. മോഷ്ടാക്കളെന്ന് കരുതി റിച്ചഡ് കയ്യിൽ തോക്കുമായാണ് പുറത്തിറങ്ങിയത്. വീടിനോടു ചേര്‍ന്ന കുറ്റിക്കാട്ടില്‍നിന്ന് ഒരാള്‍ ചാടിയെത്തുന്നതു കണ്ടതോടെ റിച്ചഡ് നിറയൊഴിക്കുകയായിരുന്നു.

 

അർധരാത്രി റിച്ചഡിന് സർപ്രൈസ് പിറന്നാളാശംസയുമായി എത്തിയതായിരുന്നു ക്രിസ്റ്റഫർ. തന്റെ തോക്കിനിരയായത് മകളുടെ ഭര്‍ത്താവാണെന്നു റിച്ചഡ് പിന്നീടാണ് അറിഞ്ഞത്. ഉടന്‍ തന്നെ ടവ്വല്‍ കൊണ്ടു നെഞ്ചില്‍ അമര്‍ത്തി രക്തപ്രവാഹം തടയാന്‍ ശ്രമിച്ചു. നെഞ്ചിൽ വെടിയേറ്റ ക്രിസ്റ്റഫർ അപ്പോൾതന്നെ മരിച്ചു. 

 

അന്നേദിവസം രാത്രി വീട്ടിലെത്തിയ ബന്ധു റിച്ചഡുമായി വഴക്കിട്ടിരുന്നു. ഇയാളെ റിച്ചഡ് പറഞ്ഞുവിടുകയും ചെയ്തിരുന്നു. ആദ്യം ഇയാള്‍ മുന്‍വാതിലില്‍ തട്ടിയാണ് വീടിനുള്ളില്‍ കടന്നിരുന്നത്. രണ്ടു മണിക്കൂറിനു ശേഷം പിന്‍വാതിലില്‍ തട്ടുന്നതു കേട്ടപ്പോള്‍ റിച്ചഡ് പ്രകോപിതനായത് ഇതുകൊണ്ടാകാം എന്നും പൊലീസ് സംശയിക്കുന്നു. രാത്രി 11 മണിക്ക് വിമാനത്താവളത്തില്‍ എത്തിയ ക്രിസ്റ്റഫര്‍ ഇതൊന്നുമറിയാതെ നേരെ വീട്ടിലേക്കെത്തുകയായിരുന്നു.