കൊലക്കേസ് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചതിന് പിന്നാലെ സ്വയം വെടിയുതിർത്ത് ജഡ്ജി. തായ്‌ലാൻഡിലെ യാലാ കോടതിയാണ് നാടകീയ സംഭവത്തിന് സാക്ഷിയായത്. ഡജ്ഡി കാനകോൻ പിയാഞ്ചനയാണ് മനംനൊന്ത് നെഞ്ചിൽ വെടിയുതിർത്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കാനകോൻ അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്. 

 

കൊലക്കേസ് പ്രതികളായ അഞ്ച് പേരെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രഖ്യാപിച്ച ശേഷമായിരുന്നു സംഭവം. തെറ്റായ ആളുകളെ ശിക്ഷിച്ച് അവരെ ബലിയാടാക്കരുതെന്ന് ശിക്ഷ വിധിച്ച ശേഷം കാനകോൻ പറഞ്ഞു. ഇത് ഫെയ്സ്ബുക്ക് ലൈവ് വിഡിയോ ആയി പോസ്റ്റ് ചെയ്യുകയും ചെയ്യും. 

 

പിന്നാലെ തായ് രാജാവിന്റെ ഛായാചിത്രത്തിന് മുന്നിൽ കാനകോൻ ഒരു നിയമപ്രതിജ്ഞ ഏറ്റുപറഞ്ഞതായി ദൃക്സാക്ഷി വെളിപ്പെടുത്തി. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് ജഡ്ജി സ്വയം വെടിവച്ചതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും ജുഡീഷ്യറി ഓഫിസ് വക്താവ് സൂര്യൻ ഹോങ്‌വിലയ് പറഞ്ഞു.

 

നീതിന്യായ വ്യവസ്ഥയെക്കുറിച്ച് പ്രസ്താവനകൾ നടത്തി ഒരു തായ് ജഡ്ജി പ്രോട്ടോക്കോൾ ലംഘിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രോസിക്യൂട്ടറുടെ തെളിവുകൾ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്നു ജസ്റ്റിസ് കാനകോൻ വിധിച്ചതായി ആരോപണവിധേയരുടെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ സംഭവത്തിനു പിന്നാലെ ഇവർ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.