ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മിസ് ഇംഗ്ലണ്ട് ഭാഷാ മുഖർജി. വർണവിവേചനത്തോട് പോരാടി, സാമ്പത്തിക പരാധീനതകളെ അതിജീവിച്ചാണ് ഇന്ത്യൻ വംശജയായ ഭാഷ മുഖർജി ഇംഗ്ലണ്ടിലെ സുന്ദരിപ്പട്ടം സ്വന്തമാക്കിയത്.
ഡെർബി സ്വദേശിയാണ് ഭാഷാ. പ്രതിസന്ധികാലത്ത് കുടുംബമൊന്നാകെ ഒരൊറ്റ മുറിയിലാണ് കഴിഞ്ഞിരുന്നത്. പലപ്പോഴും സ്കൂളിൽ നിന്ന് കടുത്ത വർണവിവേചനം നേരിട്ടു. കുടിയേറ്റക്കാരി ആയതി്നറെ പേരിലും സൗന്ദര്യമില്ലെന്നുപറഞ്ഞും സഹപാഠികൾ കളിയാക്കിയെന്ന് ഭാഷ പറയുന്നു.
''കളിയാക്കലുകൾ പേടിച്ച് ശുചിമുറിയിൽ പോയി ഉച്ചഭക്ഷണം കഴിക്കേണ്ടി വന്നിട്ടുണ്ട്. അത്തരം സാഹചര്യങ്ങളാണ് വായനയിലേക്ക് എന്നെ തിരിച്ചുവിട്ടത്. മിസ് ഇംഗ്ലണ്ട് മത്സരത്തിലുടനീളം മറ്റ് മത്സരാർഥികളെ സഹായിക്കാൻ പലരും ഉണ്ടായിരുന്നു. എന്നാൽ എന്റെ കാര്യങ്ങളെല്ലാം ഞാനൊറ്റക്കാണ് ചെയ്തത്. അവസാന ആറുപേരിൽ എത്തിയപ്പോൾ ഇവിടെ വരെയെങ്കിലും എത്തിയല്ലോ എന്ന ആശ്വാസമായിരുന്നു''- ഭാഷ പറയുന്നു.
ഇന്ത്യയിൽ ജനിച്ച ഭാഷ ഒൻപതാം വയസ്സിലാണ് കുടുംബത്തിനൊപ്പം ബ്രിട്ടനിലേക്ക് പോകുന്നത്. നോട്ടിങാം സർവകലാശാലയിൽ നിന്ന് മെഡിക്കൽ സയൻസസിലും മെഡിസിൻ ആന്‍ഡ് സർജറിയിലുമായി രണ്ട് ബിരുദവും ഭാഷ സ്വന്തമാക്കിയിട്ടുണ്ട്. ലോകസുന്ദരിപ്പട്ട മത്സരത്തിൽ മാറ്റുരക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഭാഷ.