Legalized Pot

മരുന്ന് ഉപയോഗിക്കാൻ വിമുഖതയുള്ളവർക്ക് ഭാവിയിൽ കഞ്ചാവ് വേദനാസംഹാരിയായി നൽകാൻ കഴിഞ്ഞേക്കുമെന്ന് ഏറ്റവും പുതിയ പഠന റിപ്പോർട്ടുകൾ. ജേണൽ ഓഫ് സൈക്കോ ആക്ടീവ് ഡ്രഗ്സ് എന്ന മാസികയിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസിൽ കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കിയ സംസ്ഥാനങ്ങളിൽ നിന്നും 1000 പേരെ തിരഞ്ഞെടുത്താണ് പഠനം നടത്തിയത്.വേദനാ സംഹാരിയായി കഞ്ചാവ് ഉപയോഗിച്ച 80 ശതമാനം പേർക്കും അങ്ങേയറ്റം ഫലപ്രദമായതായി കണ്ടെത്തിയെന്ന് റിപ്പോർട്ട് പറയുന്നു. മറ്റ് വേദനാ സംഹാരികളുടെ ഉപയോഗം കുറയ്ക്കാനും ഇതുവഴി സാധിച്ചിട്ടുണ്ട്.

ഉറക്കക്കുറവുള്ളവർക്കും കഞ്ചാവ് മിതമായ അളവിൽ നൽകുന്നത് ഫലം ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. പഠനത്തിൽ പങ്കെടുത്തവരിൽ ഉറക്കക്കുറവുള്ള 74 ശതമാനം പേർക്കും കഞ്ചാവിന്റെ പരിമിതമായ ഉപയോഗത്തെ തുടർന്ന് സുഖകരമായി ഉറങ്ങാൻ സാധിക്കുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഉറക്ക ഗുളികയ്ക്ക് പകരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് 84 ശതമാനം ആളുകൾ വെളിപ്പെടുത്തി.

എന്നാൽ അമിതോപയോഗം അപകടമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്തളവിൽ എങ്ങനെയാണ് രോഗികളിൽ ഇത് നൽകേണ്ടതെന്നുള്ള വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ വേദനാ സംഹാരികൾക്ക് ബദലായി കഞ്ചാവ് അനുവദിക്കാൻ ആവുകയുള്ളൂവെന്നും ഗവേഷകർ വ്യക്തമാക്കി.