ഇന്ത്യൻ വംശജനെ വിവാഹം കഴിച്ച പാക് യുവതി വിസ ലഭിക്കാത്തതിനാൽ പാക്കിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നു. വിസ ലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സമീപിച്ചിരിക്കുകയാണ് യുവതിയുടെ ഭർതൃമാതാവ്.
ഹൈദരാബാദ് സ്വദേശിയായ ഷെയ്ക്ക് ഐജാസ് മൊഹിയുദ്ദീനെ 2011ലാണ് യുവതി വിവാഹം ചെയ്തത്. ഇരുവരും ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നു. പിതാവ് അസുഖബാധിതനായതിനെത്തുടർന്ന് കഴിഞ്ഞ വർഷം യുവതി പാക്കിസ്ഥാനിൽ പോയി. വിസ ലഭിക്കാത്തതിനാല്‍ യുവതിക്ക് ഇന്ത്യയിലേക്ക് മടങ്ങിവരാൻ കഴിഞ്ഞില്ല.
ഇരുവർക്കും രണ്ടുകുട്ടികളുണ്ട്. യുവതിയോടൊപ്പം കുട്ടികളും പാക്കിസ്ഥാനിലേക്ക് പോയിരുന്നു. ഇന്ത്യൻ പൗരത്വമാണ് കുട്ടികൾക്കുള്ളതെങ്കിലും യുവതിയോടൊപ്പം പാക്കിസ്ഥാനിൽ കഴിയുകയാണ് കുട്ടികളും.
യുവതിക്ക് വിസ അനുവദിക്കാനും നാട്ടിൽ തിരിച്ചെത്തിക്കാനുമുള്ള നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് കുടുംബം.