ബോക്സിങ്ങില്‍ വിജയിച്ച സന്തോഷം കായികതാരം പ്രകടിപ്പിച്ചത് മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച്. അഭിമുഖം ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച ബള്‍ഗേറിയന്‍ ബോക്സര്‍ കുബ്രട്ട് പുലേവ് ആണ് വിവാദത്തില്‍പ്പെട്ടത്.
ബോക്സിങ്ങില്‍ ജയിച്ച പുലേവിന്റെ അഭിമുഖത്തിനായി എത്തിയതാണ് ജെന്നി സുഷേ. താരത്തിന്റെ ഭാവി മത്സരത്തെക്കുറിച്ച് ചോദിച്ചതോടെ അപ്രതീക്ഷമായി ജെന്നിയുടെ ചുണ്ടില്‍ പുലേവ് ചുംബിച്ചു. ആദ്യം അമ്പരന്നെങ്കിലും എന്റെ ദൈവമേ എന്ന വിളിയോടെ ഒരു ചമ്മിയ ചിരിയുമായി സംഭവത്തെ നേരിടാന്‍ ജെന്നി ശ്രമിച്ചു.
അനുവാദമില്ലാതെ ചുംബിച്ചതുകൂടാതെ ഏറ്റവുമധികം കമന്റുകള്‍ ലഭിച്ച ചുംബനമെന്ന ക്യാപ്ഷനോടെ ചിത്രങ്ങള്‍ പുലേവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. താരത്തിന്റെ പെരുമാറ്റം അതിരുവിട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. ലൈംഗിക പീഡനത്തിനു സമാനമായ കാര്യമാണ് വിവാഹിതനായ താരത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അവർ ആരോപിക്കുന്നു.
സംഭവം വിവാദമായതോടെ തന്റെ ബോക്സിങ് ആരാധകർക്കുവേണ്ടി സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പെഴുതാനും കുബ്രട്ട് മറന്നില്ല. എന്റെ ആരാധകർക്ക്, എന്ന അഭിസംബോധനയോടെ എഴുതിയ കുറിപ്പിൽ കുബ്രട്ട് പറയുന്നതിങ്ങനെ :
സത്യം പറഞ്ഞാൽ ജെന്നി എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. വിജയത്തിന്റെ ആഘോഷത്തിമർപ്പിലാണ് ജെന്നിക്ക് ചുംബനം നൽകിയത്. പിന്നീട് വിജയാഘോഷത്തിനായി സംഘടിപ്പിച്ച പാർട്ടിയിലും ജെന്നി പങ്കെടുത്തിരുന്നുവെന്നും അപ്പോൾ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞ് ചിരിക്കുകയാണ് ചെയ്തതെന്നും പിന്നീട് പരസ്പരം നന്ദി പറഞ്ഞാണ് തങ്ങൾ പിരിഞ്ഞതെന്നും കുബ്രട്ട് പറയുന്നു.
എന്നാല്‍ വിശദീകരണത്തിന് പിന്നാലെയും താരത്തിനെതിരെ ജെന്നിയുടെ കമ്പനിയിലെ എംഡി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം തുടര്‍ന്നു. ഈ നിർഭാഗ്യകരമായ ഈ സംഭവത്തെക്കുറിച്ച് കമ്പനിയുടെ ഭാഗത്തു നിന്ന് കൂടുതൽ അന്വേഷണമുണ്ടാകുമെന്നും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പോട്സിനോടുള്ള ഇഷ്ടം കൊണ്ട് ഈ തൊഴിൽ തെരഞ്ഞെടുത്ത ജീവനക്കാർക്ക് സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.