സ്കൂൾ വിദ്യാർഥിയായിരിക്കെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഐഎസിൽ ചേരാൻ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കിയതിനു പിന്നാലെ ഷമീമ ബീഗത്തിനെയും കുഞ്ഞിനേയും തന്റെ രാജ്യത്തേക്ക് വിളിക്കാനൊരുങ്ങി ഷമീമയുടെ ഭർത്താവ് യാഗോ റെയ്ഡ്‌ജിക്. ഷമീമയുടെ ആവശ്യം ബ്രിട്ടൻ നിരസിച്ചതോടെയാണ് ഷമീമയെ നെതർലാൻഡിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍, ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായിരുന്ന യാഗോയുടെ നീക്കം. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 2015 ൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി ബീഗം സിറിയയിലെത്തി ദിവസങ്ങൾക്കുള്ളിലായിരുന്നു ഇവരുടെ വിവാഹം. ഷമീമയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച സമയത്ത് ഇത്രയും ചെറിയ ഒരു പെൺകുട്ടിയെ എങ്ങനെ കല്യാണം കഴിക്കും എന്ന് താൻ ഒരു വേള ശങ്കിച്ചതായി യാഗോ വെളിപ്പെടുത്തുന്നു.
യാഗോയ്ക്കും 23 വയസും ഷമീമയ്ക്ക് 15 വയസ് മാത്രം പ്രായമുളളപ്പോഴായിരുന്നു ഇവരുടെ വിവാഹം. ഷമീമയുടെ ജന്മനാടായ യുകെയും മാതാപിതാക്കളുടെ സ്ഥലമായ ബംഗ്ലാദേശും കയ്യൊഴിഞ്ഞ സാഹചര്യത്തിൽ ഭർത്താവിനൊപ്പം നെതര്‍ലാന്‍ഡിലേക്ക് മടങ്ങിപ്പോകാൻ എന്തൊക്കെ നിയമ തടസ്സങ്ങൾ ഉണ്ടാകുമെന്നതിനെക്കുറിച്ച് ആർക്കും വ്യക്തതയില്ല.
ഹോളണ്ടിലെ തീവ്രവാദി വാച്ച് ലിസ്റ്റിൽ യാഗോയുടെ പേര് ഉണ്ടെങ്കിലും പൗരത്വം നെതർലാൻഡ് റദ്ദാക്കിയിരുന്നില്ല. തിരിച്ചെത്തിയാൽ തീവവ്രാദ പ്രവർത്തനം നടത്തിയതിന് ചുരുങ്ങിയത് ആറ് കൊല്ലമെങ്കിലും ഇയാൾ തടവ് അനുഭവിക്കേണ്ടി വരും. നെതര്‍ലന്‍ഡ്‌സില്‍ നിന്ന് 500-ഓളം പേര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നും അവരില്‍ ഒരാളാണ് യാഗോ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴും 150-ഓളം പേര്‍ മടങ്ങിയെത്താന്‍ തയാറാകാതെ ഐഎസ് ആശയത്തില്‍ വിശ്വസിച്ച് തുടരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിറിയയിലെ അഭയാർഥി ക്യാംപിൽ തന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാൻ ഹോം ഓഫിസ് തീരുമാനിച്ചത്.
1981ലെ ബ്രിട്ടിഷ് നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. പൊതു താൽപര്യത്തിന് അനിവാര്യമെന്നു കണ്ടെത്തിയാൽ ഒരാളുടെ പൗരത്വം റദ്ദാക്കാൻ നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ലെന്നു ഉറപ്പു വരുത്തണമെന്ന് മാത്രം. ബംഗ്ലദേശിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിൽപ്പെട്ട ഷമീമയ്ക്ക് ഇരട്ട പൗരത്വമുണ്ട്. എന്നാൽ തനിക്ക് ബംഗ്ലാദേശ് പാസ്പോർട്ട് ഇല്ലെന്നും താൻ ഇതുവരെ ബംഗ്ലാദേശിൽ പോയിട്ടില്ലെന്നും ഷെമീമ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ രാജ്യം യുകെ തന്നെയാണെന്ന് ഷമീമ തന്നെ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ബംഗ്ലാദേശ് സർക്കാരും ഷമീമയുടെ വരവിനെ വിലക്കുകയായിരുന്നു.
2015ൽ പതിനഞ്ചു വയസ് മാത്രം പ്രായമുളളപ്പോഴാണ് ഷെമീമ ബീഗം മറ്റു രണ്ടു കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥികളായിരുന്ന ഷമീമ ബീഗവും അമീറ അബേസും ഖദീജ സുൽത്താന എന്ന മറ്റൊരു വിദ്യാർഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്.
തുർക്കി അതിർത്തി കടന്നാണ് സിറിയയിൽ എത്തിയത്. റാഖയില്‍ എത്തിയപ്പോള്‍ ഐഎസ് വധുക്കളാവാന്‍ എത്തിയവര്‍ക്കൊപ്പം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പത്തു ദിവസത്തിനുശേഷം ഇസ്ലാമിലേക്ക് മതംമാറിയ ഡച്ചുകാരനായ യാഗോയെ തനിക്ക് വരനായി ലഭിച്ചെന്നും, പിന്നീട് ഇയാള്‍ക്കൊപ്പമാണ് താമസിച്ചതെന്നും ഇവര്‍ അറിയിച്ചു. സിറിയന്‍ പോരാളികള്‍ക്കു മുന്നില്‍ ഇവരുടെ ഭര്‍ത്താവ് കീഴടങ്ങി. ഐഎസിന്റെ അവസാന താവളമായ ബാഗൂസിൽ നിന്ന് രണ്ടാഴ്ച മുൻപ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷമീമ പറഞ്ഞിരുന്നു. യാഗോയെയും ഷമീമയേയും നെതര്‍ലന്‍ഡ്‌സ് സ്വീകരിച്ചാല്‍ തന്നെ പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് നടത്തിയ വിവാഹം സാധുവായി കണക്കാക്കില്ല.