പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകനും ഇന്ത്യ തിരയുന്ന കൊടുംഭീകരനുമായ മസൂദ് അസ്‌ഹർ മരിച്ചതായി അഭ്യൂഹം. ഗുരുതര വൃക്കരോഗത്തെ തുടർന്നു ചികിത്സയിലുള്ള അസ്ഹർ ആശുപ്രതിയിൽ വച്ചു മരിച്ചെന്നാണു റിപ്പോർട്ട്. ബാലാകോട്ട് ഭീകരക്യാംപിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ അസ്ഹർ കൊല്ലപ്പട്ടതാണെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യത്തെപ്പറ്റി പാക്കിസ്ഥാൻ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.

പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാടു കടുപ്പിക്കുകയും രാജ്യാന്തര സമ്മർദം ശക്തമാകുകയും ചെയ്തതിനു പിന്നാലെയാണ് അസ്ഹർ മരിച്ചതായി അഭ്യൂഹം പ്രചരിച്ചത്. ഈ പ്രചാരണം പാക്കിസ്ഥാന്റെ തന്ത്രമാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ അസ്ഹറിനു പരുക്കേറ്റതായി പ്രചാരണമുണ്ടായിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

മസൂദ് അസ്‌ഹർ  ഗുരുതരമായ വൃക്കരോഗത്തിന്റെ പിടിയിലാണെന്നും റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ പതിവായി ഡയാലിസിസ് നടത്തിവരികയാണെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.അൽ ഖായിദയും ബിൻ ലാദനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മസൂദ്, 1990 കളുടെ തുടക്കത്തിലാണു ഭീകരസംഘടനയായ ഹർക്കത്തുൽ മുജാഹിദീനു രൂപം നൽകിയത്. ഇക്കാലത്ത് സംഘടനയ്ക്കു ധനസമാഹാരണത്തിലായി ബ്രിട്ടൻ അടക്കം രാജ്യങ്ങൾ സന്ദർശിച്ചു. 1994 ൽ ഇന്ത്യയിൽ പിടിയിലായ അസ്ഹർ 99 ൽ കാണ്ഡഹാറിൽ നിന്ന് ഇന്ത്യൻ വിമാനയാത്രക്കാരെ മോചിപ്പിക്കുന്നതിനു പകരമായി വിട്ടയക്കപ്പെട്ടു. അന്നു രാത്രി തന്നെ ലാദൻ ഇയാൾക്കു ഗംഭീര വിരുന്നൊരുക്കിയതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. ജയിലിൽ നിന്ന് മോചിതനായ ശേഷമാണ് ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. പല ആഫ്രിക്കൻ രാജ്യങ്ങളിലെയും ഭീകരസംഘടനകളുമായി ഇയാൾക്കു ബന്ധമുണ്ടെന്നാണു നിഗമനം.

പുൽവാമ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷ് അന്നു തന്നെ ഏറ്റെടുത്തെങ്കിലും അക്കാര്യം സംഘടന നിഷേധിച്ചെന്ന പുതിയ വാദവുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു. അസ്ഹർ മരിച്ചെന്ന പ്രചാരണം അദ്ദേഹത്തിന്റെ കുടുംബം നിഷേധിച്ചു. എന്നാൽ ആരോഗ്യസ്ഥിതി സംബന്ധിച്ച് എന്തെങ്കിലും വ്യക്തമാക്കാൻ അടുത്ത ബന്ധുക്കൾ വിസമ്മതിച്ചതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസ്ഹർ ജീവിച്ചിരിക്കുന്നതായി വിശദീകരിച്ച് ജയ്ഷെ മുഹമ്മദിന്റെ പേരിലും പ്രസ്താവന ഇറങ്ങിയിട്ടുണ്ട്.

ആഗോള ഭീകരരുടെ പട്ടികയിൽ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്ന ഭീകരനാണു മസൂദ് അസ്ഹർ. ഫെബ്രുവരി 14ന് 40 ജവാന്മാരുടെ മരണത്തിനു കാരണമായ പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ ജയ്ഷെ മുഹമ്മദ് ആയിരുന്നു. ഇന്ത്യ–പാക്ക് ബന്ധം സംഘർഷഭരിതമായിരിക്കുന്ന സമയത്താണു മസൂദ് മരിച്ചെന്ന തരത്തിൽ വാർത്തകൾ വരുന്നത്.

മസൂദ് അസ്ഹറിനു ‘സുഖമില്ല’ എന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു. ‘എനിക്കു ലഭ്യമായ വിവരം വച്ച് മസൂദ് അസ്ഹർ പാക്കിസ്ഥാനിലുണ്ട്. അയാൾക്കു തീരെ സുഖമില്ല. വീടിനു പുറത്തുപോകാൻ പോലും കഴിയാത്ത വിധം രോഗബാധിതനാണ്’– ഖുറേഷി പറഞ്ഞു.