1987നും 1989നും ഇടയില്‍ മൂന്ന് യുവതികളെ കൊലപ്പെടുത്തിയ കേസിലാണ് സാമുവേൽ ലിറ്റിൽ എന്ന ലോകചരിത്രത്തിലെ ഏറ്റവും ഭീകരനായ സീരിയൽ കില്ലർ പൊലീസിന്റെ വലയിലാകുന്നത്. ഡിഎൻഎ സാമ്പിളുകൾ വെച്ചുളള അന്വേഷണത്തിനൊടുവിലാണ് സാമുവേൽ ലിറ്റിൽ കുടുങ്ങിയത്. കേസിൽ 2014 ൽ സാമുവേൽ കുറ്റക്കാരനെന്ന് കണ്ടെത്തി. ആ ജീവാനന്ത തടവിന് ശിക്ഷിക്കപ്പെട്ട  'ഗ്രീന്‍ റിവര്‍ കില്ലര്‍' എന്ന വിശേഷണമുളള ഗാരി റിഡ്‌വേ എന്ന അമേരിക്ക കണ്ട ഏറ്റവും വലിയ സീരിയൽ കില്ലറുടെ കുറ്റകൃത്യങ്ങൾ സാമുവേലിന്റേതുമായി തട്ടിച്ചു നോക്കുമ്പോൾ നിസാരമാണെന്നാണ് റിപ്പോർട്ടുകൾ. 

ഒരിക്കൽ ബോക്സറായി തിളങ്ങുകയും നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്ത ഈ സീരിയൽ കില്ലർ ലൈംഗികത്തൊഴിലാളികളെയും മയക്കുമരുന്നിന് അടിമകളായിരുന്നവരെയും കുടുംബ ബന്ധങ്ങളിൽ വിളളൽ ഉണ്ടായിരുന്ന സ്ത്രീകളെയുമായിരുന്നു ഉന്നം വച്ചിരുന്നത്. കൊലപ്പെടുത്തിയതിൽ ഭൂരിഭാഗവും ലൈംഗികത്തൊഴിലാളികളായ സ്ത്രീകളാണ്. 

താൻ പലയിടങ്ങളിലായി 90 കൊലപാതകങ്ങൾ നടത്തിയെന്ന് പൊലീസിനോട് സാമുവേൽ ലിറ്റിൽ തുറന്നു സമ്മതിച്ചു. ഈ െകാലപാതകങ്ങളിൽ പല സ്ത്രീകളുടെ മരണമോ തിരോധാനമോ പൊലീസ് സ്ഥിരീകരിച്ചിട്ടു പോലുമില്ലെന്നുളളത് പൊലീസിനെ പ്രതിസന്ധിയിൽ ആക്കുകയും ചെയ്തു. മിസിസിപ്പി, സിന്‍സിനാറ്റി, ഫീനിക്‌സ്, ലാസ് വേഗാസ്, നെവാഡാ തുടങ്ങിയ ഇടങ്ങളിലെല്ലാം കൊലപാതകം നടത്തി. ഇതിനകം സാമുവല്‍സ് വെളിപ്പെടുത്തിയ 90 കൊലപാതകങ്ങളില്‍ 35 എണ്ണം എഫ്ബിഐ വേര്‍തിരിച്ചിട്ടുണ്ട്്.

അതിബുദ്ധി  സാമാർത്ഥ്യമുളള സാമുവേലിന്റെ തുറന്നു പറച്ചിൽ ഇല്ലായിരുന്നുവെങ്കിൽ ഇനിയും പല കേസുകളും തെളിയുമായിരുന്നില്ലെന്ന് പൊലീസ് തുറന്നു സമ്മതിക്കുന്നു. 78 കാരനായ സാമുവേൽ 56 കൊല്ലത്തിനിടെയാണ് അതിനീചമായ 90 കൊലപാതകങ്ങൾ നടത്തിയത്. ചുരുക്കം ചില കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും വെറും പത്തുകൊല്ലം മാത്രമാണ് സാമുവേൽ ജയിലിൽ കഴിഞ്ഞിരുന്നത്. അമിത ലൈംഗികാസക്തിയും ആക്രമണ സ്വഭാവവും പ്രകടിപ്പിച്ചിരുന്ന സാമുവേൽ ഇരയെ ഉറപ്പിച്ചു കഴിഞ്ഞാൽ അതിശക്തമായി ഇടിച്ചു വീഴ്ത്തിയതിനു ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തും. കത്തികൊണ്ടുള്ളതോ വെടിയേറ്റതോ ആയ പാടുകള്‍ ഒന്നും ശരീരത്ത് കാണാത്തതിനാല്‍ മയക്കുമരുന്ന് ഓവര്‍ഡോസ് കഴിച്ചു വീണു മരിച്ചെന്ന് പോലീസ് വിധിയെഴുതും.

സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചതിനു ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പല സ്ത്രീ ശരീരങ്ങളും അരയ്ക്ക് താഴെ നഗ്നമായി രീതിയിലായിരുന്നു കാണപ്പെട്ടിരുന്നത്. കഴുത്തു ഞെരിച്ച നിലയിലുമായിരുന്നു. സാമുവേലിന്റെ ആക്രമണത്തിൽ നിന്നും ചുരുക്കം സ്ത്രീകൾ രക്ഷപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവരിൽ ആരെങ്കിലും കണ്ടെത്തിയാൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

ഒഹിയോയില്‍ ജനിച്ചുവളര്‍ന്ന സാമുവല്‍സ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതം നയിക്കുകയായിരുന്നു. മോഷണം നടത്തിയായിരുന്നു മദ്യവും മയക്കുമരുന്നും ഇയാള്‍ വാങ്ങിയിരുന്നത്. 1956 ല്‍ മോഷണം, വഞ്ചന, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങളില്‍ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 1980 കളില്‍ ആദ്യം ഫ്‌ളോറിഡയിലും മിസ്സിസിപ്പിയിലും നടത്തിയ കൊലപാതകം ആരോപിക്കപ്പെട്ടെങ്കിലൂം കുറ്റവാളിയായി കണ്ടെത്തിയില്ല.

കെന്റുകിയില്‍ വെച്ച 2012 ലായിരുന്നു ആദ്യ അറസ്റ്റ്.  മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ കാലിഫോര്‍ണിയന്‍ പോലീസിന് കെന്റുകി പൊലീസ്  കൈമാറി. ലോസ് ഏഞ്ചല്‍സില്‍ 1987 നും 1989 നും ഇടയില്‍ മൂന്ന് യുവതികളെ കൊലപ്പെടുത്തിയ കേസില്‍ 2014 ല്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. ഡിഎന്‍എ സാമ്പിളുകള്‍ വെച്ചുള്ള അന്വേഷണത്തിലാണ് സാമുവല്‍ കുടുങ്ങിയത്. 

ക്രൂരമായി മര്‍ദ്ദിച്ചും തുടര്‍ന്ന് കഴുത്ത് ഞെരിച്ചുമാണ് മൂന്ന് സ്ത്രീകളെയും താന്‍ കൊന്നതെന്ന് സാമുവല്‍ തുറന്നുസമ്മതിച്ചിരുന്നു. തുടര്‍ന്ന് താന്‍ നടത്തിയ ഓരോ കൊലപാതകവും സാമുവല്‍ തുറന്നുപറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ എഫ്.ബി.ഐ ക്രൈം അനലിസ്റ്റായ ക്രിസ്റ്റീന പലാസോളോ നടത്തിയ അഭിമുഖത്തില്‍ സാമുവല്‍ തന്റെ 90 കൊലപാതകങ്ങളെയും കുറിച്ച് വിശദീകരിച്ചു. സ്വന്തമായി വീടില്ലാതെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഇയാള്‍ മുമ്പ് പ്രൊഫഷണല്‍ ബോക്‌സറായി നേടിയ പരിശീലനമാണ് ഇരകളെ ഇടിച്ചിടാന്‍ ഉപയോഗിച്ചിരുന്നത്. 

കുറ്റവാളിയാണെന്ന് കണ്ടെത്തി ജയിലില്‍ അയച്ച് അധികം കഴിയും മുമ്പ് ടെക്‌സാസിലെ ഒരു കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ടെക്‌സാസിനെ ഞെട്ടിച്ച 1994 ലെ ഡെനീസ് ക്രിസ്റ്റി കൊലപാതകത്തിലായിരുന്നു അറസ്റ്റ്. ടെക്‌സാസില്‍ വെച്ച് സൗഹൃദത്തിലായ ജെയിംസ് ഹോളണ്ടിനോടായിരുന്നു സാമുവേൽ തന്റെ ക്രൂര കൊലപാതകങ്ങൾ തുറന്നു പറഞ്ഞത്.   1970 നും 2005 നും ഇടയില്‍ നടത്തിയ ഡസന്‍ കണക്കിനുള്ള കൊലപാതകങ്ങളുടെ വിവരമായിരുന്നു. 2018 മെയ് യില്‍ ആയിരുന്നു ഈ വെളിപ്പെടുത്തലുകള്‍. ഓരോ സ്ഥലത്തും കൊലപ്പെടുത്തിയ ആളുകളുടെ എണ്ണവും വിവരങ്ങളും സാമുവല്‍സ് ഹോളണ്ടിന് കൃത്യമായിട്ട് നല്‍കി.

സാമുവേൽ ചെയ്ത പല കൊലപാതകങ്ങളിലും പൊലീസ് അന്വേഷണം അവസാനിപ്പിച്ചതാണ്. സ്വാഭാവികമരണം എന്നരീതിയില്‍ തോന്നിയതിനാലും ഇരകളെ തിരിച്ചറിയാന്‍ കഴിയാതെ തള്ളിക്കളഞ്ഞതുമായ പല കേസുകളും സാമുവേൽ ചെയതതാണെന്ന് തെളിയുകയും ചെയ്തു. 90 കൊലപാതകങ്ങളിലെ ഇരയേയും വിവരങ്ങളും തന്റെ ഡയറിയിൽ കുറിച്ചിട്ട് പൊലീസിനെ വരെ അമ്പരിപ്പിക്കുകയാണ് സാമുവേൽ. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും കൊലപാതകങ്ങള്‍ ഒരാള്‍ ഒറ്റയ്ക്ക് തുടര്‍ച്ചയായി നടത്തുന്നതെന്നാണ് എഫ്.ബി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം എഴുപത്തിയെട്ടുകാരനായ സാമുവലിനെതിരെ ശിക്ഷ വിധിക്കാന്‍ കാത്തിരിക്കുകയാണ് കോടതിയിപ്പോള്‍.90 പേരില്‍ 34 പേരുടെ കൊലപാതകം നിലവില്‍ സ്ഥിരീകരിച്ചുകഴിഞ്ഞു.