siberia-crater

പ്രകൃതി ഒരുക്കുന്ന ദുരൂഹതകളുടെ ഇടങ്ങൾ ലോകത്ത് നിരവധിയാണ്. ശാസ്ത്രങ്ങൾക്കോ, ഗവേഷണങ്ങൾക്കോ ഉത്തരം നൽകാനാകാത്ത ചോദ്യചിഹ്നങ്ങളായി അവ എക്കാലവും നിലനിൽക്കുന്നു. അവയെക്കുറിച്ച് ഊഹാപോഹങ്ങളും നിഗമനങ്ങളും മാത്രമാണ് ആശ്രയം 

 

സൈബീരിയയിലെ ഇർകുട്സ്ക് മേഖലയില്‍ കണ്ടെത്താനായത് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു പാറക്കൂട്ടമാണ്. ഒറ്റനോട്ടത്തിൽ കഴുകൻ കൂട് പോലെ തോന്നും. 1994 ൽ ഈ മേഖലയിൽ ഗവേഷണം നടത്തുകയായിരുന്ന വാഡിം കൊൽപകൊവ് എന്ന ശാസ്ത്രഞ്ജനാണ് ഈ പാറക്കൂട്ടം കണ്ടെത്തിയത്. തുടർന്ന് നിരവധി ഗവേഷകർ ഇതിനെക്കുറിച്ച് ആഴത്തിൽ അറിയാൻ ശ്രമിച്ചു. 250 വർഷം പഴക്കമുള്ളതായി കണ്ടെത്തി. പാറ്റംസ്കീ എന്ന് അവർ ഇതിനും പേരും നൽകി. അപ്പോഴും പാറക്കൂട്ടത്തിന്റെ ചരിത്രത്തെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ കിട്ടിയില്ല. അന്യഗ്രഹ ജീവികൾ നിർമിച്ചതാകാമെന്നും ഉൽക്ക പതിച്ചതാകാമെന്നും അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമാമാകാമെന്നും വാദങ്ങളുയർന്നു. എന്നാൽ ആധികാരികമായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

 

എന്നാൽ ഈ ഭാഗത്തുള്ള പ്രദേശവാസികൾക്കു ഇതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നതായി പഠനത്തിൽ നിന്നും വ്യക്തമായി. ദുഷ്ടശക്തികളുടെ കേന്ദ്രമാണ് ഈ പാറക്കൂട്ടമെന്നു നാട്ടുകാർ വിശ്വസിക്കുന്നു. ഇവിടെയെത്തുന്നവരുടെ ജീവൻ അപായപ്പെടുമെന്നും സമീപത്തെത്തുന്നതു പോലും അപകടമാണെന്നും ഇവർ അവകാശപ്പെടുന്നു. സമീപത്തേക്കു പോയവർ ഒന്നുകിൽ മരണമടയുകയോ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ നിശ്ചിത ചുറ്റളവിൽ എത്തുന്ന മനുഷ്യരുടെ ഊർജം താഴുകയും ഊഷ്മാവിൽ വ്യത്യാസം അനുഭവപ്പെടുകയും ചെയ്തതായി ഇവർ പറയുന്നു. 

 

ഈ വാദങ്ങളുടെ ചുവട് പിടിച്ച് നടത്തിയ പഠനത്തിൽ പാറക്കൂട്ടം ചെറിയ തോതിൽ ഉയരുകയും താഴുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പാറക്കൂട്ടത്തിനടുത്തുള്ള സസ്യലതാദികൾക്കു മികച്ച വളർച്ചയാണുള്ളതെന്ന വസ്തുത വിരോധാഭാസവും. 

 

റഷ്യയിലെ ഏറ്റവും നിഗൂഢതയേറിയ സ്ഥലം എന്നാണ് ഇവിടം ഇപ്പോൾ അറിയപ്പെടുന്നത്. ഈ വിചിത്രമായ ആകൃതി സ്വാഭാവികമായി ഉണ്ടായതാണോ അതോ ആരുടെയെങ്കിലും സൃഷ്ടിയാണോയെന്നും പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഗവേഷണം കൂടുതൽ ഊർജിതമാക്കാനും ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ പരമാവധി ശ്രമിക്കാനും ശാസ്ത്രഞ്ജർ തീരുമാനിച്ചിരിക്കുകയാണ്.