sabreen-gif

ഇസ്രായേൽ സൈന്യത്തിൻറ വെടിയേറ്റു വീണ ഗാസയിലെ മാലാഖ റസാൻറെ വിയോഗത്തിൽ കണ്ണീരുണങ്ങിയിട്ടില്ല ഉറ്റവർക്ക്. എന്നാൽ‌ റസാൻറെ ഓര്‍മ്മകളെ നെഞ്ചേറ്റി മാത്രം ജീവിച്ചൊടുങ്ങാൻ തയ്യാറല്ല ഉമ്മ സബ്രീൻ അൽ നജർ. റസാന്‍റെ വഴിയേ സ​ഞ്ചരിക്കാനാണ് സബ്രീൻറെയും തീരുമാനം. 

മുറിവേറ്റ പലസ്തീനികളെ ശുശ്രൂഷിക്കുന്നതിനിടെയാണ് സംഘർഷ ഭൂമിയിൽ റസാൻ അൽ നജാർ എന്ന മാലാഖ വെ‍ടിയേറ്റു വീണത്. അവളുടെ ചോര പുരണ്ട കുപ്പായമണിഞ്ഞ് സബ്രീനും പലസ്തീൻ റിലീഫ് സൊസൈറ്റി പ്രവകർത്തകരോടൊപ്പം മുറിവേറ്റവരെ പരിചരിക്കാനെത്തി.

''എല്ലാ പലസ്തീനി പെൺകുട്ടികളും റസാനാണ്, എല്ലാ പലസ്തീനി ഉമ്മമാരും റസാനാണ്, ജീവൻ കൊടുത്തും ഞങ്ങൾ അവൾ പോയ വഴിയേ പോകും.ധീരയായിരുന്നു തൻറെ മകൾ. ഇസ്രായേൽ പട്ടാളത്തെ അവൾ ഒരിക്കലും ഭയപ്പെട്ടില്ല'', ഒരു അന്താരാഷ്ട്ര മാധ്യമത്തിനു നൽ‌കിയ അഭിമുഖത്തിൽ സബ്രീന്‍ പറഞ്ഞു. അന്താരാഷ്ട്ര യുദ്ധനിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഇസ്രയേല്‍ പട്ടാളം റസാനെ വധിച്ചതെന്നും സബ്രീൻ കൂട്ടിച്ചേർത്തു. 

ചോരയിൽ കുതിർന്ന തന്‍റെ മകളുടെ കുപ്പായം നെ‍ഞ്ചോടു ചേർത്തു കരയുന്ന റസാന്‍റെ പിതാവ് സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ ഉള്ളുലച്ചിരുന്നു. 

ഗാസ പട്ടണമായ ഗാൻ യൂനുസിൽ വെള്ളിയാഴ്ചയാണ് റസാൻ വെടിയേറ്റു വീണത്. സംഘർഷഭൂമിയിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു റസാന്‍റെ ദാരുണ അന്ത്യം. ഗാസ അതിർത്തിയിലെ മാലാഖ എന്നാണ് പലരും റസാനെ വിശേഷിപ്പിച്ചിരുന്നത്.