അബുദാബി സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പ്രവേശന വീസ സൗജന്യമാക്കി യു.എ.ഇ. അബുദാബി സാംസ്കാരിക- വിനോദസഞ്ചാര വകുപ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇനി വീസ ചെലവില്ലാതെ അബുദാബി സന്ദർശിക്കാം. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് യാത്ര കൂടുതൽ എളുപ്പമാക്കാനും വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരാനുമാണ് ഈ തീരുമാനം.
ഓഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ് സൗജന്യ വീസ പദ്ധതിയുടെ കാലാവധി. അംഗീകൃത യാത്രാ ഏജൻസികൾ വഴിയോ ഓൺലൈൻ വഴിയോ വിനോദയാത്ര ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അബുദാബിയിലെ ഹോട്ടലുകളിൽ കുറഞ്ഞത് തുടർച്ചയായ മൂന്ന് രാത്രി താമസവും മടക്കയാത്രാ ടിക്കറ്റും ഉള്ള പാക്കേജുകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ 20,000 വീസകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. യോഗ്യരായ യാത്രക്കാരുടെ വീസ തുക പൂർണ്ണമായും അബുദാബി ടൂറിസം വകുപ്പ് തന്നെ വഹിക്കും.
അതേസമയം, സഞ്ചാരികൾക്ക് നേരിട്ട് അപേക്ഷിച്ച് ഈ ആനുകൂല്യം നേടാനാകില്ല, പകരം പങ്കാളികളായ ഏജൻസികൾ വഴിയാണ് അപേക്ഷിക്കേണ്ടത്. അബുദാബിയുടെ സംസ്കാരം, വിനോദം, ആതിഥേയത്വം, പ്രകൃതി എന്നിവ ആസ്വദിച്ച് കൂടുതൽ സമയം ചെലവഴിക്കാൻ ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അബുദാബിയുടെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനി വഴി അപേക്ഷിക്കുമ്പോൾ വീസ തുക വകുപ്പ് നേരിട്ട് നൽകും. മറ്റ് കമ്പനികൾ വഴിയാണെങ്കിൽ അനുവദിക്കുന്ന ഓരോ വീസയ്ക്കും 285 ദിർഹം വീതം വകുപ്പ് തിരിച്ചുനൽകും. പ്രധാന വിപണിയായ ഇന്ത്യയുമായുള്ള ടൂറിസം-വ്യോമഗതാഗത ബന്ധം കൂടുതൽ ശക്തമാക്കുകയാണ് പദ്ധതിയിലൂടെ അബുദാബി ലക്ഷ്യമിടുന്നത്.