TOPICS COVERED

രാജ്യത്തേക്ക് കൂടുതൽ പ്രതിഭകളെയും സംരംഭകരെയും വിദഗ്ദ്ധരെയും നിക്ഷേപകരെയും ആകർഷിക്കുന്നതിന്റെ ഭാഗമായി യുഎഇ വീസാ നിയമങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പെഷ്യലിസ്റ്റ് ഉൾപ്പെടെ നാല് പുതിയ വീസാ വിഭാഗങ്ങളാണ് പരിഷ്കരണത്തിന്റെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയത്. വിനോദം, ഇവന്റുകൾ, ക്രൂസ് കപ്പൽ, ആഡംബര യോട്ട് എന്നിവയുമായി ബന്ധപ്പെട്ട വീസകളാണ് പുതിയ കൂട്ടിച്ചേർക്കലുകൾ.

യുഎഇയിലെ ഏതെങ്കിലും ഒരു ടെക്നോളജി കമ്പനിയിൽ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിൽ എഐ സ്പെഷ്യലിസ്റ്റ് വീസ ഒറ്റയ്ക്കോ സംഘമായോ ലഭിക്കും. വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകിക്കൊണ്ട്, ക്രൂസ് കപ്പലുകളിലും യോട്ടുകളിലും എത്തുന്നവർക്ക് ഇനി മൾട്ടിപ്പിൾ എൻട്രി വീസ അനുവദിക്കും. വിദേശ ലോറി ഡ്രൈവർമാർക്ക് സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകൾ ലഭിക്കുമെന്നതും വ്യാപാര ഗതാഗത മേഖലയ്ക്ക് ഗുണകരമാകും. 

യുദ്ധമോ പ്രകൃതി ദുരന്തങ്ങളോ കാരണം ദുരിതത്തിലായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാനുഷിക പരിഗണന നൽകി സ്പോൺസർ ഇല്ലാതെ ഒരു വർഷത്തേക്ക് ഹ്യുമാനിറ്റേറിയൻ വീസ നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, വിദേശ വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും സ്പോൺസർ ഇല്ലാതെ താമസാനുമതി ലഭിക്കുമെന്നതും  പരിഷ്കരണത്തിലെ മാറ്റമാണ്.

സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധിയിലും ഭേദഗതികൾ വരുത്തിയിട്ടുണ്ട്. കുറഞ്ഞത് 4,000 ദിർഹം ശമ്പളമുള്ളവർക്ക് ജീവിത പങ്കാളി, മക്കൾ എന്നിവരെ സ്പോൺസർ ചെയ്യാം. എന്നാൽ മറ്റു ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതിന് 8,000 ദിർഹവും സുഹൃത്തുക്കളെ കൊണ്ടുവരാൻ 15,000 ദിർഹവുമാണ് കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ മാറ്റങ്ങൾ യുഎഇയുടെ ആഗോള നില മെച്ചപ്പെടുത്തുമെന്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചിരിക്കുന്നത്

ENGLISH SUMMARY:

The UAE announced major visa law changes, introducing categories for AI specialists, multiple-entry visas for tourists, humanitarian visas, and adjusting sponsorship salary limits.