ഇന്ത്യക്കാര്‍ക്ക് ഒരു മാസം ശരാശരി 83,500 വീസകള്‍ അനുവദിച്ചിട്ടുണ്ടെന്ന് സൗദി അറേബ്യ. ഈ വര്‍ഷം രണ്ടാം പാദത്തില്‍ വിവിധ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകള്‍ വഴി 30 ലക്ഷം വീസകള്‍ വിതരണം ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയുടെ മുംബൈ കോണ്‍സുലേറ്റ് മൂന്നു മാസത്തിനിടെ 2,50,742 വീസകള്‍ അനുവദിച്ചു. ഡല്‍ഹിയിലെ സൗദി എംബസി അനുവദിച്ച വിസകള്‍ കൂടാതെയാണിത്. തൊഴില്‍, വിസിറ്റിംഗ്, ബിസിനസ്, ടൂറിസ്റ്റ്, ഉംറ കാറ്റഗസറിയില്‍ ഉള്‍പ്പെട്ട വീസകളുടെ വിവരമാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. ഇതിനു പുറമെ നിരവധി ഇന്ത്യക്കാര്‍ ഓണ്‍ അറൈവല്‍ വീസകളും ട്രാന്‍സിറ്റ് വീസകളും പ്രയോജനപ്പെടുത്തി സൗദിയിലെത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി 29,47,550 വീസകളാണ് വിവിധ ലോക രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അനുവദിച്ചത്. ജക്കാര്‍ത്ത, ധാക്ക, മുംബൈ എന്നിവിടങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളാണ് ഏറ്റവും കൂടുതല്‍ വിസകള്‍ വിതരണം ചെയ്തത്. ഏറ്റവും കൂടുതല്‍ വീസകള്‍ അനുവദിച്ചത് ജക്കാര്‍ത്തയിലെ സൗദി എംബസിയാണ്. വീസ നേടിയവരില്‍ ധാക്ക എംബസിക്കു പുറമെ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുളളത്. രണ്ട് വീസകള്‍ മാത്രം അനുവദിച്ച് പോര്‍ട്ട് ഓഫ് സ്‌പെയിന്‍ കോണ്‍സുലേറ്റ് ആണ് ഏറ്റവും കുറവ് വീസ വിതരണം ചെയ്തത്.