അവധിക്കാലത്ത് വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചിട്ടു പോകരുതെന്ന് ദുബായ് നഗരസഭയുടെ കർശന മുന്നറിയിപ്പ്. ദീർഘനാൾ പരിചരണമില്ലാതെ കിടക്കുന്ന വാഹനങ്ങൾ നഗരഭംഗിയെ ബാധിക്കുമെന്നതിനാലാണ് മുന്നറിയിപ്പ് നല്‍കിയത്. നിയമലംഘകർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. വിദേശത്തേക്ക് പോകുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യാനും കൃത്യമായ ഇടവേളകളിൽ വാഹനം വൃത്തിയാക്കാൻ ഏർപ്പാട് ചെയ്യാനും നിർദേശമുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന വാഹനങ്ങളിൽ ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നോട്ടീസ് പതിക്കുകയും ഉടമകൾക്ക് മൊബൈലിൽ സന്ദേശം അയക്കുകയും ചെയ്യും. നിശ്ചിത കാലാവധിക്കുള്ളിൽ മാറ്റിയില്ലെങ്കിൽ വാഹനം അൽ അവിറിലെ യാർഡിലേക്ക് മാറ്റുമെന്നും ഇതിന്റെ അധികച്ചെലവ് ഉടമയിൽ നിന്ന് ഈടാക്കുമെന്നും നഗരസഭ വ്യക്തമാക്കി.