യു.എ.ഇ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 100 മില്യൺ ദിർഹം (ഏകദേശം 239.34 കോടി രൂപ) സ്വന്തമാക്കിയത് മലയാളിയോ? ലോട്ടറിയടിച്ചത് 'അനിൽ കുമാർ ബി' എന്നയാൾക്കാണെന്നാണ് യു.എ.ഇ ലോട്ടറിയുടെ വെബ്സൈറ്റിലുള്ളത്. ഭാഗ്യശാലിയുടെ കൂടുതൽ വിവരങ്ങൾ വെരിഫിക്കേഷന് ശേഷം പുറത്തുവിടും എന്നാണ് അധികൃതർ പറയുന്നത്.
'അനിൽകുമാർ ബി' എന്ന പേരാണ് ലോട്ടറിയടിച്ചത് മലയാളിക്കാണെന്ന ആകാംഷയ്ക്ക് അടിസ്ഥാനം. പേരിലെ സൂചന പ്രകാരം വിജയി ഒരു ഇന്ത്യക്കാരനോ അല്ലെങ്കിൽ മലയാളി ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. ലോട്ടറിയുടെ നിയമപ്രകാരം 18 വയസിന് മുകളിൽ പ്രായമുള്ള യു.എ.ഇ താമസക്കാർക്ക് മാത്രമെ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ യു.എ.ഇയിലുള്ള ആരെങ്കിലുമാകാം ഭാഗ്യശാലി.
നറുക്കെടുപ്പിലെ ഏഴ് നമ്പറുകളും ഒത്തുചേർന്ന ഒരു ടിക്കറ്റിനാണ് 100 മില്യൺ ദിർഹത്തിൻ്റെ സമ്മാനം നേടിയത്. ‘ഡേയ്‌സ്’ സെറ്റിൽ നിന്ന് 7, 10, 11, 18, 25, 29 എന്നീ നമ്പറുകളും ‘മന്ത്‌സ്’ സെറ്റിൽ നിന്ന് 11 എന്ന നമ്പറുമാണ് സമ്മാനത്തിന് അർഹമായത്. 8,835,372-ൽ 1 ആയിരുന്നു ജാക്ക്പോട്ട് നേടാനുള്ള സാധ്യത. അമ്പത് ദിർഹമാണ് ടിക്കറ്റ് വില.
ഇതുകൂടാതെ ആയിരക്കണക്കിന് പേർക്ക് ചെറിയ സമ്മാനങ്ങളും ലഭിച്ചു. മൊത്തം 7,145 പേർക്ക് 100 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ സമ്മാനത്തുക ലഭിച്ചു. മൂന്ന് പേർക്ക് ഒരു ലക്ഷം വീതം ലഭിച്ചു. 67 പേർക്ക് 100 ദിർഹം വീതം ലഭിച്ചു. ഒന്നിലധികം ടിക്കറ്റ് ഉടമകൾക്ക് ജാക്ക്‌പോട്ട് ലഭിക്കുകയാണെങ്കിൽ തുല്യമായി പങ്കിടുന്നതാണ് രീതി. ഈ നറുക്കെടുപ്പിൽ ഒറ്റ ടിക്കറ്റ് ഉടമയ്ക്ക് മാത്രമാണ് ജാക്ക്‌പോട്ട് ലഭിച്ചത്.