TOPICS COVERED

യുഎഇയിലേക്കുള്ള ആദ്യ വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍റെ ജീവൻ രക്ഷിച്ച് രണ്ട് മലയാളി നഴ്‌സുമാർ. റെസ്പോൺസ് പ്ലസ് മെഡിക്കലിൽ ജോലിയിൽ പ്രവേശിക്കാൻ പോവുകയായിരുന്നു വയനാട് സ്വദേശി അഭിജിത്ത് ജീസും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസണും. ഒക്ടോബർ 13-ന് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ വിമാനത്തിലായിരുന്നു സംഭവം നടന്നത് . 

പുലർച്ചയ്ക്ക് വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുമ്പോൾ, സമീപത്തെ സീറ്റിലിരുന്ന 34 വയസ്സുള്ള തൃശ്ശൂർ സ്വദേശി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതായി ഇവർ തിരിച്ചറിഞ്ഞു. പൾസ് നോക്കി, കിട്ടാതെ വന്നപ്പോൾ  അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് ഇരുവർക്കും ബോധ്യമായി. ഒരു നിമിഷം പോലും പാഴാക്കാതെ അഭിജിത്ത് സിപിആർ നൽകാൻ തുടങ്ങി, അജീഷ് എല്ലാ സഹായവുമായി ഒപ്പം ചേർന്നു. 

ഇരുവരും ചേർന്ന് നൽകിയ രണ്ട് റൗണ്ട് സിപിആർ വിജയകരമായി പൂർത്തിയാക്കിയതിലൂടെ രോഗിക്ക് പൾസ് തിരികെ ലഭിക്കുകയും ശ്വാസമെടുക്കാൻ തുടങ്ങുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദർ ഒപ്പം ചേർന്ന് ഐവി ഫ്ലൂയിഡുകൾ നൽകി രോഗിയുടെ നില ഭദ്രമാക്കി. 

അബുദാബിയിൽ വിമാനം സുരക്ഷിതമായി ഇറങ്ങുന്നത് വരെ ഇവരുടെ പരിചരണം തുടർന്നു. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ് ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി തോന്നുന്നുവെന്ന് നഴ്സുമാർ പ്രതികരിച്ചു. ഡോ. ഷംഷീർ വയലിൽ സ്ഥാപകനായ  റെസ്പോൺസ് പ്ലസ്,  യുഎഇയിലെ അടിയന്തിര, ഓൺസൈറ്റ് മെഡിക്കൽ സേവനദാതാക്കളാണ്. ധൈര്യവും സമചിത്തതയും കൈവിടാതെ പ്രവർത്തിച്ച ഇരുവരെയും ആർപിഎം മാനേജ്‌മെന്‍റ് അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകി ആദരിക്കുകയും ചെയ്തു. 

ENGLISH SUMMARY:

Malayali nurses saved a passenger's life during an Air Arabia flight to the UAE. The nurses, Abhijith and Ajeesh, administered CPR and stabilized the patient until the flight landed safely in Abu Dhabi.