sane-takaichi

TOPICS COVERED

ദീര്‍ഘകാലമായി ജപ്പാനില്‍ ആധിപത്യം പുലര്‍ത്തുന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെ(എല്‍ഡിപി)യെ നയിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് 64കാരിയായ സനേ തകൈച്ചി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ പ്രധാനമന്ത്രിയായ ഷിഗൈരു ഇഷിബയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ രാജിസമ്മര്‍ദം നിലനില്‍ക്കുന്നതിനാല്‍ ഒക്ടോബര്‍ മധ്യത്തില്‍ നടക്കുന്ന  വോട്ടെടുപ്പില്‍ തകൈച്ചിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് തകൈച്ചി. 

ആഗോള ലിംഗ സമത്വ സൂചികകളിൽ സ്ഥിരമായി താഴ്ന്ന റാങ്കിലുള്ള ഒരു രാജ്യത്ത് തകൈച്ചിയുടെ അധികാരത്തിലേക്കുള്ള ഉയർച്ച ഒരു നാഴികക്കല്ലായി തോന്നിയേക്കാം. എന്നാല്‍ ജപ്പാനിലെ സ്ത്രീസമത്വ വാദികളില്‍ പലരും തകൈച്ചിയുടെ വളര്‍ച്ച ആഘോഷിക്കുന്നില്ല എന്നിടത്താണ് ആരാണ് തകൈച്ചി എന്ന ചോദ്യമുയരുന്നത്. ആധുനിക ഫെമിനിസ്റ്റ് അഭിലാഷങ്ങളേക്കാൾ പരമ്പരാഗത പുരുഷ മേധാവിത്വ ​​ആദർശങ്ങളുമായി കൂടുതൽ അടുത്ത് നിൽക്കുന്ന തകൈച്ചിയുടെ ആഴത്തിലുള്ള യാഥാസ്ഥിതിക വീക്ഷണങ്ങളാണ് സ്ത്രീകളുടെ അവകാശ വക്താക്കള്‍ തകൈച്ചിക്കെതിരായി ചിന്തിക്കുന്നതിന്‍റെ ഒരു പ്രധാന കാരണം.

ജപ്പാനെ വീണ്ടും മികച്ചതാക്കാന്‍ ശ്രമം

1961-ൽ നാര പ്രിഫെക്ചറിൽ ജനിച്ച തകൈച്ചിയുടെ അച്ഛൻ ഓഫിസ് ജീവനക്കാരനും അമ്മ പോലീസ് ഓഫീസറുമായിരുന്നു. 1980-കളിൽ യുഎസ്-ജപ്പാൻ വ്യാപാര പിരിമുറുക്കം വർദ്ധിക്കുന്നതിനിടയിലാണ് അവളുടെ രാഷ്ട്രീയ അഭിലാഷങ്ങൾ മുളപൊട്ടിയത്. 1993-ൽജന്മനാട്ടിൽ നിന്ന് ആദ്യമായി പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തകൈച്ചി 1996-ൽ യുദ്ധാനന്തര ജാപ്പനീസ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന പാർട്ടിയായ LDP-യിൽ ചേരുകയും ചെയ്തു. 2021-ൽ എൽഡിപി നേതൃത്വത്തിലേക്ക് അവർ ആദ്യം മത്സരിച്ചെങ്കിലും ഫ്യൂമിയോ കിഷിദയോട് പരാജയപ്പെടുകയായിരുന്നു.  എന്നാലിപ്പോള്‍ പാര്‍ട്ടിയില്‍ തകൈച്ചിയുടെ വളര്‍ച്ച എൽഡിപിയിലെ വലതുപക്ഷത്തിന്‍റെ വിജയത്തെയും മിതവാദിയായ ഇഷിബയുടെ രാഷ്ട്രീയത്തിൽ നിന്നുള്ള വ്യതിചലനത്തെയും കൂടി സൂചിപ്പിക്കുന്നതാണ്. പ്രതിസന്ധിയിലായ ഒരു പാർട്ടിയെ സംബന്ധിച്ചിടത്തോളം ഈ മാറ്റം അനിവാര്യതയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചത്തെ തന്‍റെ വിജയപ്രസംഗത്തിൽ തകൈച്ചി തന്നെ സൂചിപ്പിച്ചതുപോലെ, ‘ഈയിടെയായി, LDP എന്താണ് അർത്ഥമാക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല. LDP നയങ്ങളില്‍ ഒരു കാഴ്ചപ്പാടും ഇല്ലെന്ന വിമര്‍ശനം  രാജ്യത്തുടനീളം   ഞാൻ കേട്ടു.’  – ഇതാണ് ജപ്പാനിലെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ.

ഈ പശ്ചാലത്തിലാണ്  2022ൽ വധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ പിന്‍ഗാമിയും അൾട്രാനാഷണലിസവും സാമൂഹിക യാഥാസ്ഥിതികതയും ചേര്‍ന്ന രാഷ്ട്രീയ നിലപാടുകളുടെ പ്രചാരകയുമായ തകൈചിയുടെ  സ്ഥാനാരോഹണം. മുന്‍പ് രണ്ട് തവണ പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട് തകൈച്ചി. മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ആദ്യ ടേമിൽ, ആഭ്യന്തരകാര്യ, വാർത്താവിനിമയ മന്ത്രിയെന്ന റെക്കോർഡ് ഭേദിച്ച കാലയളവ് ഉൾപ്പെടെ അഞ്ച് തവണ മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്.

അതിദേശീയതാവാദി

ജപ്പാനിലെ യുദ്ധാനന്തര രാഷ്ട്രീയത്തെ നിർവചിച്ചത് രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ സമാധാന കാഴ്ചപ്പാടുകളാണ്. ഇത് ഒരു ഭരണകൂട നയം കൂടിയായിരുന്നു. ജപ്പാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 യുദ്ധം ചെയ്യാനുള്ള ജാപ്പനീസ് ജനതയുടെ അവകാശത്തെ എന്നെന്നേക്കുമായി നിരാകരിച്ചിട്ടുണ്ട്. നീതിയും ക്രമവും അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര സമാധാനത്തിനായാണ് ജപ്പാന്‍ ഭരണഘടന ആഹ്വാനം ചെയ്യുന്നത്. 2012 മുതൽ 2020 വരെ ഒന്‍പത് വർഷത്തോളം ജപ്പാന്‍ പ്രധാനമന്ത്രിയായിരുന്ന ആബെ ഈ രാഷ്ട്രീയനിലപാടിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഈ പൈതൃകം മുന്നോട്ട് കൊണ്ടുപോകാനാണ് ഇപ്പോള്‍ തകൈച്ചിയും ശ്രമിക്കുന്നത്.

takaichi

വധിക്കപ്പെട്ട യുദ്ധക്കുറ്റവാളികൾ ഉൾപ്പെടെ ജപ്പാനിലെ യുദ്ധത്തിൽ മരിച്ചവരെ ആദരിക്കുന്ന യാസുകുനി ദേവാലയത്തിലെ പതിവ് സന്ദർശകയാണ് തകൈച്ചി. യുദ്ധക്കുറ്റങ്ങൾക്ക് ജപ്പാൻ കൂടുതൽ ക്ഷമാപണം നടത്തേണ്ടതില്ലെന്നാണ് തകൈച്ചിയുടെ പക്ഷം. ജപ്പാനിലെ ഏറ്റവും വലിയ ദേശീയവാദി ഗ്രൂപ്പായ നിപ്പോൺ കൈഗിയിലെ അംഗം കൂടിയാണ് തകൈച്ചി. പ്രധാന എതിരാളിയായി കരുതുന്ന ചൈനയെ നേരിടാനുള്ള രാജ്യത്തിന്‍റെ സൈനിക ശേഷി ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന നിലപാടാണ് തകൈച്ചിക്ക്. ബെയ്ജിങ്ങിൽ നിന്നുള്ള സൈനിക അധിനിവേശ ഭീഷണി നേരിടുന്ന തായ്‌വാനുമായി ഒരു അർദ്ധ സൈനിക സഖ്യം രൂപീകരിക്കാൻ പോലും അവര്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തകൈച്ചി ഭരണപരമായി തലപ്പത്തെത്തിയാല്‍ ഇന്തോ-പസഫിക്കിലുടനീളം തന്ത്രപരമായ പങ്കാളിത്തം തേടാനും കെട്ടിപ്പടുക്കാനുമുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

 

തികഞ്ഞ യാഥാസ്ഥിതികവാദി ,  സ്ത്രീസമത്വവാദികളുടെ എതിരാളി

യാഥാസ്ഥികമായ സാമൂഹ്യ കാഴ്ചപ്പാടുകളുടെ വക്താവാണ് തകൈച്ചി. സര്‍ക്കാരില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുമ്പോള്‍ തന്നെ വിവാഹിതരായ ദമ്പതികൾക്ക് പ്രത്യേക കുടുംബപ്പേരുകൾ നിലനിർത്താൻ അനുവദിക്കുന്ന നയങ്ങൾ ഉൾപ്പെടെയുള്ള സ്ത്രീശാക്തീകരണത്തെ പിന്തുണയ്ക്കുന്ന പരിഷ്കാരങ്ങളെയും സ്വവർഗ വിവാഹത്തെയും പുരുഷന്മാർ മാത്രമുള്ള സാമ്രാജ്യത്വ പിന്തുടർച്ച നിയമത്തിലെ മാറ്റങ്ങളെയും അവർ എതിർത്തു. സ്ത്രീകൾ പ്രാഥമികമായി നല്ല അമ്മമാരായും ഭാര്യമാരായും സേവിക്കണമെന്ന തകൈച്ചിയുടെ  ദീർഘകാല വിശ്വാസം സ്ത്രീ സമത്വ വക്താക്കളിൽ നിന്ന് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് പല സ്ത്രീവോട്ടര്‍മാരും തകൈച്ചിയുടെ ഉയർച്ചയെ പുരോഗതിയായി കണക്കാക്കാത്തത്. നേതൃത്വ മത്സരത്തിനിടെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചോ ലിംഗപരമായ അസമത്വങ്ങളെക്കുറിച്ചോ തകൈച്ചി യാതൊരു പരാമർശവും നടത്തിയിട്ടില്ല.

takaichi-home-town

തകായിച്ചിയുടെ രാഷ്ട്രീയ യാത്ര, പാർട്ടിയുടെ പുരുഷ മേധാവികളുമായുള്ള തകൈച്ചിയുടെ ശക്തമായ ബന്ധം ജപ്പാനിലെ പുരുഷാധിപത്യ രാഷ്ട്രീയ സംസ്കാരത്തെ പരിഷ്കരിക്കുന്നതിനുപകരം അവരുടെ നേതൃത്വം ശക്തിപ്പെടുത്തുമെന്ന ആശങ്കയും ഉയർത്തിയിട്ടുണ്ട്. 1993-ൽ ജന്മനാടായ നാരയിൽ നിന്ന് പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവർ പിന്നീട് സാമ്പത്തിക സുരക്ഷ, ആഭ്യന്തരകാര്യം, ലിംഗസമത്വം എന്നീ വകുപ്പുകൾ ഉൾപ്പെടെ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്‍റെ സ്വയം പ്രഖ്യാപിത ആരാധികയായ തകൈച്ചി, അന്തരിച്ച ജാപ്പനീസ് നേതാവ് ഷിൻസോ ആബെയുടെ യാഥാസ്ഥിതിക കാഴ്ചപ്പാടും പങ്കിടുന്നു. അദ്ദേഹത്തെ പലപ്പോഴും തന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവായാണ് അവര്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

ശക്തമായ സൈന്യത്തിനും വർദ്ധിച്ച സാമ്പത്തിക ചെലവുകൾക്കും ആണവോർജ്ജ വിപുലീകരണത്തിനും കർശനമായ കുടിയേറ്റ നിയന്ത്രണങ്ങൾക്കും വേണ്ടി വാദിക്കുന്ന തകൈച്ചി ഒരു കടുത്ത ദേശീയവാദിയാണ്. ജപ്പാനിലെ യുദ്ധത്തിൽ മരിച്ചവരെ ആദരിക്കുന്നതും അയൽരാജ്യങ്ങളായ ചൈനയുമായും ദക്ഷിണ കൊറിയയുമായും പിരിമുറുക്കത്തിൻ്റെ ഉറവിടമായി തുടരുന്ന വിവാദമായ യാസുകുനി ദേവാലയത്തിലെ പതിവ് സന്ദർശക കൂടിയാണ് അവർ.  ജപ്പാന്‍റെ സ്തംഭനാവസ്ഥയിലായ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ആക്രമണാത്മക പൊതുചെലവിനും വിലകുറഞ്ഞ കടമെടുക്കലിനും വേണ്ടി വാദിക്കുന്ന തകൈച്ചി ബാങ്ക് ഓഫ് ജപ്പാന്‍റെ നിരക്ക് വർദ്ധനയെ ആവർത്തിച്ച് വിമർശിച്ചിട്ടുണ്ട്. അധികാരത്തിലേറിയാൽ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള നീക്കങ്ങള്‍ തകൈച്ചിയില്‍നിന്ന് പ്രതീക്ഷിക്കാം. ഒക്‌ടോബർ അവസാനമോ നവംബർ ആദ്യമോ ജപ്പാൻ സന്ദർശിക്കാൻ പോകുന്ന ഡൊണാൾഡ് ട്രംപുമായുള്ള  ചര്‍ച്ചയാണ് തകൈച്ചിയുടെ  വരാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളിലൊന്ന്. കഴിഞ്ഞ മാസം ട്രംപും ഇഷിബയും ചേര്‍ന്നുണ്ടാക്കിയ വ്യാപാര കരാർ തകൈച്ചിയുടെ കീഴിൽ പുനരാലോചനയ്ക്ക് വിധേയമായേക്കും. കരാറില്‍ ദേശീയ താൽപ്പര്യത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയാൽ പുനരാലോചനയ്ക്ക് സാധ്യതയുണ്ട്.

2022ലെ ആബെയുടെ കൊലപാതകത്തെത്തുടർന്ന് എൽഡിപിയെ ശക്തിപ്പെടുത്താനും യാഥാസ്ഥിതിക വോട്ടുകൾ വീണ്ടെടുക്കാനും തകൈച്ചിയുടെ ഉയർച്ച സഹായിക്കുമെന്ന് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജാപ്പനീസ് രാഷ്ട്രീയത്തെ ബാധിച്ചിരിക്കുന്ന അസ്ഥിരത അവസാനിപ്പിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കും. കാരണം അവരുടെ നിലപാടുകള്‍ ജപ്പാനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള അപകടസാധ്യത സൃഷ്ടിച്ചേക്കാം. കാരണം തകൈച്ചിയുടെ വിദേശനയ നിലപാട് ജപ്പാനെ ഒറ്റപ്പെടുത്താന്‍ സാധ്യതയുണ്ട്.

തകൈച്ചിയുടെ  ചരിത്രപരമായ തിരുത്തൽവാദം ദക്ഷിണ കൊറിയയുമായുള്ള ബന്ധം തന്നെ  വിച്ഛേദിച്ചേക്കാനും മെച്ചപ്പെട്ട വ്യവസ്ഥകൾ പുനഃപരിശോധിക്കാനുള്ള അവരുടെ അന്വേഷണം ഒരുപക്ഷേ  വൈറ്റ് ഹൗസിന്‍റെ രോഷം ക്ഷണിച്ചുവരുത്താനുമൊക്കെയുള്ള സാധ്യതകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നുണ്ട്. മാത്രമല്ല ചൈനയോടുള്ള തകൈച്ചിയുടെ ദീർഘകാല ശത്രുത രണ്ട് ശക്തികളെയും കൂടുതല്‍ രൂക്ഷമായ കൂട്ടിയിടിയിലേക്ക് നയിച്ചേക്കാം. ടോക്കിയോയിലെ മെയ്ജി യസുദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ കസുതക മൈദ റോയിട്ടേഴ്സിനോട് പറഞ്ഞത് പ്രകാരം ഭരണം ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള തകൈച്ചിയുടെ കഴിവിനെ ചുറ്റിപ്പറ്റി യുള്ള സംശയങ്ങളാണ് ഇപ്പോള്‍ ജപ്പാനില്‍ ഉയരുന്നത്.

ENGLISH SUMMARY:

Sanae Takaichi, the rising figure in Japanese politics, is poised to potentially become Japan's first female prime minister. Her conservative views, however, have sparked debate among women's rights advocates