യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസംഗത്തിന് ഇന്ത്യ നല്‍കിയത് ശക്തമായ മറുപടിയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ പാക് പ്രധാനമന്ത്രി നടത്തിയ തെറ്റായ പ്രസ്താവനകളെ 'Absurd Theatrics', അതായത് അസംബന്ധ നാടകീയത എന്നാണ് ഇന്ത്യന്‍ പ്രതിനിധി വിശേഷിപ്പിച്ചത്. Right of Reply ഉപയോഗിച്ച് പാകിസ്ഥാന് ചുട്ട മറുപടി നല്‍കിയ ‌ഇന്ത്യന്‍ പ്രതിനിധി ആരാണ്.  രാജ്യാന്തര സമൂഹമടക്കം സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ തിരയുകയാണ് പേറ്റല്‍ ഗഹ്​ലോട്ടിനെ. 

2023 ജൂലൈയിലാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറിയായി പേറ്റല്‍ ചുമതലയേറ്റത്. ഡല്‍ഹി സ്വദേശിയായ പേറ്റല്‍  ഗഹ്​ലോട്ട് 2015 ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. യുഎന്നിലേക്ക് പോകുന്നതിനു മുൻപ് രണ്ട് വര്‍ഷക്കാലം വിദേശകാര്യ മന്ത്രാലയത്തിൽ യൂറോപ്യൻ വെസ്റ്റ് ഡിവിഷനിൽ അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ചു. അണ്ടർ സെക്രട്ടറിയായിരുന്ന സമയത്ത് പാരീസിലെയും സൻഫ്രാൻസിസ്കോയിലെയും ഇന്ത്യൻ മിഷനുകളിലും കോൺസുലേറ്റിലും ഗഹ്​ലോട്ട് പ്രവര്‍ത്തിച്ചിരുന്നു. 

ഡൽഹി സർവകലാശാലയിൽ നിന്നും പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്ടേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് പേറ്റലിന്‍റെ സിവില്‍ സര്‍വീസ് രംഗത്തേക്കുള്ള പ്രവേശനം. എക്സ്, Linkedin, ഇന്‍സ്റ്റഗ്രാം എന്നീ സമൂഹമാധ്യമ  പ്ലാറ്റ്​ഫോമുകളില്‍ അവര്‍ സജീവമാണ്. സംഗീത തല്‍പരകൂടിയായ പേറ്റല്‍ ഗിറ്റാർ വായിക്കുന്നതിന്റെ വിഡിയോകൾ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്. ഇന്ത്യ പാക് സംഘര്‍ഷം സംബന്ധിച്ച് പാക് പ്രധാനമന്ത്രി യുഎന്നില്‍ നടത്തിയ തെറ്റായ പ്രസ്താവനകളെയാണ് ചുട്ട മറുപടി നല്‍കി പേറ്റല്‍ പ്രതിരോധിച്ചത്. 

ഇന്ത്യയുടെ മറുപടി: ഭീകരവാദത്തെ മഹത്വവത്കരിക്കുകയും വിദേശനയത്തിന്റെ കേന്ദ്ര ബിന്ദുവാക്കുകയും ചെയ്യുന്ന നടപടി പാകിസ്ഥാന്‍ അവസാനിപ്പിക്കണം. നുണകള്‍ കൊണ്ടോ നാടകം കൊണ്ടോ വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ ആകില്ല. കശ്മീരിലെ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഒരു തീവ്രവാദസംഘടനയെ യുഎന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാന്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും പേറ്റല്‍ ആഞ്ഞടിച്ചു. 

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യക്കെതിരെ നടത്തിയ ആക്രമണങ്ങളെ വിജയകരമായി ചിത്രീകരിച്ച പാക് പ്രധാനമന്ത്രിയുടെ വാദത്തെ പേറ്റല്‍ ഗഹ്​ലോട്ട് പരിഹസിച്ചു. 'തകര്‍ക്കപ്പെട്ട റണ്‍വേകളും, കത്തിനശിച്ച ഹാങറുകളും വിജയകരമായി തോന്നുന്നുണ്ടെങ്കില്‍, അത് പാകിസ്ഥാന് ആസ്വദിക്കാം' എന്നായിരുന്നു പേറ്റലിന്റെ പരിഹാസം. മൂന്നാമതൊരു കക്ഷി ഇന്ത്യ പാക് സംഘര്‍ഷത്തില്‍ ഇടപെട്ടിട്ടില്ല. പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിക്കുകയായിരുന്നുവെന്നും യുഎന്‍ പൊതുസഭയില്‍ പേറ്റല്‍ ഗഹ്​ലോട്ട് വെളിപ്പെടുത്തി. ഭീകരതയോടുള്ള ഇന്ത്യന്‍ നിലപാട് പൂജ്യം സഹിഷ്ണുതയാണ് എന്ന് ലോകത്തിന് മുന്‍പില്‍ ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ് പേറ്റല്‍ ഗഹ്​ലോട്ട് എന്ന യുവ നയതന്ത്രജ്ഞയിലൂടെ ഇന്ത്യ ചെയ്തത്.

ENGLISH SUMMARY:

Petal Gahlot is the Indian diplomat who delivered a strong rebuttal to Pakistan at the UN General Assembly. Her sharp response highlighted India's zero-tolerance stance on terrorism and refuted Pakistan's false claims.