നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പ്രീമിയം നിരക്കുകള്‍ വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധം കനക്കുന്നു. പ്രീമിയം തുക വര്‍ധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു മലയാളി ഫോറം നോര്‍ക്ക ഓഫിസിലേക്ക് പ്രതിഷേധ ധര്‍ണ നടത്തി. പ്രീമീയം കുത്തനെ കൂട്ടിയതിനെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയനും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
പ്രവാസികളുടെയും കുടുംബങ്ങളുടെയും ആരോഗ്യപരിരക്ഷയ്ക്കുവേണ്ടി എല്‍.ഡി.എഫ് സര്‍ക്കാരാണ് നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ പ്രീമിയം പുതുക്കാനുള്ള അവസരം വൈകിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ പോര്‍ട്ടല്‍ സജ്ജമാക്കിയെങ്കിലും പ്രീമിയം തുക കുത്തനെ കൂട്ടി. 14036 രൂപ ഉണ്ടായിരുന്ന പ്രീമിയം ഒറ്റയടിക്ക് 21964 രൂപയാക്കി ഉയര്‍ത്തി. അവസാന സ്ലാബിന്റെ പഴയ പ്രീമിയം 55580 രൂപയില്‍ നിന്ന് 89116 രൂപയിലെത്തി. ഇതോടെയാണ് മറുനാടന്‍ മലയാളികള്‍ രംഗത്തെത്തിയത്.
സ്വകാര്യ കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ പ്രവാസികളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം കൊടുക്കാനൊരുങ്ങുകയാണ് ബെംഗളൂരു മലയാളികള്‍. ബെംഗളൂരു മലയാളി ഫോറം പ്രവര്‍ത്തകര്‍ ബെംഗളൂരുവിലെ നോര്‍ക്ക ഓഫിസിലെത്തി നോഡല്‍ ഓഫിസര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. പ്രീമിയം തുക പഴേപടിയാക്കുമെന്നാണ് മറുനാടന്‍ മലയാളികളുടെ പ്രതീക്ഷ