കേരളത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലേയ്ക്ക് നഴ്സിങ് റിക്രൂട്ട്മെന്റിന് നോര്‍ക്ക റൂട്ട്സ് വഴി പൈലറ്റ് പ്രോജക്ട് നടപ്പാക്കും. ഓസ്ട്രിയന്‍ ട്രേഡ് കമ്മിഷണര്‍ ഹാൻസ് ജോർഗ് ഹോർട്ട്നാഗലിന്റെയും നോര്‍ക്ക സിഇഒ അജിത് കോളശ്ശേരിയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇപ്പോള്‍ പ്രതിവര്‍ഷം 7000 മുതല്‍ 9000 വരെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് ഓസ്ട്രിയയില്‍ അവസരമുണ്ട്. ആശുപത്രികള്‍, കെയര്‍ ഹോമുകള്‍, വയോജനപരിപാലനത്തിനായുളള പ്രൈവറ്റ് ഹോം എന്നിങ്ങനെയാണ് അവസരങ്ങളെന്ന് ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ അറിയിച്ചു.
കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ നൈപുണ്യമുളളവരാണെന്ന് ഓസ്ട്രിയന്‍ സംഘം അഭിപ്രായപ്പെട്ടു. ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റായ ട്രിപ്പിള്‍വിന്‍ മാതൃകയില്‍ ഓസ്ട്രിയയിലേയ്ക്ക് പ്രത്യേക റിക്രൂട്ട്മെന്റിനുളള സാധ്യതകള്‍ പരിശോധിക്കാമെന്ന് നോര്‍ക്ക സിഇഒ അറിയിച്ചു. തിരുവനന്തപുരത്തെ നോര്‍ക്ക ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്സിങ് കോളേജ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്, ഹോം ഒതന്റിക്കേഷന്‍ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.