• പലസ്തീനികളുടെ പ്രധാന കൃഷിയാണ് ഒലിവ്. തലമുറകളായി പരിപാലിക്കുന്ന മരത്തോട്ടങ്ങൾ പലസ്തീൻ കുടുംബങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണ്. ഒരു ലക്ഷത്തോളം കുടുംബങ്ങൾ നേരിട്ടോ അല്ലാതെയോ വരുമാനത്തിനായി ഒലിവുകളെ ആശ്രയിക്കുന്നു. ഒക്ടോബര്‍–നവംബര്‍ മാസങ്ങളിലാണ് വിളവെടുപ്പ്. എന്നാല്‍ ഇക്കൊല്ലം വിളവെടുപ്പിനായി കാത്തിരുന്ന കര്‍ഷകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് ഇസ്രയേലിയന്‍ കുടിയേറ്റക്കാര്‍.

പലസ്തീനികളുടെ പ്രധാന കൃഷിയാണ് ഒലിവ്. തലമുറകളായി പരിപാലിക്കുന്ന മരത്തോട്ടങ്ങൾ പലസ്തീൻ കുടുംബങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണ്.  ഒരു ലക്ഷത്തോളം കുടുംബങ്ങൾ നേരിട്ടോ അല്ലാതെയോ വരുമാനത്തിനായി  ഒലിവുകളെ ആശ്രയിക്കുന്നു. ഒക്ടോബര്‍–നവംബര്‍ മാസങ്ങളിലാണ് വിളവെടുപ്പ്. എന്നാല്‍ ഇക്കൊല്ലം വിളവെടുപ്പിനായി കാത്തിരുന്ന കര്‍ഷകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് ഇസ്രയേലിയന്‍ കുടിയേറ്റക്കാര്‍.

വിളവെടുപ്പിനിടെ  റാമല്ലയ്ക്കും നബ്ലസിനും പടിഞ്ഞാറുള്ള ലുബ്ബാൻ അൽ-ഗർബി ഉൾപ്പെടെയുള്ള ഗ്രാമങ്ങളിൽ പലസ്തീനികൾക്ക് നേരെ ക്രൂരമായ ആക്രമണങ്ങൾ നടന്നതായി റോയിട്ടേഴ്സ്, എപി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുടിയേറ്റക്കാർ അതിക്രമിച്ചുകയറി മരങ്ങള്‍ നശിപ്പിച്ച് വിളവെടുത്ത്  ഒലിവുകള്‍ ചാക്കുകളിലാക്കി അവീച്ചായ് ഫാം പോലുള്ള ഔട്ട്‌പോസ്റ്റുകളിൽ കൊണ്ടുപോകുന്നു. അവിടെവെച്ച് എണ്ണയാക്കി  വിപണിയിലെത്തിക്കുന്നു. സീസൺ തുടങ്ങിയ ശേഷമുള്ള 24 ദിവസത്തിനിടെ ഒലിവ് വിളവെടുക്കുന്നവർക്കെതിരെ 125 ശാരീരിക ആക്രമണങ്ങളും 168 വിളമോഷന സംഭവങ്ങളും നടന്നതായി യെഷ് ഡിൻ റിപ്പോർട്ട് ചെയ്തു. ഇസ്രായേലി മനുഷ്യാവകാശ സംഘടനയാണ്  യെഷ് ഡിന്‍. ഒലിവ് വിളവെടുപ്പ് കാലത്ത് കുടിയേറ്റക്കാരുടെ ആക്രമണങ്ങളിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു

യുദ്ധാനന്തരം ഒലിവ് വിലക്ക്: 2022 മുതൽ നൂറുകണക്കിന് ചെറിയ കുടിയേറ്റ ഔട്ട്‌പോസ്റ്റുകൾ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സ്ഥാപിച്ചതോടെ പലസ്തീനികളുടെ ഒലിവ് തോട്ടങ്ങളിലേക്കുള്ള  പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങളുണ്ടായി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി മരത്തോട്ടങ്ങളിലേക്ക് കര്‍ഷകരെ ഇസ്രയേല്‍ സേന കടത്തിവിടുന്നില്ല. എന്നാല്‍ ഏക്കര്‍ കണക്കിന് പരന്നുകിടക്കുന്ന ഒലിവ് തോട്ടങ്ങളില്‍ ഇസ്രയേല്‍ കുടിയറ്റക്കാര്‍ യഥേഷ്ടം സഞ്ചരിക്കുന്നു. ഇത് പലസ്തീനികള്‍ ചോദ്യംചെയ്യുന്നതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നു. മരങ്ങള്‍ നശിപ്പിക്കുന്നതും കൂട്ടത്തോടെ തീയിടുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയാണ്. കുടിയേറ്റ കേന്ദ്രങ്ങളുടെയും ഔട്ട്‌പോസ്റ്റുകളുടെയും അടുത്ത് താമസിക്കുന്ന പലസ്തീനികൾക്ക് ഭൂമിയിൽ പ്രവേശിക്കാനോ മരങ്ങൾ വിളവെടുക്കാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്

ഒലിവ് പലസ്തീനിന്റെ ജീവരേഖ:  സാംസ്‌കാരികമായും സാമ്പത്തികമായും ചരിത്രപരമായും പലസ്തീൻ ജനതയുടെ നട്ടെല്ലാണ് ഒലിവ് കൃഷി. രാജ്യത്തെ മൊത്തം ഫലവൃക്ഷങ്ങളിൽ 86 ശതമാനവും ഒലിവ് മരങ്ങളാണ്. കൃഷിയോഗ്യമായ ഭൂമിയുടെ പകുതിയിലധികവും ഈ വിളയാണ്. വെസ്റ്റ് ബാങ്കിന്റെ വടക്കൻ മേഖലകളായ ജെനിൻ, നബ്ലസ്, തുൽകാറം, സൽഫിത് എന്നിവയാണ് പ്രധാന ഉൽപാദന കേന്ദ്രങ്ങൾ. നാലായിരം വർഷത്തിലേറെ പഴക്കമുള്ള മരങ്ങൾ ഇന്നും വെസ്റ്റ് ബാങ്കിലുണ്ട്. യുദ്ധം ഗാസയിലെ ഒലിവ് തോട്ടങ്ങളെ ഒന്നടങ്കം തകർത്തു. യുദ്ധത്തിന് മുൻപ് 5000 ഹെക്ടറില്‍  വ്യാപിച്ചുനിന്നിരുന്ന കൃഷി ഇന്ന് വെറും 800 ഹെക്ടറിലേക്ക്  ചുരുങ്ങി. ഏകദേശം പതിനൊന്നര ലക്ഷം മരങ്ങൾ ഉണ്ടായിരുന്ന ഗാസയിലെ ഒലിവ് തോട്ടങ്ങളുടെ 90 ശതമാനവും നശിച്ചു. രാജ്യത്തെ മൊത്തം ജിഡിപിയിൽ 5 ശതമാനവും കാർഷിക വരുമാനത്തിന്റെ നാലിലൊന്നും ഒലിവ് എണ്ണയിലൂടെയാണ് ലഭിക്കുന്നത്. യുദ്ധത്തിന് മുൻപ് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ അഞ്ച് കോടി ഡോളറോളം ഭാഗം ഒലിവ് ഉൽപ്പന്നങ്ങളായിരുന്നു.

ENGLISH SUMMARY:

Palestinian olive farmers are facing growing threats from alleged Israeli settler attacks, crop theft and restrictions on access to their groves during the annual harvest. According to Israeli human rights group Yesh Din, 125 physical assaults and 168 crop-theft incidents were recorded during the first 24 days of the harvest season, with three Palestinians reportedly killed in settler attacks. Olive cultivation is vital to Palestinian livelihoods, cultural heritage and the rural economy, while the war has severely damaged Gaza's olive-growing sector.