റിയാദിലുള്ള കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ യെമനിലെഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പുകയും തീയും ഉയരുന്നു (2026 ഒക്ടോബർ 8-ലെ സമൂഹമാധ്യമ വീഡിയോയിൽ നിന്നുള്ള ചിത്രം).

  • വിമാനത്താവളങ്ങള്‍ക്ക് നേരെയും എണ്ണപ്പാടങ്ങള്‍ക്ക് നേരെയും നടത്തുന്ന ആക്രമണത്തിന് ഹൂതികള്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് സൗദിയിലെ ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണശ്രമം. ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ചെറുത്തെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളങ്ങള്‍ക്ക് നേരെയും എണ്ണപ്പാടങ്ങള്‍ക്ക് നേരെയും നടത്തുന്ന ആക്രമണത്തിന് ഹൂതികള്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് സൗദിയിലെ ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാര്‍ വ്യക്തമാക്കി. അതേസമയം, പടിഞ്ഞാറന്‍ യെമനില്‍ സൗദി നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പാണിതെന്നും സൗദിയുടെ ആക്രമണങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് യെമനി പൗരന്‍മാര്‍ കൊല്ലപ്പെട്ടുവെന്നും ഹൂതികള്‍ ആരോപിച്ചു. സനയിലെ വീടിന് നേരെയാണ് സൗദി ആക്രമണം നടത്തിയതെന്നും ഹൂതി ആരോഗ്യമന്ത്രാലയത്തിന്‍റെ കുറിപ്പില്‍ പറയുന്നു.

അതിനിടെ, റിയാദ് വിമാനത്താവളത്തില്‍ ഹൂതി ആക്രമണത്തെത്തുടര്‍ന്ന്  കാണാതായ മലയാളി ജീവനക്കാരനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി മുഹമ്മദ് റബ്ബാനി അഹമ്മദ് കുട്ടി ആണ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലുള്ളത്. വിമാനത്താവളത്തിലെ വെന്‍ഡിങ് മെഷീനുകളുടെ മെയിന്റനന്‍സ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

റിയാദ് വിമാനത്താവളം 17 വരെ അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. അതേസമയം, ഹൂതികളുമായുള്ള ചര്‍ച്ചയ്ക്ക് മാധ്യസ്ഥ്യം വഹിക്കാന്‍ തയാറാണെന്ന് ഇറാന്‍ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സൗദിനെ ഫോണില്‍ വിളിച്ചു.

ENGLISH SUMMARY:

Saudi Arabia said it had intercepted another ballistic missile attack targeting its capital, Riyadh, allegedly launched by Yemen's Houthi rebels. Saudi Energy Minister Prince Abdulaziz bin Salman warned that the Houthis would face serious consequences for attacks on airports and oil fields, while the rebels claimed their actions were retaliation for Saudi strikes in western Yemen that allegedly killed six civilians, including children. Meanwhile, Malayali airport worker Mohammed Rabbani Ahammed Kutty, a native of Palakkad who went missing following the attack at Riyadh airport, was found with severe burns and is receiving intensive care at King Saud Medical City