Israel's Prime Minister Benjamin Netanyahu gives a news conference in Jerusalem (Photo by RONEN ZVULUN / POOL / AFP)
ഒക്ടോബര്‍ ഏഴിലെ ഹമാസിന്‍റെ മിന്നലാക്രമണം ഇസ്രയേല്‍ നേരത്തേ അറിഞ്ഞിരുന്നുവെന്ന് വന്‍ വെളിപ്പെടുത്തല്‍. ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യൊയാവ് ഗലാന്‍റാണ് ഹമാസ് വലിയ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന വിവരം ലഭിച്ചിരുന്നുവെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നെതന്യാഹു ഉള്‍പ്പടെ അറിഞ്ഞിരുന്നുവെന്നും വെളിപ്പെടുത്തിയത്. ഇതോടെ ഇന്‍റലിജന്‍സ് മുന്നറിയിപ്പ് ഇസ്രയേല്‍ നേതൃത്വം അവഗണിച്ച് രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിട്ടതാണോയെന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
ഇസ്രയേലിന്‍റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെത് വഴിയാണ് വിവരം ലഭിച്ചതെന്ന് ഗലാന്‍റ് ആര്‍മി റേഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഇസ്രയേലിനെതിരെ വിനാശകരമായ ആക്രമണത്തിന് ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ തയാറെടുക്കുന്നുവെന്നായിരുന്നു വിവരം. ഇതേ വിവരം പ്രധാനമന്ത്രിയായ ബെന്യാമിന്‍ നെതന്യാഹുവിനും ഉടനടി കൈമാറിയിരുന്നുവെന്നും പക്ഷേ മുന്നറിയിപ്പുകളെ കൈകാര്യം ചെയ്ത രീതി അമ്പേ പരാജയപ്പെട്ടുവെന്നും ഗലാന്‍റ് വിമര്‍ശിക്കുന്നു. നെതന്യാഹുവും വിദേശ സര്‍ക്കാരുകളുമായി നടന്ന പല നിര്‍ണായക ചര്‍ച്ചകളുടെ വിവരങ്ങളും താനോ ഇസ്രയേലിലെ മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരോ അറിഞ്ഞിരുന്നില്ലെന്നും ഗലാന്‍റ് തുറന്നടിച്ചു. ഗലാന്‍റിന്‍റെ വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് ഇസ്രയേലില്‍ തുടക്കമിട്ടിരിക്കുന്നത്.
ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം ഉണ്ടായേക്കാമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് വ്യക്തിപരമായി നെതന്യാഹുവിനെ അറിയിച്ചിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരായ ഷലോമി എല്‍ദാര്‍, റൂത്ത് യുവാല്‍ എന്നിവര്‍ 'ഹോസ്റ്റേജസ്: 843 ഡേയ്സ് ഓഫ് അബാന്‍ഡന്‍മെന്‍റ്' എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യയെ ആകെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിടാന്‍ പ്രാപ്തമായ വലിയ ആക്രമണത്തിന് സിന്‍വാര്‍ തയാറെടുക്കുന്നുവെന്ന് മുന്നറിയിപ്പാണ് നെതന്യാഹുവിന് യുഎഇ തലവന്‍ കൈമാറിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം, ഈ തന്ത്രപ്രധാന വിവരം നെതന്യാഹു ഇസ്രയേലിന്‍റെ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറിയില്ലെന്നും ആക്ഷേപമുണ്ട്.
വന്‍ ആക്രമണത്തിന് ഹമാസ് പദ്ധതിയിടുന്നുവെന്ന് ഈജിപ്ത്, ഇസ്രയേല്‍ നേതൃത്വത്തെ അറിയിച്ചതായും ഈജ്പിതിന്‍റെ രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ബാസ് കമേല്‍ നേരിട്ട് ഇസ്രയേലിലെത്തിയാണ് വിവരം കൈമാറിയതെന്നും 'ദി അറ്റ്ലാന്റിക്' കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
യുദ്ധകാലത്തും യുഎസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളോ, നിര്‍ണായക തീരുമാനങ്ങളോ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നുപോലും നെതന്യാഹു മറച്ചുവച്ചുവെന്നും ഉദ്യോഗസ്ഥരെ സംശയനിഴലില്‍ നിര്‍ത്തിയെന്നും ഗലാന്‍റ് ആരോപിച്ചു. ബന്ദികളുടെ മോചനവും ആയുധങ്ങളുമടക്കമുള്ള വിവരങ്ങള്‍ യുഎസ് ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ട് പറയുമ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞിരുന്നതെന്നും നെതന്യാഹു എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് അറിയാനാണ് അവര്‍ ബന്ധപ്പെട്ടതെന്നും അദ്ദേഹം തുറന്നടിച്ചു. പരസ്പര വിശ്വാസമില്ലായ്മ യുഎസിന്‍റെയും ഇസ്രയേലിന്‍റെയും ഭാഗത്ത് പ്രകടനമായിരുന്നുവെന്നും ഗലാന്‍റ് കൂട്ടിച്ചേര്‍ത്തു. യുദ്ധകാര്യങ്ങളെ ബാധിക്കുംവിധം തങ്ങൾക്കിടയിലെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് 2024 നവംബറില്‍ ഗലാന്‍റിനെ നെതന്യാഹു മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും പകരം ഇസ്രയേല്‍ കറ്റ്സിനെ നിയമിക്കുകയും ചെയ്തിരുന്നു.
2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം ഇസ്രയേലിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. തെക്കന്‍ ഇസ്രയേലിലുണ്ടായ ആക്രമണത്തില്‍ 1200 ഇസ്രയേല്‍ പൗരന്‍മാര്‍ കൊല്ലപ്പെടുകയും 250 പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തുവെന്നാണ് ഇസ്രയേലിന്‍റെ കണക്ക്. ഇതിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചു. പതിനായിരക്കണക്കിന് പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇപ്പോഴും മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്.