Riyadh City, Reuters,Manorama

സൗദി അറേബ്യയിലേക്ക് രാസലഹരിയായ മെത്താംഫെറ്റാമൈന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഇന്ത്യന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി. പഞ്ചാബ് സ്വദേശി ലവ്‌ലി റാണയുടെ ശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ നിന്ന് ട്രക്കില്‍ ചരക്കുമായി വരുന്നതിനിടെ, രഹസ്യ അറയില്‍ ലഹരി ഗുളികകള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതിനാണ് ലൗലി റാണ പിടിയിലായത്. വധശിക്ഷ വിധിച്ച വിചാരണ കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. വധശിക്ഷക്ക് റോയല്‍ കോര്‍ട്ട് അനുമതി നല്‍കിയതോടെ ഇന്നലെയാണ് ശിക്ഷ നടപ്പിലാക്കിയത്. 

സൗദിയിലേക്ക് മയക്കു മരുന്നു കടത്തിയതിന് ജൂലൈ 27ന് എത്യോപ്യന്‍ പൗരന്‍മാരായ അഞ്ച് പേരുടെ വധശിക്ഷ നടപ്പിലാക്കിയിരുന്നു. സ്വദേശി പൗരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സൗദി പൗരന്റെ വധശിക്ഷ ആഗസ്ത് 2ന് റിയാദില്‍ നടപ്പാക്കി. ഇതോടെ ഈ ആഴ്ച നടപ്പിലാക്കിയ വധശിക്ഷയുടെ എണ്ണം ഏഴായി. 

ഈ വര്‍ഷം 115 പേരുടെ വധശിക്ഷയാണ് സൗദിയില്‍ നടപ്പിലാക്കിയത്. ഇതില്‍ 65 പേര്‍ ലഹരിക്കടത്തില്‍ പിടിയിലായവരാണ്. ബാക്കിയുളളവര്‍ മാനഭംഗം, കൊലപാതകം ഉള്‍പ്പെടെയുളള ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. ഇന്ത്യ, പാക്കിസ്ഥാന്‍, യമന്‍, സുഡാന്‍, എത്യോപ്യ, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 40 പേരാണ് ലഹരിക്കടത്ത് കേസുകളില്‍ വധശിക്ഷക്ക് വിധേയരായ വിദേശ പൗരന്‍മാരെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. രാജ്യ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും ഭീഷണിയാകുന്ന മയക്കു മരുന്ന് കടത്ത് ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു വിട്ടുവീഴ്ചയില്ലാത്ത ശിക്ഷ ഉറപ്പുവരുത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ENGLISH SUMMARY:

Saudi Arabia's Ministry of Interior has executed an Indian citizen from Punjab, identified as Lovely Rana, for attempting to smuggle the synthetic drug methamphetamine into the kingdom hidden in a secret compartment of a truck arriving from the UAE. After lower courts, the appeals court, and the Supreme Court upheld the death sentence, royal approval was granted, leading to his execution. This follows a series of recent capital punishments in the country, including the execution of five Ethiopian nationals for drug trafficking on July 27 and a Saudi citizen for murder on August 2, bringing the weekly total to seven. The interior ministry revealed that 115 executions have been carried out in Saudi Arabia this year so far, with 65 of them related to drug smuggling offenses involving foreign nationals from countries including India, Pakistan, Yemen, Sudan, Ethiopia, and Syria.