എഐ ചിത്രം (പ്രതീകാത്മകം)
ഹോര്‍മൂസ് കടലിടുക്കിലെ യുഎസ് ഉപരോധത്തെ മറികടന്ന് ചൈനയുടെ എണ്ണ ടാങ്കര്‍ ഒരപകടവുമില്ലാതെ കടന്നു പോയെന്ന് റിപ്പോര്‍ട്ട്. റിച്ച് സ്റ്റാറി എന്ന കപ്പലാണ് സുഗമമായി കടന്നുപോയത്. യുഎസ് ഉപരോധം നിലവിൽ വന്നതിനുശേഷം തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ കടന്നു പോകുന്ന ആദ്യ കപ്പലാണിത്.
യുഎസ് ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഷാങ്ഹായ് ഷുവാൻറൺ ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് റിച്ച് സ്റ്റാറി. തിങ്കളാഴ്ച വൈകുന്നേരം ചെക്ക്പോയിന്റിന് സമീപം വട്ടമിട്ട ശേഷം, ചൊവ്വാഴ്ച പുലർച്ചെ കപ്പൽ കടലിടുക്ക് കടക്കുകയായിരുന്നു. ഷാർജയിൽ നിന്ന് പുറപ്പെട്ട ടാങ്കർ ഇപ്പോൾ ചൈനയിലേക്കുള്ള യാത്രയിലാണ്.
തങ്ങളുടെ എണ്ണ ടാങ്കറില്‍ തൊട്ടാല്‍, വിവരമറിയുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനുമായി ബന്ധപ്പെട്ട 2 കപ്പലുകള്‍ കൂടി ഉടന്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുമെന്നും സൂചനയുണ്ട്. യുഎസിന്‍റെ 15 ഓളം പടക്കപ്പലുകളാണ് ഹോര്‍മൂസ് കടലിടുക്കിനടുത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ചൈനയുടെ എണ്ണ ടാങ്കറിനെ ആക്രമിക്കാത്ത പശ്ചാത്തലത്തില്‍, തുറന്ന ഏറ്റുമുട്ടലിനുള്ള അവസരം ഒഴിവാക്കാനാണ് അമേരിക്കയുടെ ശ്രമം എന്നുവേണം അനുമാനിക്കാന്‍.
ഹോര്‍മുസില്‍ ട്രംപ് പ്രഖ്യാപിച്ച ഉപരോധം ഇന്നലെ മുതലാണ് നടപ്പിലാക്കിത്തുടങ്ങിയത്. ഇറാനുമായി നടത്തിയ നിർണായ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഹോർമുസ് കടലിടുക്കിലൂടെ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കടൽ മാർഗ്ഗങ്ങൾ അമേരിക്കൻ നാവികസേന ഉപരോധിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചത്.
ഇറാന്റെ കപ്പലുകള്‍ അടുത്തെത്തിയാല്‍ തകര്‍ക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാന്‍ കപ്പലുകളെയും ഇറാന് ടോള്‍ നല്‍കുന്ന കപ്പലുകളും തടയുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോര്‍മുസ് ഉപരോധിച്ചാല്‍ ഗള്‍ഫ് തുറമുഖങ്ങളില്‍ തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വില നൂറ് ഡോളര്‍ കടന്നിരിക്കുകയാണ്.
ടെഹ്റാനും വാഷിങ്ടണും തമ്മിലുള്ള പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഹോര്‍മുസിലെ ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ഹോര്‍മൂസ് കടലിടുക്കിലെ യുഎസ് ഉപരോധത്തിലൂടെ ഇറാന് പ്രതിദിനം 435 ദശലക്ഷം ഡോളർ (ഏകദേശം 4,081 കോടി രൂപ) വരെ നഷ്ടമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.