ഹോര്‍മുസിന് സമീപത്തൂടെ സഞ്ചരിക്കുന്ന കപ്പല്‍. ഫയല്‍ ചിത്രം.

ഹോര്‍മുസിന് സമീപത്തൂടെ സഞ്ചരിക്കുന്ന കപ്പല്‍. ഫയല്‍ ചിത്രം.

ലോകത്തെ മുൾമുനയിൽ നിർത്തി ഹോർമുസ് കടലിടുക്കിൽ യുദ്ധസമാനമായ സാഹചര്യം. ഇറാനിലെ എല്ലാ തുറമുഖങ്ങളും ഉപരോധിക്കുമെന്ന് അമേരിക്കൻ സൈന്യം പ്രഖ്യാപിച്ചതോടെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി. നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തുറക്കാനും സമാധാന കരാർ അംഗീകരിക്കാനും ടെഹ്‌റാനെ നിർബന്ധിക്കുന്നതിനാണ് യുഎസ് നാവികസേന ഉപരോധം ആരംഭിച്ചിരിക്കുന്നത്.

ഇറാൻ തീരപ്രദേശം മുഴുവൻ നാവിക നിയന്ത്രണത്തിലാക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇറാനിയൻ തുറമുഖങ്ങളിലേക്കോ പുറത്തേക്കോ ഉള്ള യാതൊരുവിധ ചരക്കുനീക്കവും അനുവദിക്കില്ലെന്നാണ് അമേരിക്കൻ നിലപാട്. "ഇറാന്റെ നാവികസേന തകർന്നു കഴിഞ്ഞു. ഇനിയുള്ള കപ്പലുകൾ ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ അവ ഉടൻ ഇല്ലാതാക്കും" എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് പടക്കപ്പലുകൾ കടലിടുക്കിലേക്ക് നീങ്ങിത്തുടങ്ങിയതായി അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയുടെ നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. ഇറാൻ തുറമുഖങ്ങൾ ആക്രമിക്കപ്പെട്ടാൽ പേർഷ്യൻ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു. "നിങ്ങൾ പോരാടാനാണ് തീരുമാനമെങ്കിൽ ഞങ്ങൾ പോരാടും. കൈവശമുള്ള എല്ലാ കാർഡുകളും ഇതുവരെ പുറത്തെടുത്തിട്ടില്ല," എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു.

ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലാക്കി.  രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 7% വർധിച്ച് ബാരലിന് 102 ഡോളറായി ഉയർന്നു. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്. ഉപരോധം ശക്തമാകുന്നതോടെ ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും കുതിച്ചുയരുമെന്ന് വിദഗ്ധർ ഭയപ്പെടുന്നു. 

സംഘർഷം ലഘൂകരിക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചേർന്ന് ഈ ആഴ്ച അടിയന്തര ഉച്ചകോടി വിളിച്ചുചേർക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വെടിനിർത്തൽ കരാറിലെത്താൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ ഫലം കാണാത്തതാണ് സാഹചര്യം വഷളാക്കിയത്. ഇറാന്റെ ആണവപദ്ധതികൾ അവസാനിപ്പിക്കണമെന്ന നിബന്ധന ടെഹ്‌റാൻ തള്ളിയതോടെയാണ് മേഖലയിൽ വീണ്ടും യുദ്ധമുനമ്പുകൾ തുറന്നത്.

ENGLISH SUMMARY:

Hormuz Strait crisis is escalating with the United States announcing a blockade of Iranian ports, leading to a severe conflict in the region. The US Navy's blockade aims to force Tehran to open the vital waterway and accept a peace treaty.