ഹോര്‍മുസിന് സമീപത്തൂടെ സഞ്ചരിക്കുന്ന കപ്പല്‍. ഫയല്‍ ചിത്രം.
പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ടോള്‍ ഈടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടക്കണമെങ്കില്‍ ഇറാന്‍ നിശ്ചയിക്കുന്ന പണം നല്‍കണമെന്ന ആവശ്യം ഇസ്ലമാബാദില് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ മുന്നോട്ട് വച്ചേക്കും. അമേരിക്ക ഇത് അംഗീകരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കപ്പലിന്‍റെ ഇനമനുസരിച്ച് ടോള്‍ നിരക്കുകളില്‍ മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്. ടോള്‍ നിശ്ചയിക്കുന്നതിനായി ഒമാനുമായി ചേര്‍ന്ന് പ്രോട്ടോക്കോള്‍ തയാറാക്കുകയാണെന്ന് ഇറാന്‍റെ വിദേശകാര്യ ഡപ്യൂട്ടി മന്ത്രി കാസിം ഘരിബാബ്ദി കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഹോര്‍മുസിലൂടെയുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിനായി ഇറാനുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് ഒമാനും സ്ഥിരീകരിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ഏതെങ്കിലും കരാറില്‍ എത്തിയതായി വെളിപ്പെടുത്തിയിട്ടില്ല.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഐആര്‍ജിസി ഹോര്‍മുസിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും കടലിടുക്ക് അടയ്ക്കുകയുമായിരുന്നു. വളരെ ചുരുക്കം കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസിലൂടെ ഇക്കാലയളവില്‍ കടന്നുപോയത്. ഹോര്‍മുസ് കടക്കാന്‍ ചില കപ്പലുകള്‍ക്ക് 2 മില്യണ്‍ ഡോളര്‍ വരെ നല്‍കേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഹോര്‍മുസിലൂടെ പോകാന്‍ പണം ഈടാക്കിയെന്ന വാര്‍ത്ത ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം 'ഹോര്‍മുസ് ഒന്നിച്ച് ഭരിക്കാന്‍ ആലോചിക്കുന്നു' എന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവന. ഹോര്‍മുസില്‍ നിന്ന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. ഹോര്‍മുസ് സംരക്ഷിക്കുന്നതിനായി ഇറാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുഎസ് ആലോചിക്കുന്നുവെന്ന് എബിസി ന്യൂസിനോടാണ് ട്രംപ് വെളിപ്പെടുത്തിയത്. ഹോര്‍മുസില്‍ ടോള്‍ പിരിക്കാനുള്ള ഇറാന്‍റെ നീക്കം അനുവദിക്കുമോ എന്ന ചോദ്യത്തിനാണ് ട്രംപ് ഇങ്ങനെ മറുപടി നല്‍കിയത്. 'ഹോര്‍മുസില്‍ ടോള്‍ എന്നത് മനോഹരമായ ആശയ'മാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ഹോര്‍മുസിലൂടെ സുഗമമായി ഗതാഗതം നടക്കുകയെന്നത് ലോകത്തിന്‍റെ ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, കടലിടുക്ക് കടക്കാന്‍ ടോള്‍ നല്‍കേണ്ട സ്ഥിതി നിലവില്‍ ലോകത്തെങ്ങുമില്ലെന്ന് ഷിപ്പിങ് വിദഗ്ധര്‍ പറയുന്നു. ടോള്‍ നിലവില്‍ വന്നാല്‍ യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളെയാകും ഏറ്റവുമധികം ബാധിക്കുക. 'കടലിടുക്ക് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നാ'യിരുന്നു യുഎഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. യുദ്ധം അവസാനിക്കുമ്പോള്‍ സ്വതന്ത്രമായി ഹോര്‍മുസിലൂടെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയണമെന്നും യുഎഇ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങള്‍ക്കും കടലിടുക്കിന് മേല്‍ അവകാശമുണ്ടെന്നും സ്വതന്ത്ര ഗതാഗതം തുടരണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയവും ആവശ്യപ്പെട്ടു.
യുഎസും ഇസ്രയേലും ഇറാനിലുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് പ്രതിവിധിയെന്ന നിലയില്‍ ഇറാന്‍ ഹോര്‍മുസില്‍ ടോള്‍ ഈടാക്കിയാല്‍ അത് തടയുക മറ്റ് രാജ്യങ്ങളെ സംബന്ധിച്ച് അത്ര പ്രായോഗികമാവുകയില്ല. ഇറാന് മേല്‍ സമ്മര്‍ദം ചെലുത്തിയാലോ സൈനിക നടപടിക്ക് മുതിര്‍ന്നാലോ ഇന്ധനക്ഷാമം ലോകത്ത് രൂക്ഷമാകുക മാത്രമേയുള്ളൂ. ഇറാനുമായി മികച്ച ബന്ധം തുടരുന്ന ചൈനയ്ക്കാവട്ടെ മറ്റേത് രാജ്യത്തെക്കാളും നിലവില്‍ ഇന്ധനം ലഭിക്കുന്നുമുണ്ട്. ഹോര്‍മുസില്‍ മേല്‍ക്കൈയുമുണ്ട്. രാജ്യാന്തര സമുദ്ര നിയമം അനുസരിച്ച് കടലിടുക്ക് കടന്ന് പോകുന്നതിന് ഒരു രാജ്യങ്ങള്‍ക്കും പണം ഈടാക്കാന്‍ അനുവാദമില്ല. എന്നാല്‍ തുറമുഖം ഉപയോഗിക്കുന്നതിനും ടഗ്ഗിങിനുമെല്ലാം കടലിടുക്കില്‍ അതിര്‍ത്തിയുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നുവെങ്കില്‍ നിശ്ചിത തുക ഈടാക്കുന്നതില്‍ തെറ്റില്ലെന്നും നിയമം വ്യക്തമാക്കുന്നു.
മനുഷ്യനിര്‍മിതമായ കനാലുകളില്‍ നിലവില്‍ ടോള്‍ പ്രാബല്യത്തിലുണ്ട്. സൂയസ്, പനാമ കനാലുകള്‍ ഉപയോഗിക്കുന്നതിന് ഈജിപ്തും പനാമയും പണം ഈടാക്കുന്നുണ്ട്. ബ്ലാക്ക് സീക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയിലുള്ള ടര്‍ക്കിഷ് കടലിടുക്കിലാവട്ടെ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ മാത്രമേ തുര്‍ക്കിക്ക് അധികാരമുള്ളൂ. സിംഗപ്പുര്‍ കടലിടുക്കിലൂടെ കപ്പലുകള്‍ പോകുന്നതിന് സിംഗപ്പുരും പണം ഈടാക്കുന്നില്ല.
അതേസമയം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും ലെബനന് എതിരെ ഇസ്രയേല്‍ ആക്രമണം തുടരുന്നതില്‍ പ്രതിഷേധിച്ച് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചിട്ടുണ്ട്. ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ മാത്രമല്ല, ലെബനന് എതിരെയുള്ള ആക്രമണങ്ങളും നിര്‍ത്തണമെന്നായിരുന്നു ഇറാന്‍ മുന്നോട്ട് വച്ച പത്തിന നിര്‍ദേശത്തിലുണ്ടായിരുന്നത്. ഇതടക്കം അമേരിക്കയും ഇസ്രയേലും അംഗീകരിച്ചതാണ്. എന്നാല്‍ പിന്നീട് ലെബനനെ ആക്രമണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന നിലപാട് പെന്‍റഗണും ഇസ്രയേലും സ്വീകരിക്കുകയായിരുന്നു. ഇതോടെ തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുല്ലയും വ്യക്തമാക്കിയിട്ടുണ്ട്.