Dubai city walk, File, Manorama
യുഎഇ പ്രതിരോധമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇറാന്‍ യുഎഇക്കെതിരെ 457 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂയിസ് മിസൈലുകളും 2038 ഡ്രോണുകളും വിക്ഷേപിച്ചു, എല്ലാം തടഞ്ഞിട്ടു. എന്നിട്ടും തികഞ്ഞ ക്ഷമയോടെയാണ് യുഎഇ യുദ്ധമുഖത്ത് നില്‍ക്കുന്നത്. പ്രത്യാക്രമണത്തിനോ തിരിച്ചടികള്‍ക്കോ യുഎഇ മുതിരാത്തതെന്താണെന്ന ചോദ്യമാണ് ഉയരുന്നത്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം ഒരു മാസം പിന്നിട്ടു കഴിഞ്ഞു. അമേരിക്കയേയും ഇസ്രയേലിനേയും തളര്‍ത്താനുള്ള ഇറാന്‍ സൈനികനീക്കത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമാണ് യുഎഇ എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ദുബായ് എയർപോർട്ട്, ബുർജ് അൽ-അറബ് ഹോട്ടൽ, പാം ജുമൈറ, ജബൽ അലി പോർട്ട് എന്നിവിടങ്ങളിൽ ആദ്യദിനം തന്നെ മിസൈലുകൾ പതിച്ചിരുന്നു.
ഇറാന്റെ നിരന്തര ആക്രമണങ്ങളില്‍ അസ്വസ്ഥരായ യുഎഇ അമേരിക്കയോട് ദൗത്യം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേരിട്ടുള്ള സൈനികനീക്കത്തെ യുഎഇ തള്ളിക്കളയുകയായിരുന്നു. ഇറാന്റെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിയായ യുഎഇയുമായുള്ള ബന്ധം അതിസങ്കീര്‍ണമായ അവസ്ഥയാണിപ്പോള്‍ നിലവിലുള്ളത്. പ്രതിവർഷം ഏകദേശം 25-27 ബില്യൺ ഡോളറിന്റെ വ്യാപാരം ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല അഞ്ചു ലക്ഷത്തോളം ഇറാനികള്‍ യുഎഇയില്‍ താമസിക്കുന്നുമുണ്ട്.
എഴുപതുകളില്‍ യുഎഇ രൂപംകൊണ്ട കാലം മുതല്‍ തന്നെ അതിര്‍ത്തി തര്‍ക്കങ്ങളും, ഇസ്ലാമിക വിപ്ലവം മുതൽ പ്രത്യയശാസ്ത്രപരമായ ഭിന്നതകളും ഇരുരാജ്യങ്ങൾക്കുമിടയിലുണ്ട്. അബു മൂസ, ഗ്രേറ്റർ ടുൺബ്, ലെസ്സർ ടുൺബ് എന്നീ മൂന്ന് ദ്വീപുകളെ ചൊല്ലിയുള്ള തര്‍ക്കവും തുടരുകയാണ്. ഹോര്‍മുസിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഈ ദ്വീപുകളുടെ സ്ഥാനം. കപ്പല്‍ ഗതാഗതം നിരീക്ഷിക്കാന്‍ ഉള്‍പ്പെടെ ഈ ഭാഗം ഇറാന് അത്യന്താപേക്ഷിതമാണ്.
ഇറാന്റെ വിപ്ലവപ്രത്യയശാസ്ത്രത്തെ ഒരു തരത്തില്‍ പ്രതിരോധിക്കാനുള്ള നീക്കമായിരുന്നു ജിസിസി കൗണ്‍സില്‍ രൂപീകരണം. അമേരിക്കയുമായി ചേര്‍ന്ന് നിരവധി പ്രതിരോധ കരാറുകളിലും ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെട്ടു. ഇന്ന് എല്ലാ ജിസിസി രാജ്യങ്ങളിലും യുഎസ് സൈനിക താവളങ്ങളുണ്ട്. യുഎഇയിലെ അൽ ദാഫ്ര എയർ ബേസ്, ദുബായിലെ ജബൽ അലി തുറമുഖം എന്നീ കേന്ദ്രങ്ങള്‍ ഇവയില്‍ പ്രധാനമാണ്. രാഷ്ട്രീയമായ കനത്ത വിയോജിപ്പുകള്‍ക്കിടെയിലും യുഎഇയും ഇറാനും തമ്മില്‍ ശക്തമായ വ്യാപാര ബന്ധങ്ങളുണ്ട്. പല വിധത്തിലുളള ഉപരോധങ്ങൾ നേരിടുന്ന ഇറാന് ആഗോള വിപണിയിലേക്കുള്ള പ്രധാന കവാടം കൂടിയാണ് ദുബായ് തുറമുഖം എന്ന കാര്യവും പ്രസക്തമാണ്. ഇക്കാരണങ്ങള്‍ കൊണ്ടാവാം ഇറാനെ ആക്രമിക്കാന്‍ യുഎഇ തയാറാവാത്തതെന്നാണ് വിലയിരുത്തല്‍.