Abdul Majid Hakeem Ilahi

Abdul Majid Hakeem Ilahi

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഇറാന്‍. പാക്കിസ്ഥാനുമായി ഇറാന്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അക്കാര്യം പാക്കിസ്ഥാനിലെ അംബാസിഡര്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ഇന്ത്യയിലെ പ്രതിനിധി അബ്ദുല്‍ മജീദ് ഹക്കിം ഇലാഹി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇലാഹിയുടെ വെളിപ്പെടുത്തല്‍. ഇറാന്‍ ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്നും ഇറാന്‍റെ പക്കല്‍ ആണവായുധം ഇല്ലെന്നും അത് ഇറാന്‍റെ ലക്ഷ്യമേയല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 'പരമോന്നത നേതാവ് ആണവായുധത്തിനെതിരെ ഫത്​വ പുറപ്പെടുവിച്ചിട്ടുണ്ട്. ആണവായുധം നിരോധിതമാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അത് വിലക്കപ്പെട്ടതാണ്. അതുകൊണ്ട് ഇറാന്‍റെ പക്കല്‍ അതില്ല. ഞങ്ങള്‍ ഒരുകാലത്തും അതുണ്ടാക്കാനും പോകുന്നില്ല'- ഇലാഹി ഇറാന്‍റെ നിലപാട് ആവര്‍ത്തിച്ചു. 

യുദ്ധം തുടങ്ങിയ രാജ്യങ്ങളാണ് യുദ്ധം അവസാനിപ്പിക്കേണ്ടത്. ഇറാന് അതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. രാജ്യത്തിനും പരമാധികാരത്തിനും ജനങ്ങള്‍ക്കും മേലുണ്ടായ കടന്നുകയറ്റത്തെയും ആക്രമണത്തെയും ചെറുക്കുക ഇറാന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകളെ ഇലാഹി തള്ളി. 'പാക്കിസ്ഥാനിലെ ഞങ്ങളുടെ പ്രതിനിധി ഇത് നേരത്തെ നിഷേധിച്ചതാണ്. പാക്കിസ്ഥാനുമായി ഒരുതരത്തിലുള്ള ചര്‍ച്ചകളും ഞങ്ങള്‍ നടത്തിയിട്ടില്ല. ഇന്ത്യയ്ക്ക് ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും'- ഇലാഹി വിശദീകരിച്ചു. യുദ്ധം ആരംഭിച്ചവര്‍ അത് അവസാനിപ്പിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും പകരം കൂടുതല്‍ ആയുധങ്ങള്‍ വിറ്റഴിക്കാനുള്ള അവസരമായാണ് അവര്‍ ഇതിനെ കാണുന്നതെന്നും എണ്ണ വില വര്‍ധിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഇലാഹി കുറ്റപ്പെടുത്തി. പാവപ്പെട്ട മനുഷ്യരെ കുറിച്ചോ മറ്റ് രാജ്യങ്ങളെ കുറിച്ചോ അവര്‍ക്ക് ചിന്തയില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഇറാന്‍റെ പരമോന്നത നേതാവാകാന്‍ ട്രംപിനെ ക്ഷണിച്ചുവെന്ന ട്രംപിന്റെ അവകാശവാദം ഇലാഹി പരിഹസിച്ച് തള്ളി. ഡല്‍ഹിയിലെ കുട്ടികളിലൊരാള്‍ പറഞ്ഞാണ് താന്‍ അക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തെ തുടര്‍ന്ന് ഉടലെടുത്ത ഇന്ധന പ്രതിസന്ധി ഇന്ത്യ, ഫിലിപ്പൈന്‍സ്, മലേഷ്യ, തായ്​ലന്‍ഡ് എന്ന് തുടങ്ങി നിരവധി രാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ യുദ്ധം ആരംഭിച്ചവരോട് അത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്. ഇറാനല്ല ഈ പ്രതിസന്ധിക്ക് ഉത്തരവാദിയെന്നും ഇലാഹി പറഞ്ഞു.

ട്രംപിന്‍റെ യുദ്ധക്കൊതി രണ്ട് വയസില്‍ താഴെയുള്ള 270 കുഞ്ഞുങ്ങളുടെയും 175 പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനികളുടെയും ജീവനെടുത്തുവെന്നും മുതിര്‍ന്നവര്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതില്‍ തനിക്ക് നിശ്ചയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെഹ്റാനിലെ ഗാന്ധി ചില്‍ഡ്രല്‍ ആശുപത്രിയും സ്കൂളുകളും ചരിത്ര സ്മാരകങ്ങളും മോസ്കുകളും അമേരിക്കയും ഇസ്രയേലും ആക്രമിച്ചുവെന്നും ഇലാഹി വെളിപ്പെടുത്തി.

ENGLISH SUMMARY:

Mujtaba Khamenei's representative Abdul Majid Hakim Ilahi stated that India holds the power to mediate and end the ongoing US-Israel-Iran conflict. He explicitly denied any negotiations with Pakistan and clarified that Iran has no intention of developing nuclear weapons, following a fatwa by its supreme leader. Ilahi criticized the US and Israel for targeting hospitals and schools, while highlighting the global fuel crisis caused by the war.