Image: AFP, Al Udeid in Qatar
ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ 13യുഎസ് സൈനിക താവളങ്ങള്‍ ഉപയോഗയോഗ്യമല്ലാതായി മാറിയെന്ന് റിപ്പോര്‍ട്ട്. ഡ്രോണ്‍ മിസൈല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്ന ഈ കേന്ദ്രങ്ങള്‍ നിലവില്‍ താമസത്തിനോ പ്രവര്‍ത്തനത്തിനോ പറ്റിയ തോതിലല്ലെന്ന് ദ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ ഇവിടെ താമസിച്ച അമേരിക്കന്‍ സൈനികരും ഉദ്യോഗസ്ഥരും ഹോട്ടലുകളിലേക്കും മറ്റ് താമസയിടങ്ങളിലേക്കും മാറിപ്പോയതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പശ്ചിമേഷ്യയില്‍ ആയിരക്കണക്കിന് വരുന്ന യുഎസ് സൈനിക ട്രൂപ്പുകള്‍ ഇപ്പോള്‍ ചിതറിയ അവസ്ഥയിലാണ്. ചില ട്രൂപ്പുകള്‍ പൂര്‍ണമായും യൂറോപ്പിലേക്ക് നീങ്ങിയെങ്കിലും വലിയൊരു ഭാഗം ഇപ്പോഴും യുദ്ധ മേഖലയില്‍ തന്നെ തുടരുകയാണ്. നേരിട്ടുള്ള സൈനിക നീക്കങ്ങളെക്കാൾ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നീക്കങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നല്‍കുന്നതെന്നും യുഎസ് അവകാശപ്പെടുന്നു. കരസേനയുടെ വലിയൊരു ഭാഗം ഇപ്പോൾ ദൂരെ സ്ഥലങ്ങളിലിരുന്നാണ് യുദ്ധം നയിക്കുന്നത്.
കുവൈത്തിലെ ശുഐബ തുറമുഖം, അലി അല്‍ സാലെം എയര്‍ബേസ്, ബ്യൂറിങ് ക്യാംപ് എന്നിവിടങ്ങളിലാണ് മാരക പ്രഹരമേറ്റത്. ഖത്തറിലെ അല്‍ ഉദൈദ്, ബഹ്റൈനിലെ യുഎസ് ഫിഫ്ത് ഫ്ലീറ്റ് ഹെഡ് ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളെയും ഇറാന്റെ ആക്രമണം വലിയ തോതില്‍ ബാധിച്ചു. ഇവിടെ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ മൊത്തം ഹോട്ടല്‍ ടെറസുകള്‍ കേന്ദ്രീകരിച്ച് നടത്താനാവില്ലെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നു.
സൈനിക ഓപ്പറേഷൻ സെന്ററുകൾ വേഗത്തില്‍ സജ്ജീകരിക്കാൻ കഴിയുമെങ്കിലും പ്രവർത്തനശേഷിയിൽ കുറവുണ്ടാകുമെന്നും ആ ഉപകരണങ്ങളെല്ലാം ഒരു ഹോട്ടലിന്റെ മുകളിൽ വെറുതെ സജ്ജീകരിക്കാൻ കഴിയില്ലെന്നും റിട്ടയേർഡ് എയർഫോഴ്സ് ടാർഗെറ്റിങ് സ്പെഷ്യലിസ്റ്റായ മാസ്റ്റർ സർജന്റ് വെസ് ജെ. ബ്രയന്റ് പറഞ്ഞു.
അതേസമയം ഇറാന്റെ പ്രത്യാക്രമണ ശേഷിയെ കുറച്ചുകണ്ടതിന്റെ ഫലമാണ് അമേരിക്കയും ഇസ്രയേലും അനുഭവിക്കുന്നതെന്നും വേണ്ടത്ര തയാറെടുപ്പുകൾ ഇല്ലാതെയാണ് യുദ്ധത്തിന്റെ വീര്യം കൂട്ടിയതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ക്കു നേരെ യുഎസ് ഇതുവരെ 7,000ത്തിലധികം ആക്രമണങ്ങള്‍ നടത്തിയതായും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.