യുഎഇയിൽ തുടർച്ചയായ മൂന്നാം ദിവസവും കനത്ത കാറ്റും മഴയും  ജനജീവിതം സ്തംഭിപ്പിച്ചു. വടക്കൻ എമിറേറ്റുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുകയാണ്. ശക്തമായ കാറ്റിലും വെള്ളക്കെട്ടിലും വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകുകയും കെട്ടിടങ്ങളുടെ ചില്ലുകൾ തകരുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ പലയിടങ്ങളിലും ഗതാഗതം ദുസ്സഹമായി മാറി. അബുദാബി ദാസ് ഐലൻഡിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. ദൂരക്കാഴ്ച കുറഞ്ഞതിനെത്തുടർന്ന് അബുദാബി-ദുബായ് ഹൈവേയിൽ വാഹനങ്ങളുടെ വേഗപരിധി 80 കിലോമീറ്ററായി കുറച്ചു. 

 

ഇടിമിന്നലിനെത്തുടർന്ന് ചിലയിടങ്ങളിൽ വൈദ്യുതി തടസ്സവും നേരിടുന്നുണ്ട്. താഴ്‌വാരങ്ങളിലേക്കും ഡാം പരിസരങ്ങളിലേക്കും പോകുന്നത് പൊലീസ് കർശനമായി വിലക്കി.  വിമാനയാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് സമയവിവരം ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങിയ ഇടങ്ങളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

 

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സിവിൽ ഡിഫൻസ് വിഭാഗം പൂർണ്ണ സജ്ജമാണ്. റോഡുകളിലെ വെള്ളക്കെട്ട് നീക്കം ചെയ്യാനുള്ള നടപടികൾ നഗരസഭകൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ENGLISH SUMMARY:

The UAE is witnessing heavy rain and strong winds for the third consecutive day, causing widespread disruption and damage. Authorities have issued a red alert in northern emirates, urging residents to remain cautious amid worsening weather conditions. Flooding in low-lying areas has severely affected transportation, while strong winds have uprooted trees and damaged buildings. Das Island in Abu Dhabi recorded the highest rainfall, with visibility issues prompting reduced speed limits on major highways. Power outages have been reported in some areas due to lightning, and travel restrictions have been imposed near valleys and dams. Officials have warned that the rain is likely to continue, advising residents and travelers to stay updated and take precautions.