ഗൾഫ് രാജ്യങ്ങളിലെ എണ്ണ, വാതക ഉൽപാദനം സാധാരണ നിലയിലാകാൻ കുറഞ്ഞത് ആറുമാസമെങ്കിലും എടുക്കുമെന്ന് രാജ്യാന്തര ഊർജ്ജ ഏജൻസി തലവൻ ഫാത്തിഹ് ബിറോൾ മുന്നറിയിപ്പ് നൽകി. ലോകം ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ആഗോള ഉൽപാദനത്തിന്റെ അഞ്ചിലൊന്ന് ഭാഗം പൂർണ്ണമായും തകർന്നു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. പെരുന്നാൾ ദിനത്തിലും തുടരുന്ന ഇറാൻ ആക്രമണങ്ങളിൽ കുവൈത്തിലെ മിനാ അൽ അഹമ്മദി തുറമുഖ റിഫൈനറിക്ക് തീപിടിച്ചതോടെ മേഖലയിലെ ആശങ്ക വർധിച്ചിരിക്കുകയാണ്.
റിഫൈനറിയുടെ ഒന്നിലധികം യൂണിറ്റുകളിൽ അഗ്നിബാധയുണ്ടായതിനെത്തുടർന്ന് കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു. യുഎഇ ലക്ഷ്യമാക്കി എത്തിയ നാല് ബാലിസ്റ്റിക് മിസൈലുകളെയും ഇരുപത്തിയാറ് ഡ്രോണുകളെയും പ്രതിരോധിച്ചെങ്കിലും വിവിധ സംഭവങ്ങളിലായി പരിക്കേറ്റവരുടെ എണ്ണം 158 ആയി ഉയർന്നു. ബഹ്റൈനിലും ഖത്തറിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് സംഭരണശാലകൾക്ക് തീപിടിച്ചതായും ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ച് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. സംഘർഷം രൂക്ഷമായതോടെ എഴുപതിനായിരത്തോളം അമേരിക്കൻ പൗരന്മാർ ഇതിനോടകം മിഡിൽ ഈസ്റ്റിൽ നിന്നും മടങ്ങിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഖത്തറിലെ വാതക പാടങ്ങൾ തകർന്നത് ദക്ഷിണ കൊറിയയിലെ സാംസങ് ഉൾപ്പെടെയുള്ള വൻകിട വ്യവസായ ശൃംഖലകളെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തേക്ക് കരാർ പ്രകാരമുള്ള പ്രകൃതിവാതകം നൽകാൻ കഴിയില്ലെന്ന് ഖത്തർ വ്യക്തമാക്കിയതോടെ ഇറ്റലിയും ചൈനയും ബദൽ മാർഗ്ഗങ്ങൾ തേടുകയാണ്. ഊർജ്ജ മേഖലയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ യഥാർത്ഥ കണക്കുകൾ വരും ദിവസങ്ങളിൽ മാത്രമേ വിപണിയിൽ പ്രതിഫലിക്കൂ എന്നാണ് വിലയിരുത്തൽ. അതേസമയം ,സംഘർഷം ആഗോള സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക യോഗം ഉടൻ ചേരും.