Image: X, @cradleturkiye
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ് വക്താവ് അലി മുഹമ്മദ് നായിനി യുഎസ് ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരാഴ്ചക്കിടെ ഇറാന് നഷ്ടപ്പെടുന്ന നാലാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് നായിനി. നായിനിയുെട മരണം ഇറാന്‍ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. മരിക്കുന്നതിനു തൊട്ടുമുന്‍പ് യുഎസ് നാവിക സേനയുടെ ഗള്‍ഫിലെ അവകാശങ്ങളെ നായിനി കടുത്ത ഭാഷയില്‍ ചോദ്യം ചെയ്തിരുന്നു.
നായിനി പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ ബലിയര്‍പ്പിക്കപ്പെട്ടുവെന്ന് ഐആര്‍ജിസി ഔദ്യോഗിക പ്രസ്താവനയിറക്കി. അലി ലാരിജാനി, ഘോലംരേസ സുലൈമാൻ, ഇസ്മായിൽ ഖാത്തിബ് എന്നിവരാണ് ഈ ആഴ്ച ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ. യുദ്ധം 21ാം ദിനത്തിലേക്ക് കടന്നിരിക്കേയാണ് ഐആര്‍ജിസിയുടെ പ്രധാനിയായ വക്താവിനെക്കൂടി ഇറാന് നഷ്ടപ്പെടുന്നത്.
‘ഇറാന്‍ നാവികസേന നശിപ്പിക്കപ്പെട്ടുവെന്നല്ലേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്? അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കില്‍ അമേരിക്കയുടെ നാവികസേനയെ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് അയയ്ക്കാന്‍ പറയൂവെന്ന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് നായിനി കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. ഞങ്ങളുടെ മിസൈല്‍ വ്യവസായത്തില്‍ യുദ്ധദിനങ്ങളില്‍പ്പോലും കുറവ് വന്നിട്ടില്ല, ഇപ്പോഴും ഞങ്ങള്‍ മിസൈല്‍ നിര്‍മാണം തുടരുന്നു’– ഇതായിരുന്നു നായിനിയുടെ വാക്കുകള്‍.
അലി ഖമനയിക്ക് പിന്നാലെ ഇറാന്റെ ഇന്റലിജന്‍സ് മേധാവിയും പാരാമിലിട്ടറി ഫോഴ്സ് മേധാവിയും ഇന്റലിജന്‍സ് മന്ത്രിയും കൊല്ലപ്പെട്ടത് വലിയ നേട്ടമായാണ് ഇസ്രയേലും യുഎസും കാണുന്നത്. അതേസമയം യുഎസിന്റെ എഫ്–35യുദ്ധവിമാനം പടിഞ്ഞാറന്‍ ഏഷ്യയിലെ യുഎസ് ബേസില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, ഇസ്‍മായിൽ ഖാത്തിബിന്റെ മരണത്തിൽ ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖമനയി അനുശോചിച്ചു. ശത്രുക്കൾ അനുഭവിക്കുന്ന സുരക്ഷിതത്വം ഇല്ലാതാക്കണമെന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് അയച്ച സന്ദേശത്തിൽ മുജ്‌തബ ഖമനയി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയുടെ പല ഭാഗങ്ങളിലും ബഹ്റൈനിലും ഇസ്രയേലിലും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി.
ഇറാന്റെ ഡ്രോണുകൾ മിന അൽ–അഹ്മദി എണ്ണ റിഫൈനറിയെ വീണ്ടും ആക്രമിച്ചെന്ന് കുവൈത്ത് അറിയിച്ചു. നിരവധി യൂണിറ്റുകളിൽ തീപിടിത്തമുണ്ടായിട്ടുണ്ട്. കടലിലുള്ള ഇറാൻ കപ്പലുകളിലെ എണ്ണയുടെ മേലുള്ള ഉപരോധം ഉടൻ നീക്കം ചെയ്തേക്കുമെന്ന് യുഎസ്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതിനെത്തുടർന്നു എണ്ണ വില വർധിക്കുന്നതു തടയാനാണ് യുഎസ് ശ്രമം.
ഉപരോധം നീക്കുന്നതോടെ ഇറാന്റെ എണ്ണ ആഗോള വിപണയിൽ എത്തുമെന്നും ഇതോടെ അടുത്ത 14 ദിവസത്തേക്ക് എണ്ണവില വർധിക്കാതെ പിടിച്ചുനിർത്താൻ സഹായിക്കുമെന്നും യുഎസ് വ്യക്തമാക്കുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ടാങ്കറുകൾ ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലാണ്.